Connect with us

Kerala

സംസ്ഥാനത്ത് ബസ്, ഓട്ടോ ടാക്‌സി നിരക്കുകള്‍ കൂട്ടി; ബസ് മിനിമം 10 രൂപ; ഓട്ടോ മിനിമം 30

വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ നിരക്ക് വര്‍ധനയുടെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കമ്മീഷനെ നിയോഗിക്കും

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് ബസ്, ഓട്ടോ നിരക്കുകകള്‍ വര്‍ധിപ്പിക്കാന്‍ തീരുമാനമായി. ബസിന് മിനിമം ചാര്‍ജ് പത്ത് രൂപയാക്കി. ഓട്ടോറിക്ഷകള്‍ക്ക് മിനിമം 30 രൂപയും ക്വാഡ്രി സൈക്കിളിന് മിനിമം 35 രൂപയുമാകും. വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ നിരക്ക് വര്‍ധനയുടെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കമ്മീഷനെ നിയോഗിക്കും. ജനങ്ങള്‍ക്ക് പ്രഹരമേല്‍പ്പിക്കാത്ത വിധത്തില്‍ ചാര്‍ജ് വര്‍ധനക്ക് എല്‍ഡിഎഫ് യോഗം അനുമതി നല്‍കിയതിന് പിന്നാലെ ഗതാഗത മന്ത്രി ആന്റണി രാജു വാര്‍ത്താ സമ്മേളനത്തിലാണ് നിരക്ക് വര്‍ധന പ്രഖ്യാപിച്ചത്. ഇതുസംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് ഉടന്‍ ഇറങ്ങും.

ബസിന് നിലവില്‍ എട്ട് രൂപയാണ് മിനിമം ചാര്‍ജ്. ഇത് പത്ത് രൂപയായി വര്‍ധിപ്പിക്കും. കിലോീറ്റര്‍ നിരക്ക് നിലവിലെ 90 പൈസയില്‍ നിന്ന് ഒരു രൂപയാക്കിയും കൂട്ടും.

ഓട്ടോറിക്ഷകള്‍ക്ക് നിലവില്‍ ഒന്നര കിലോമീറ്ററിന് 25 രൂപയാണ് മിനിമം നിരക്ക്. ഇത് രണ്ട് കിലോമീറ്ററിന് 30 രൂപയാക്കി വര്‍ധിപ്പിക്കും. അധികം വരുന്ന ഓരോ കിലോമീറ്ററിനും നിലവില്‍ 12 രൂപ എന്നത് 15 രൂപയാക്കിയും കൂട്ടും.

ക്വാഡ്രി സൈക്കിള്‍ വിഭാഗത്തില്‍ വരുന്ന വാഹനങ്ങളുടെ മിനിമം നിരക്ക് ഒന്നര കിലോമീറ്ററിന് 30 രൂപ എന്നത് രണ്ട് കിലോമീറ്ററിന് 35 രൂപയാക്കി വര്‍ധിപ്പിക്കും. അധിക കിലോമീറ്ററിന് നിലവില്‍ 12 രൂപയെന്നത് 15 രൂപയായും വര്‍ധിക്കും.

1500 സിസിക്ക് വരെയുള്ള ടാക്‌സി കാറുകളുടെ മിനിമം നിരക്ക് അഞ്ച് കിലോമീറ്റര്‍ വരെ 175 രൂപയുള്ളത 200 രൂപയാക്കി വര്‍ധിപ്പിച്ചു. അധികം വരുന്ന കിലോമീറ്ററിന് 15രൂപയെന്നത് 18 രൂപയായി കൂട്ടി.

1500 സി സിക്ക് മുകളില്‍ വരുന്ന ടാക്‌സി കാറുകളുടെ മിനിമം നിരക്ക് അഞ്ച് കിലോമീറ്ററിന് 200 രൂപ എന്നത് 225 രൂപയായി വര്‍ധിപ്പിച്ചു. അധിക കിലോമീറ്ററിന 17 രൂപയുള്ളത് 20 രൂപയായി വര്‍ധിക്കും.

വെയ്റ്റിംഗ് ചാര്‍ജ്, രാത്രികാല യാത്രാനിരക്ക് എന്നിവ നിലവിലുള്ള അതേ മാനദണ്ഡപ്രകാരം തുടരുമെന്നും ഗതാഗത മന്ത്രി വാര്‍്ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. അടിക്കടിയുള്ള ഇന്ധന വിലവര്‍ധന കണക്കിലെടുത്താണ് നിരക്ക് വര്‍ധനയെന്നും മന്ത്രി അറിയിച്ചു.

ഇന്ധന വില വർധനയുടെ സാഹചര്യത്തിൽ ചാർജ് വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ ബസുടമകൾ സമരം ചെയ്തിരുന്നു.