Connect with us

International

പാക്കിസ്ഥാനിൽ സൈനികർ സഞ്ചരിച്ച ബസ് സ്ഫോടനത്തിൽ തകർന്നു; അഞ്ച് മരണം, നിരവധി പേർക്ക് പരുക്ക്

നിരോധിത ബലൂച് ലിബറേഷൻ ആർമിയാണ് ആക്രമണത്തിന് പിന്നിലെന്നാണ് സംശയിക്കുന്നത്

Published

|

Last Updated

ഇസ്‍ലാമാബാദ് | പാകിസ്ഥാനിലെ ബലൂചിസ്ഥാനിലെ നൗഷ്കി ജില്ലയിൽ സൈനികർ സഞ്ചരിച്ച ബസ് ബോംബ് സ്ഫോടനത്തിൽ തകർന്നു. അഞ്ച് പേർ മരിച്ചതായാണ് പ്രാഥമിക വിവരം. നിരവധി സൈനികർക്ക് പരുക്കേൽക്കുകയും ചെയ്തു. പലരുടെയും പരുക്ക് ഗുരുതരമായതിനാൽ മരണസംഖ്യ ഉയരാനിടയുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. സമീപത്തുണ്ടായിരുന്ന മറ്റൊരു ബസിനും സ്ഫോടനത്തിൽ കാര്യമായ കേടുപാടുകൾ സംഭവിച്ചു. പരിക്കേറ്റവരെയും മരിച്ചവരെയും അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി.

നൗഷ്കിയിലെ പ്രാദേശിക പോലീസ് മേധാവി സഫർ സമാനിയാണ് ആക്രമണത്തെക്കുറിച്ച് വിവരങ്ങൾ നൽകിയത്. ബലൂചിസ്ഥാൻ മുഖ്യമന്ത്രി സർഫറാസ് ബുഗ്തി ആക്രമണത്തെ അപലപിച്ചു.

ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. എന്നാൽ, നിരോധിത ബലൂച് ലിബറേഷൻ ആർമിയാണ് ആക്രമണത്തിന് പിന്നിലെന്നാണ് സംശയിക്കുന്നത്. ദിവസങ്ങൾക്കുമുമ്പ്, ബലൂച് ലിബറേഷൻ ആർമി ഒരു ട്രെയിൻ ആക്രമിക്കുകയും അതിലെ ഏകദേശം 400 യാത്രക്കാരെ ബന്ദികളാക്കുകയും 26 ബന്ദികളെ വധിക്കുകയും ചെയ്തിരുന്നു. പിന്നീട് സുരക്ഷാ സേന നടത്തിയ ഓപ്പറേഷനിൽ 33 ആക്രമണകാരികളെയും വധിച്ചു.

എണ്ണയും ധാതുക്കളും സമ്പന്നമായ ബലൂചിസ്ഥാൻ പാകിസ്ഥാനിലെ ഏറ്റവും വലിയതും ജനസംഖ്യ കുറഞ്ഞതുമായ പ്രവിശ്യയാണ്. പാക് സർക്കാർ തങ്ങളോട് വിവേചനം കാണിക്കുന്നുവെന്ന് ബലൂച് വംശജർ ആരോപിക്കുന്നു. എന്നാൽ, ഈ ആരോപണം ഇസ്ലാമാബാദ് നിഷേധിക്കുന്നു. പാക് സർക്കാരിൽ നിന്ന് സ്വാതന്ത്ര്യം ആവശ്യപ്പെട്ടാണ് ബലൂച് ലിബറേഷൻ ആർമി പ്രവർത്തിക്കുന്നത്.

Latest