Connect with us

private bus fare hike

ബസ് കൺസെഷൻ നിരക്ക് വർധന; വിദ്യാർഥി സംഘടനകളുമായി മന്ത്രിമാരുടെ ചർച്ച രണ്ടിന്

ആറ് രൂപയാക്കണമെന്ന് ഉടമകൾ

Published

|

Last Updated

തിരുവനന്തപുരം | വിദ്യാർഥികളുടെ ബസ് കൺസെഷൻ യാത്രാ നിരക്ക് വർധനയുമായി ബന്ധപ്പെട്ട് മന്ത്രിമാർ അടുത്ത മാസം രണ്ടിന് വിദ്യാർഥി സംഘടനകളുമായി ചർച്ച നടത്തും.

ഇന്ധന വില ക്രമാതീതമായി ഉയരുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ബസ് നിരക്ക് വിർധിപ്പിക്കാൻ ധാരണയായ സാഹചര്യത്തിലാണ് വിദ്യാർഥികളുടെ കൺസെഷൻ നിരക്ക് വർധനയുമായി ബന്ധപ്പെട്ട് സർക്കാർ വിദ്യാർഥി സംഘടനാ പ്രതിനിധികളുമായി ചർച്ച നടത്തുന്നത്.

വൈകുന്നേരം നാലിന് സെക്രട്ടേറിയറ്റ് അനക്‌സ് രണ്ടിലെ ലയം ഹാളിൽ വെച്ച് നടക്കുന്ന ചർച്ചയിൽ ഗതാഗത മന്ത്രി ആന്റണി രാജുവും പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും പങ്കെടുക്കും.

വിദ്യാർഥികളുടെ കൺസെഷൻ നിരക്ക് ഒരു രൂപയിൽ നിന്ന് ആറ് രൂപയാക്കണമെന്ന ആവശ്യം ബസുടമകൾ നേരത്തേ ഗതാഗത മന്ത്രിയുമായുള്ള ചർച്ചയിൽ ഉന്നയിച്ചിരുന്നു. പ്രധാനമായും ബസുടമകളുടെ ഈ ആവശ്യമായിരിക്കും വിദ്യാർഥി സംഘടനാ പ്രതിനിധികളുമായുള്ള യോഗത്തിൽ ചർച്ചയാകുക.

അതേസമയം, കൺസെഷൻ നിരക്ക് വർധനവ് അനുവദിക്കില്ലെന്നാണ് വിദ്യാർഥി സംഘടനകളുടെ നിലപാട്.

ബസ് നിരക്ക് വർധന സംബന്ധിച്ച് പഠിച്ച ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷൻ വിദ്യാർഥികളുടെ മിനിമം കൺസെഷൻ നിരക്ക് അഞ്ച് രൂപയാക്കണമെന്ന ശിപാർശയാണ് സർക്കാറിന് മുന്നിൽ വെച്ചിരിക്കുന്നത്.എന്നാൽ ഒറ്റയടിക്ക് ഇത്ര വർധനവ് പറ്റില്ലെന്നും ഒന്നര രൂപയാക്കാമെന്നുമാണ് സർക്കാർ നിലപാട്.

അധികഭാരം അടിച്ചേൽപ്പിക്കാതെയുള്ള വർധനയാണ് സർക്കാർ ലക്ഷ്യമിടുന്നത്. മിനിമം ബസ് നിരക്ക് എട്ട് രൂപയിൽ നിന്ന് 12 രൂപയാക്കണമെന്ന ബസ് ഉടമകളുടെ ആവശ്യം നിരാകരിച്ച സർക്കാർ, 10 രൂപ ആയി നിർണയിച്ചേക്കും.

Latest