Connect with us

book review

പൊള്ളുന്ന ജീവിത വരികൾ

ഉള്ളുലച്ചുപോകുന്ന ആത്മാവിനെ തൊട്ടറിഞ്ഞ, ഓരോ വായനക്കാരെയും പൊള്ളിച്ചുകൊണ്ടാണ് ഈ കവിതായാത്ര. ഹൃദയഭേദകമായ വിഷയങ്ങളെ തന്മയത്വത്തോടെ അവതരിപ്പിക്കുന്ന കാവ്യമിടുക്ക് കവിതയിലങ്ങോളമിങ്ങോളമുണ്ട്.

Published

|

Last Updated

കാശം തൊടുന്ന പൂമരങ്ങളാണ് ഇതിലെ കവിതകളെല്ലാം. ഒരു കവിതയ്ക്കുള്ളിൽ അനേകം ആശയങ്ങളെ ഒളിപ്പിച്ചു വെച്ച്, തന്മയത്വത്തോടെ അവതരിപ്പിക്കുന്ന കവിതകൾ. റസീന കെ പിയുടെ എല്ലാ കവിതകളും ഒന്നിനൊന്ന് മെച്ചം. പ്രണയം, സൗഹൃദം, കുടുംബം, പെൺഹൃദയം, നേര്, പോര്, നീതി, അനീതി, സ്വാതന്ത്ര്യം, സാഹോദര്യം, സമത്വം, എല്ലാം ഉൾച്ചേർത്തുവെച്ച കവിതകൾ. ഈ സമാഹാരത്തിന്റെ പ്രത്യകത തന്നെ വൈവിധ്യമാർന്ന വിഷയാവതരണമാണ്. ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് എത്ര രസകരമായിട്ടാണ്. ചിന്തിപ്പിക്കുന്നതോടൊപ്പം പുതുജീവൻ വായനക്കാരിൽ ഉടലെടുക്കുകയും ചെയ്യുന്നു.

കവിതകളിലെ രാഷ്ട്രീയം ഈ സമാഹാരത്തെ ആകാശത്തോളം ഉയർത്തുകയും ചെയ്യുന്നു.
ഉള്ളുലച്ചുപോകുന്ന ആത്മാവിനെ തൊട്ടറിഞ്ഞ, ഓരോ വായനക്കാരെയും പൊള്ളിച്ചുകൊണ്ടാണ് ഈ കവിതായാത്ര. ഹൃദയഭേദകമായ വിഷയങ്ങളെ തന്മയത്വത്തോടെ അവതരിപ്പിക്കുന്ന കാവ്യമിടുക്ക് കവിതയിലങ്ങോളമിങ്ങോളമുണ്ട്.

വീട്ടകങ്ങളിലെ അമ്മമാരുടെ ഇരുണ്ട അടുക്കള മുറികളിൽ വേവുന്ന ഹൃദയം തൊട്ട് രാഷ്ട്ര തലവന്മാരുടെ നെഞ്ചുപിളർത്തിക്കൊണ്ടാണ് ഇതിലെ കവിതകൾ മുന്നേറുന്നത്. രാഷ്ട്രീയവും സാമൂഹികവുമായ എല്ലാ മേഖലകളെയും അടിമുടി തട്ടി തലോടിപ്പോവുന്ന കവിതകൾ. തന്റെ രാജ്യത്തേതെന്നപോലെ മറ്റ് ഇതര രാജ്യങ്ങളിലും ഉള്ള നിസ്സഹായരായ ജനതക്ക് വേണ്ടി ശബ്ദമുയർത്തുന്നു. മനുഷ്യത്വമാണ് പ്രധാനം. മഴക്കാലം സുഖത്തിന്റേതാണെങ്കിൽ വേനൽ ദുഃഖത്തിന്റേതായി കവിതകളിൽ വേരുറപ്പിച്ചത് എന്ത് കൊണ്ടാണെന്ന് മഴ നൽകുന്ന കുളിരും വേനൽ നൽകുന്ന കഠിനമായ ചൂടുമായിരിക്കണം.

“മഴയും ഞാനും’ എന്ന കവിതയുടെ അവസാന വരികൾ ഇങ്ങനെയാണ്.’
” ആകാശം കറുക്കുമ്പോഴെല്ലാം
മഴ വരുമല്ലോയെന്ന്,
പുരകെട്ടി മേഞ്ഞില്ലല്ലോയെന്ന്
അമ്മ വെപ്രാളപ്പെടുന്നു
ഞാനോ
മാനത്ത് മഴവില്ല് കണ്ടുറങ്ങുന്നു… ‘
“അമ്മ വെപ്രാളപ്പെടുമ്പോൾ മകൾ മഴവില്ലിന്റെ നിറഭേദങ്ങൾ കണ്ടാസ്വദിക്കുന്നു. അമ്മയുടെ നോവ് ലളിതമായി അവതരിപ്പിച്ച് കുട്ടിക്കാലത്തിന്റെ നിറഭേദങ്ങളെ മനോഹരമായി അവതരിപ്പിക്കുന്നു. ഓർമകളുടെ കെട്ടഴിച്ചു വിടുന്ന കവിതയിൽ അമ്മ എന്ന ബിംബം വായനക്കാരിൽ നോവ് പടർത്തുന്നു. മഴപോലെ മനോഹരമാക്കിയ കവിത. ആദ്യം തൊട്ട് അവസാനം വരെ വായിച്ചിരിക്കുമ്പോൾ കുളിരുകോരുന്ന കുഞ്ഞോർമകളും രസകരം.
പ്രണയവും വിരഹവും ഓർമകളും മാത്രമായി പെണ്ണെഴുത്തുകൾ മാറുമ്പോൾ റസീനയുടെ കവിതകൾ അവരിൽ നിന്ന് വഴിമാറി സഞ്ചരിക്കുന്നത് കാണാം. കവിതകളിലെ രാഷ്ട്രീയം എന്തുമാത്രം മൂർച്ഛയേറിയതാണ്.

