Connect with us

National

ഗ്രാമത്തില്‍ ബസ് സര്‍വ്വീസ് പുനസ്ഥാപിക്കണം; ചീഫ് ജസ്റ്റീസിന് കത്തയച്ച് എട്ടാം ക്ലാസുകാരി

ചീഫ് ജസ്റ്റീസ് എന്‍ വി രമണയോടാണ് സഹായം ആവശ്യപ്പെട്ട് കത്തയച്ചത്. തുടര്‍ന്ന് ഗ്രാമത്തിലക്കുള്ള ബസ് സര്‍വ്വീസ് പുനരാരംഭിച്ചതായി തെലങ്കാന സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് പത്രക്കുറിപ്പിലൂടെ അറിയിച്ചു.

Published

|

Last Updated

തെലങ്കാന| ഗ്രാമത്തിലേക്കുള്ള ബസ് സര്‍വ്വീസ് പുനസ്ഥാപിക്കാന്‍ ചീഫ് ജസ്റ്റീസിന് കത്തയച്ച് എട്ടാം ക്ലാസുകാരി. കൊവിഡ് വ്യാപനത്തെ തുടര്‍ന്നാണ് ഗ്രാമത്തില്‍ ബസ് സര്‍വ്വീസ് നിര്‍ത്തിയത്. തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിലെ ചിദേഡു ഗ്രാമത്തില്‍ നിന്നുള്ള വൈഷ്ണവി എന്ന പെണ്‍കുട്ടിയാണ് ചീഫ് ജസ്റ്റീസ് എന്‍ വി രമണയോട് സഹായം ആവശ്യപ്പെട്ട് കത്തയച്ചത്. തുടര്‍ന്ന് ഗ്രാമത്തിലക്കുള്ള ബസ് സര്‍വ്വീസ് പുനരാരംഭിച്ചതായി തെലങ്കാന സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് പത്രക്കുറിപ്പിലൂടെ അറിയിച്ചു.

ബസ് സൗകര്യമില്ലാത്തതിനാല്‍ താനും സഹോദരങ്ങളും സ്‌കൂളിലേക്കും കോളജിലേക്കും പോകാന്‍ ബുദ്ധിമുട്ടുകയാണെന്നും വൈഷ്ണവി കത്തില്‍ പറഞ്ഞിരുന്നു. ബസ് സര്‍വീസ് ഇല്ലാത്തതിനാല്‍ തന്റെ സുഹൃത്തുക്കളും മറ്റ് ഗ്രാമവാസികളും ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ഓട്ടോറിക്ഷയുടെ യാത്രാക്കൂലി താങ്ങാന്‍ തനിക്ക് കഴിയുന്നില്ല. കൊവിഡ്-19 ന്റെ ആദ്യ തരംഗത്തിനിടെ ഹൃദയാഘാതം മൂലം അച്ഛന്‍ മരിച്ചു. അമ്മ തൊഴിലാളിയാണ്. വൈഷ്ണവിയുടെ കത്തിന് മറുപടിയായി, കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള അവകാശത്തെ മാനിക്കുന്നതിന്റെ അടയാളമായി വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളില്‍ കൃത്യമായി എത്തിച്ചേരാന്‍ ബസ് സര്‍വീസ് പുനഃസ്ഥാപിക്കണമെന്ന് ടിഎസ്ആര്‍ടിസി എംഡി വി സി സജ്ജനാറിനെ ചീഫ് ജസ്റ്റിസ് അറിയിച്ചു.

ഈ വിഷയത്തില്‍ മുന്നറിയിപ്പ് നല്‍കിയതിന് ചീഫ് ജസ്റ്റിസിനോട് ടിഎസ്ആര്‍ടിസി എംഡി നന്ദി രേഖപ്പെടുത്തുന്നതായി മാനേജ്മെന്റ് പ്രതിനിധി അറിയിച്ചു. ചീഫ് ജസ്റ്റീസിന് കത്തെഴുതാന്‍ മുന്‍കൈയെടുത്തതിന് വൈഷ്ണവിയെ അഭിനന്ദിക്കുകയും ചെയ്തു. കുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തോടുള്ള കോര്‍പ്പറേഷന്‍ പ്രതിബദ്ധത ഉള്ളവരാണെന്ന് എംഡി പറഞ്ഞു. തെലങ്കാന സംസ്ഥാനത്തെ മുഴുവന്‍ സ്‌കൂളുകളിലെയും കോളജുകളിലെയും വിദ്യാര്‍ത്ഥികളുടെ പ്രയോജനത്തിനായി യാത്രാസൗകര്യം ഏര്‍പ്പെടുത്തുമെന്നും ടിഎസ്ആര്‍ടിസി പത്രപ്രസ്താവനയില്‍ ഉറപ്പു നല്‍കി.

 

 

Latest