Kerala
ബൈക്കിന് സൈഡ് നല്‍കിയില്ലെന്ന്; ബസ് ജീവനക്കാര്‍ക്ക് ആള്‍ക്കൂട്ട മര്‍ദനം
കൊയിലാണ്ടി ചെങ്ങോട്ടുകാവ് വെച്ച് ബൈക്ക് യാത്രക്കാരനുമായി തര്‍ക്കമുണ്ടായിരുന്നു

കോഴിക്കോട് | കൊയിലാണ്ടിയില്‍ ബസ് ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും നേരെ ആള്‍ക്കൂട്ടത്തിന്റെ
ക്രൂര ആക്രമണം. ബൈക്കിന് സൈഡ് നല്‍കിയില്ലെന്നാരോപിച്ച് മുപ്പതോളം ആക്രമി സംഘം ബസില്‍ കയറി മര്‍ദിക്കുകയായിരുന്നു. കൊയിലാണ്ടി സ്വദേശികളായ ഡ്രൈവര്‍ അമല്‍ജിത്ത്, കണ്ടക്ടര്‍ അബ്ദുല്‍ നാസര്‍ എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്.
സ്വര്‍ണ മാലയും പണവും നഷ്ടമായെന്നും ആക്രമിസംഘം കണ്ണില്‍ മണ്ണ് വാരിയിട്ടെന്നും ഡ്രൈവര്‍ പരാതിപ്പെട്ടു. സംഭവത്തില്‍ കൊയിലാണ്ടി സ്വദേശികളായ അജ്മല്‍, സായൂജ് എന്നിവര്‍ക്കെതിരെയും കണ്ടാലറിയാവുന്ന നാലു പേര്‍ക്കെതിരെയും പോലീസ് കേസെടുത്തു.
കോഴിക്കോട് നിന്ന് കൊയിലാണ്ടിയിലേക്ക് ബസ് പോകുന്നതിനിടെ ചെങ്ങോട്ടുകാവ് വെച്ച് ബൈക്ക് യാത്രക്കാരനുമായി സൈഡ് നല്‍കാത്തതിനെ തുടര്‍ന്ന് തര്‍ക്കമുണ്ടായിരുന്നു. പിന്നീട് രാത്രി ബസ് അവസാന ട്രിപ്പ് പൂര്‍ത്തിയാക്കി കൊയിലാണ്ടി സ്റ്റാന്‍ഡില്‍ എത്തിയപ്പോഴാണ് ആക്രമി സംഘം ബസില്‍ കയറി മര്‍ദിച്ചത്. ഈ സമയം ഡ്രൈവര്‍ പോലീസ് സ്റ്റേഷനിലേക്ക് ബസ് എടുത്തെങ്കിലും മര്‍ദനം തുടര്‍ന്നു.