“ബുൾഡോസർ രാജ്’ എന്ന കവിത നോക്കൂ.. ബുൾഡോസർ രാഷ്ട്രീയം കൊണ്ട് നഷ്ടപ്പെട്ടുപോവുന്ന കുടിലുകളെ കുറിച്ച്. പാർപ്പിടവും തൊഴിലിടവും രാജ്യത്ത് നിന്ന് പാടേ തുടച്ചു നീക്കാൻ ശ്രമിക്കുന്നവരെ കുറിച്ചാണത്.

“അവധൂതന്റെ പാത’ എന്ന കവിത ചില ഓർമപ്പെടുത്തലുകളാണ്.
“കാവിക്കൊടിയേന്തി ഭൂമിയെ വലംവെയ്ക്കാനൊരുങ്ങിയ കർസേവകന്റെ കണ്ണുകളിൽ പടർന്ന
അന്ധകാരത്തിലേക്ക് വെള്ളരിപ്രാക്കൾ കൂടുകൂട്ടിയതുമിപ്പോൾ കാണാനാവുന്നുണ്ട്.ബാബരി മസ്ജിദ് പൊളിക്കാൻ പിക്കാസുമായിറങ്ങിയ ബൽബീർ സിംഗിൽ നിന്നും ആമിറിലേക്കുള്ള ദൂരം അളക്കുന്ന കവിതയാണിത്.

ആനന്ദിന്റെ “ഗോവർധന്റെ യാത്രകൾ’ എന്ന നോവലിലെ കേന്ദ്ര കഥാപാത്രത്തിനെ അവതരിപ്പിച്ച് പറയുന്നൊരു കവിതയുണ്ട്. “കഴുമരങ്ങൾ സാക്ഷി’യെന്നാണ് ശീർഷകം.”കല്ലുവിന്റെ മതിൽ വീണ് ആട് ചത്തു,മെലിഞ്ഞ കഴുത്തുള്ള ഗോവർധൻ അല്ലാതെ മറ്റാരാണ് തൂക്കുമരത്തിന് പാകമാവുക ?’ “കഴുമരങ്ങൾ സാക്ഷി’ യിൽ ആദ്യ മൂന്ന് വരിയിൽ തന്നെ കവിത മൊത്തമായും ഉത്പാദിപ്പിക്കുന്നതെന്തെന്ന് കൃത്യമാണ്.

തൂക്കു മരത്തിന് പാകമായ കഴുത്തുകളാണ് ഇന്ന് വിധിക്കാൻ വിധികർത്താക്കൾ അന്വേഷിക്കുന്നത്. അല്ലാതെ നേരായ പാതയിലേക്കുള്ള സഞ്ചാരമല്ലെന്ന്. സ്വപ്നങ്ങളുടെ പറുദീസ, കടലേറിവന്ന മോഹങ്ങളുടെ മായാപ്രപഞ്ചമാണ് ഇമറാത്ത് എന്ന് പറഞ്ഞ് പോറ്റമ്മയായ ഇമറാത്തിനോടുള്ള കൂറും ഇഷ്ടവും പ്രകടമാക്കുന്ന മനോഹരമായ ഒരു കവിതയുണ്ട്.

“ആസാദി കാ അമൃത് മഹോത്സവ്’ എന്ന മറ്റൊരു കവിത ഗുജറാത്ത് വംശഹത്യക്കിടെ, ഗർഭിണിയായിരിക്കെ കൂട്ടബലാത്സംഗത്തിന് ഇരയായ, കുഞ്ഞുമക്കളെയടക്കം കൺമുന്നിൽ നിന്ന് കൊന്നൊടുക്കിയ ഭീകരന്മാരെ വിട്ടയച്ച വിധിപ്രഖ്യാപനത്തോടുള്ള തന്റെ അമർഷവും രോഷവും പ്രകടമാക്കുന്ന കവിത.
“കണ്ണുകളടയ്ക്കുക കാതുകൾ പൊത്തുക’
കാവൽഭടന്മാരുടെ വിളംബരം ന്യായാധിപന്മാരുടെ വിധികൽപ്പന
നല്ല നടപ്പുള്ളവർ സ്വാതന്ത്രരാക്കപ്പെടട്ടെ..’

അകവും പുറവും ഒരുപോലെ പൊള്ളുന്ന സമാഹാരം. ഫേബിയൻ ബുക്സാണ് പ്രസാധകർ. വില 200 രൂപ.

Latest