Connect with us

cover story

കത്തിയെരിയുന്നു അകവും പുറവും

തെരുവുകളിലേത് പോലെ തന്നെ ഭീകരമാണ് ഡൽഹിയിലെ ഓരോ ഗല്ലികളിലെയും കാഴ്ചകൾ. മാലിന്യ കൂമ്പാരത്തിൽ കളിച്ചു വളരാൻ വിധിക്കപ്പെട്ട അനേകായിരം പിഞ്ചു ബാല്യങ്ങളുണ്ട് അവിടുത്തെ ഓരോ ഗല്ലികളിലും. നഗരത്തിരക്കുകളിൽ നിന്ന് മാറി ഗല്ലികളിലേക്കെത്തുമ്പോൾ ഇങ്ങനെയും ജീവിതങ്ങളുണ്ടോയെന്ന് ആശ്ചര്യപ്പെട്ട് പോകും. ചിത്രങ്ങളിലും വീഡിയോകളിലും ഇടക്കിടെ കണ്ട ദയനീയ മുഖങ്ങൾ നേരിൽ കാണാനാകും. പട്ടിണിയും അനാരോഗ്യവും കാരണം വാടിത്തളർന്ന ഉത്തരേന്ത്യൻ മനുഷ്യർ.

Published

|

Last Updated

ഷ്ണതരംഗം കൊടുമ്പിരി കൊള്ളുന്ന സമയത്താണ് ഡൽഹിയിലെത്തിയത്. ചുട്ടുപഴുത്ത ഉത്തരേന്ത്യൻ തെരുവുകളിൽ ഉപജീവനത്തിനായി പാടുപെടുന്നവരെ കാണാം. അമ്പത് ഡിഗ്രിയോടടുത്ത ചൂടിലും റിക്ഷ ചവിട്ടിയും മറ്റും ജീവിക്കാൻ കഷ്ടപ്പെടുന്നവർ. അമ്പത് ഡിഗ്രിയോടടുക്കുന്ന ചൂടിലും മൈനസ് ഡിഗ്രി തണുപ്പിലും തെരുവുകളിൽ കിടന്ന് എല്ലാം സഹിക്കാൻ വിധിക്കപ്പെട്ട ഒരുപാട് ഉത്തരേന്ത്യൻ ജീവിതങ്ങളുണ്ട്.

തെരുവുകളിലേത് പോലെ തന്നെ ഭീകരമാണ് ഡൽഹിയിലെ ഓരോ ഗല്ലികളിലെയും കാഴ്ചകൾ. മാലിന്യ കൂമ്പാരത്തിൽ കളിച്ചു വളരാൻ വിധിക്കപ്പെട്ട അനേകായിരം പിഞ്ചു ബാല്യങ്ങളുണ്ട് ഇവിടുത്തെ ഓരോ ഗല്ലികളിലും. നഗരത്തിരക്കുകളിൽ നിന്ന് മാറി ഗല്ലികളിലേക്കെത്തുമ്പോൾ ഇങ്ങനെയും ജീവിതങ്ങളുണ്ടോയെന്ന് ആശ്ചര്യപ്പെട്ട് പോകും. ചിത്രങ്ങളിലും വീഡിയോകളിലും ഇടക്കിടെ കണ്ട ദയനീയ മുഖങ്ങൾ നേരിൽ കാണാനാകും. പട്ടിണിയും അനാരോഗ്യവും കാരണം വാടിത്തളർന്ന ഉത്തരേന്ത്യൻ മനുഷ്യർ. ഇവരെ ഷീറ്റിട്ട് മറച്ചാണ് രാജ്യത്തിന്റെ ഭരണാധികാരികൾ വിദേശരാജ്യങ്ങളിലെ പ്രമുഖർക്ക് ഇന്ത്യയെ കാണിച്ചുകൊടുത്തിരുന്നത്. ദാരിദ്ര്യം ഇല്ലായ്മ ചെയ്യേണ്ട ഭരണകൂടം അത് മറച്ചുപിടിക്കാനായിരുന്നു ശ്രമിച്ചുകൊണ്ടിരുന്നത്.

