National
തീര്‍ഥാടകരുമായി പുറപ്പെട്ട ബസ് കൊക്കയിലേക്ക് മറിഞ്ഞു അപകടം; ആറു മരണം
24ല്‍ അധികം പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.
സൂറത്ത്|മധ്യപ്രദേശില്‍ നിന്ന് തീര്‍ത്ഥാടകരുമായി പോയ ബസ് കൊക്കയിലേക്ക് മറിഞ്ഞു അപകടം. അപകടത്തില്‍ ആറുപേര്‍ മരിച്ചു. 24ല്‍ അധികം പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഞായറാഴ്ച പുലര്‍ച്ചെ 4.30ന് ബസ് ഡാങ് ജില്ലയില്‍ മലയിടുക്കിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. നാസിക്കിലെ ത്രയംബകേശ്വറില്‍ നിന്ന് ഗുജറാത്തിലെ ദ്വാരകയിലേക്ക് 42 യാത്രക്കാരുമായി പോകുകയായിരുന്നു ബസ്.
പരുക്കേറ്റ ഒരു സ്ത്രീ തിങ്കളാഴ്ച സൂറത്ത് സിവില്‍ ആശുപത്രിയില്‍ മരിച്ചു. ശിവപുരി ജില്ലയില്‍ നിന്നുള്ള ശാന്തിബെന്‍ ബോഗ (50) ആണ് മരിച്ചത്. ഡ്രൈവര്‍ രത്തന്‍ലാല്‍ ജാതവ് (41), ഭോലാറാം കുശ്വാന (55), ഗുഡ്ഡി യാദവ് (60), ബിജേന്ദ്ര യാദവ് (55), കമലേഷ് യാദവ് (60) എന്നിവരാണ് മരിച്ച മറ്റുള്ളവര്‍.
പരുക്കേറ്റവരെ സൂറത്തിലെ ന്യൂ സിവില്‍ ആശുപത്രിയിലും ബാക്കിയുള്ളവരെ ഷംഗാം പ്രാഥമികാരോഗ്യ കേന്ദ്രത്തിലും പ്രവേശിപ്പിച്ചു. മലേഗാവിലെ വനംവകുപ്പിന്റെ വിശ്രമകേന്ദ്രത്തിന് സമീപമുള്ള സംരക്ഷണഭിത്തി തകര്‍ത്ത് 25 അടി താഴ്ചയുള്ള കൊക്കയിലേക്കാണ് ബസ് മറിഞ്ഞത്.