National
പഞ്ചാബിലെ ഭട്ടിന്‍ഡയില്‍ ബസ് പാലത്തില്‍ നിന്ന് അഴുക്കുചാലിലേക്ക് മറിഞ്ഞു; എട്ടുപേര്‍ മരിച്ചു
മരണപ്പെട്ടവരുടെ കുടുംബത്തിന് രണ്ടുലക്ഷവും പരുക്കേറ്റവര്‍ക്ക് 50,000 രൂപയും വീതം നഷ്ടപരിഹാരം.

ചണ്ഡിഗഢ് | പഞ്ചാബില്‍ ബസ് പാലത്തില്‍ നിന്ന് അഴുക്കുചാലിലേക്ക് മറിഞ്ഞ് എട്ടുപേര്‍ മരിച്ചു. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭട്ടിന്‍ഡയിലാണ് അപകടമുണ്ടായത്. കനത്ത മഴയ്ക്കിടെ കൈവരിയില്ലാത്ത പാലത്തില്‍ നിന്ന് ബസ് താഴോട്ട് പതിക്കുകയായിരുന്നു.
താല്‍വണ്ടി സാബോയില്‍ നിന്ന് ഭട്ടിന്‍ഡയിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍ പെട്ടത്. 20 യാത്രക്കാരാണ് ബസില്‍ ഉണ്ടായിരുന്നത്. പ്രദേശ വാസികളാണ് ആദ്യം രക്ഷാപ്രവര്‍ത്തനം നടത്തിയത്. പിന്നീട് പോലീസും ജില്ലാ ഭരണകൂടത്തിന്റെ പ്രതിനിധികളും സംഭവ സ്ഥലത്തെത്തി.
മഴയെ തുടര്‍ന്ന് റോഡിലുണ്ടായ വഴുക്കില്‍ ഡ്രൈവര്‍ക്ക് ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണോ അപകടത്തിന് ഇടയാക്കിയതെന്ന കാര്യം അന്വേഷിച്ചു വരികയാണെന്ന് ഒരുദ്യോഗസ്ഥന്‍ പറഞ്ഞു.
സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തിയ പ്രധാന മന്ത്രി നരേന്ദ്ര മോദി മരണപ്പെട്ടവരുടെ കുടുംബത്തിന് രണ്ടുലക്ഷവും പരുക്കേറ്റവര്‍ക്ക് 50,000 രൂപയും വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു. പ്രധാന മന്ത്രിയുടെ ദേശീയ ദുരിതാശ്വാസ ഫണ്ടില്‍ നിന്നാണ് സഹായം നല്‍കുക.