എന്തെല്ലാമോ വലിച്ചു കെട്ടിയുണ്ടാക്കിയ കൊച്ചു കൂരയിൽ കഴിയുന്നവർ. ഉടുക്കാൻ നല്ല വസ്ത്രമോ കഴിക്കാൻ നല്ല ഭക്ഷണമോ ലഭിക്കാത്തവർ. വിദ്യാഭ്യാസത്തിന്റെ ഏഴയലത്തേക്ക് പോലും എത്തിച്ചേരാൻ ഭാഗ്യമില്ലാത്തവർ. അത്തരമൊരു ഗല്ലിയിലേക്കാണ് ഇത്തവണ ഫുഡ് ഓൺ വീൽസിന്റെ കൂടെ പോയത്. ഡൽഹി കേന്ദ്രീകരിച്ച് പട്ടിണിപ്പാവങ്ങൾക്ക് ദിവസവും നല്ല ഭക്ഷണവും വിദ്യാഭ്യാസവും എത്തിക്കുന്ന സന്നദ്ധ കൂട്ടായ്മയാണ് ഫുഡ് ഓൺ വീൽസ്. ഡൽഹിക്ക് പുറമെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളായ ഹരിയാന, ഉത്തർപ്രദേശ്, രാജസ്ഥാൻ, ബീഹാർ തുടങ്ങിയ സംസ്ഥാനങ്ങളിലും ഫുഡ് ഓൺ വീൽസ് പ്രവർത്തിക്കുന്നുണ്ട്.

ഡൽഹി ജാമിഅ മില്ലിയ്യക്കടുത്തുള്ള സാക്കിർ നഗറിലുള്ള ഗല്ലികളിൽ നിരവധി പേരാണ് താമസിക്കുന്നത്. തിരക്കുപിടിച്ച ഡൽഹിയിലെ തെരുവീഥികളിൽ നിന്ന് വളരെ കുറഞ്ഞ ദൂരം മാത്രമേ ഇവിടേക്കുള്ളൂ. ഈ നഗരത്തിന്റെ മുഴുവൻ മാലിന്യവും തള്ളിയത് ഇവിടെയാണെന്ന് തോന്നിപ്പോകും. ഗല്ലിയിലേക്ക് നടക്കുമ്പോൾ വലതു ഭാഗത്ത് കൂട്ടിയിട്ട മാലിന്യ കൂമ്പാരത്തിൽ കളിക്കുന്ന കുട്ടികളെയാണ് ആദ്യം കണ്ടത്. ഹൃദയം നുറുങ്ങുന്ന കാഴ്ചയായിരുന്നു അത്. കുറച്ചുകൂടി മുന്നോട്ട് നടന്നപ്പോഴാണ് ഈ മാലിന്യങ്ങളോട് ചേർന്ന് നിരവധി പേർ താമസിക്കുന്നുണ്ടെന്ന് മനസ്സിലായത്. ഷീറ്റും തുണിയും ചാക്കുമെല്ലാം വലിച്ചുകെട്ടിയുണ്ടാക്കിയ കൊച്ചു കുടിലുകൾ. ദുർഗന്ധം വമിക്കുന്ന മാലിന്യങ്ങളോടൊപ്പമുള്ള ജീവിതം അസഹനീയം തന്നെയാണ്.

ഫുഡ് ഓൺ വീൽസിന്റെ വണ്ടി എത്തിയപ്പോഴേക്കും കുരുന്നുകളെല്ലാം പാത്രങ്ങളുമായി ഓടിയെത്തിയിരുന്നു. അവരുടെ മുഖത്തെ സന്തോഷം കണ്ടാലറിയാം അവരീ ഭക്ഷണത്തെ എത്രത്തോളം വിലമതിക്കുന്നുണ്ടെന്ന്. വിശേഷ ദിവസങ്ങളിൽ പോലും നല്ല ഭക്ഷണം കിട്ടാക്കനിയായവർക്കാണ് ഫുഡ് ഓൺ വീൽസ് നല്ല ഭക്ഷണം എത്തിച്ച് നൽകുന്നത്. ബിരിയാണി ചെമ്പ് തുറന്നപ്പോഴേക്കും അവരെല്ലാം വരിവരിയായി നിന്നു. പാത്രത്തിലേക്ക് രുചിയുള്ള ബിരിയാണിയും വാങ്ങി തങ്ങളുടെ കൂരകളിലേക്ക് ആ കുരുന്നു മക്കളുടെ ചിരിച്ചു കൊണ്ടുള്ള ഓട്ടമുണ്ട്. ഏതൊരു മനുഷ്യന്റെയും കണ്ണ് നിറയ്ക്കുന്ന കാഴ്ചയാണത്.

ഭക്ഷണം വിതരണം ചെയ്യുന്നതിനിടയിൽ ഗല്ലികൾക്കുള്ളിലേക്ക് നടന്നു. ഓരോ കൂരയും ആ മനുഷ്യരുടെ അതിദാരിദ്ര്യം വിളിച്ചു പറയുന്നതായിരുന്നു. ഒറ്റ മുറിയിലുള്ള ജീവിതം. സന്തോഷത്തോടെ, ആരോഗ്യത്തോടെ വളരേണ്ട കുരുന്നുകളാണ് ഇത്ര വൃത്തിഹീനമായ സ്ഥലത്ത് താമസിക്കുന്നത്. പോകുന്ന വഴികളിലെല്ലാം പ്ലാസ്റ്റിക് കൂമ്പാരങ്ങളാണ്. ആരോഗ്യത്തോടെ നഗരത്തിൽ അന്തസ്സായി ജീവിക്കുന്നവർ തള്ളുന്ന മാലിന്യത്തിൽ ജീവിക്കാൻ വിധിക്കപ്പെട്ടവരാണിവർ. ചോദിക്കാനും പറയാനും ആരുമില്ലാത്തവർ. അതി സമ്പന്നർ ഉപയോഗിച്ചുപേക്ഷിച്ചതൊക്കെയും അതിദരിദ്രരുടെ വാസസ്ഥലത്തേക്ക് തള്ളുകയെന്നത് സാധാരണ സംഭവമായിരിക്കുകയാണ്. ഇതിന്റെയെല്ലാം പ്രധാന ഹേതു പാവപ്പെട്ടവർക്ക് ചോദിക്കാനും പറയാനും ആരുമില്ലെന്ന തോന്നലാവുകയില്ലേ ?

കുറച്ച് ദൂരം മുന്നോട്ട് നടന്നപ്പോൾ വീണ്ടും മാലിന്യ കൂമ്പാരത്തിലേക്ക് തന്നെയാണ് എത്തിയത്. പ്ലാസ്റ്റിക് മാലിന്യമാണധികവും. മാലിന്യങ്ങൾക്ക് ആരോ തീയിട്ടിട്ടുണ്ട്. നേരിയ പുക അതിൽ നിന്നും പുറത്ത് വരുന്നു. തൊട്ടടുത്തായി ചെറിയ കുട്ടികൾ കളിക്കുന്നുണ്ട്. മാലിന്യങ്ങളിൽ നിന്നും കിട്ടിയ ഒരു ടയറിൽ കയറ് കെട്ടി ഓരോരുത്തരെ അതിലിരുത്തി വലിച്ചു കൊണ്ടുപോകുകയാണവർ.

അവരനുഭവിക്കുന്ന ദാരിദ്ര്യത്തിന്റെ കാഠിന്യം അവരുടെ ശരീരം കണ്ടാലറിയാം. കത്തിക്കൊണ്ടിരിക്കുന്ന മാലിന്യങ്ങളിൽ നിന്നുള്ള പുക ശ്വസിച്ചാൽ ഉണ്ടാവുന്ന രോഗങ്ങളൊക്കെയും ഇവരെ ബാധിച്ചിരിക്കാം. ഇവർക്കടുത്തായി പ്ലാസ്റ്റിക് മാലിന്യങ്ങൾ ഭക്ഷിക്കുന്ന പശുക്കളെയും കാണാനിടയായി. ദയനീയമായ അവരുടെ മുഖത്തേക്ക് നോക്കുന്ന ആരുടെയും ഹൃദയം മുറിപ്പെടുക തന്നെ ചെയ്യും.

തിരിച്ചെത്തിയപ്പോൾ ഭക്ഷണ വിതരണം കഴിഞ്ഞിരുന്നു. തങ്ങൾക്ക് ഭക്ഷണം വിതരണം ചെയ്തവരോടൊപ്പം തമാശകൾ പറഞ്ഞ് ഇരിക്കുകയാണ് കുരുന്നു മക്കൾ. ഫുഡ് ഓൺ വീൽസിന്റെ ഈ സേവനം 1000 ദിവസം പിന്നിട്ടിരിക്കുകയാണ്. വിശപ്പിന്റെ വേദന സഹിച്ച് ജീവിക്കുന്നവർക്ക് സുഭിക്ഷമായ ഭക്ഷണം നൽകിയ 1000 ദിനങ്ങൾ. 10,18,409 ഭക്ഷണപ്പൊതികളാണ് 1000 ദിവസങ്ങൾകൊണ്ട് ഫുഡ് ഓൺ വീൽസ് ഉത്തരേന്ത്യൻ ദരിദ്രഗ്രാമങ്ങളിൽ വിതരണം ചെയ്തത്. ഇതിന് പുറമെ 508 മോഡൽ സ്കൂളുകളും 25 ലേർണിംഗ് സെന്ററുകളും മൂന്ന് ലൈഫ് സ്കൂളുകളും 52 സ്മാർട്ട് ക്ലാസ് റൂമുകളും ഫുഡ് ഓൺ വീൽസ് നടത്തിവരുന്നു. നല്ല ഭക്ഷണവും അടിസ്ഥാന വിദ്യാഭ്യാസവും നൽകി ഉത്തരേന്ത്യൻ തെരുവുകളിലെ ബാല്യങ്ങളെ കൈപിടിച്ചുയർത്തുകയാണ് ഫുഡ് ഓൺ വീൽസ്.

നാം ആവേശത്തോടെ ആഘോഷിക്കുന്ന ജന്മദിനങ്ങളിലും മറ്റ് സന്തോഷ ദിനങ്ങളിലും ഗല്ലികളിൽ കഴിയുന്നവർക്ക് ഒരു നേരത്തെ ഭക്ഷണമെത്തിക്കാൻ ഫുഡ് ഓൺ വീൽസ് പ്രേരിപ്പിക്കുന്നു. ആഘോഷങ്ങളിലെ ഒരു വിഹിതം നൽകി നിരവധി പേരാണ് ഫുഡ് ഓൺ വിൽസിന്റെ കൂടെ ഗല്ലികളിലെ പട്ടിണിപ്പാവങ്ങൾക്ക് ഒരു നേരത്തെ ഭക്ഷണം എത്തിച്ചു നൽകുന്നത്.

ഭക്ഷണ വിതരണം കഴിഞ്ഞ് തിരിച്ച് പോരുമ്പോൾ വല്ലാത്ത മാനസികാവസ്ഥ ആയിരുന്നു. എത്രയൊക്കെ പ്രശ്നങ്ങൾ ഉണ്ടെന്ന് പറഞ്ഞാലും നമ്മുടെയെല്ലാം ജീവിതം സ്വർഗത്തിൽ തന്നെയാണെന്ന് പറയേണ്ടി വരും. ജീവിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒന്നുമില്ലാത്ത ലക്ഷക്കണക്കിന് മനുഷ്യർ നമ്മുടെ രാജ്യത്തുണ്ട്. ഇത്തരം ജീവിതങ്ങൾ തൊട്ടറിയുമ്പോൾ ഓരോ മനുഷ്യനിലും ഒട്ടനവധി മാറ്റങ്ങൾ ഉണ്ടായേക്കും. പട്ടിണി കിടക്കുന്നവന്റെ വിശപ്പകറ്റിയും അക്ഷരാഭ്യാസമില്ലാത്തവർക്ക് വിദ്യ പകർന്നും മാതൃകയായി ചലിക്കുകയാണ് ഫുഡ് ഓൺ വീൽസ്.

Latest