Connect with us

pravasi

ബിസിനസ് പൊളിഞ്ഞു, രോഗം തളര്‍ത്തി, ഭാര്യ കൈവിട്ടു; നരക യാതനയില്‍ മലയാളിക്ക് താങ്ങായി ഷാര്‍ജ ഐ സി എഫ്

പന്ത്രണ്ട് വര്‍ഷത്തെ ഖമറുദ്ധീന്റെ കഥ കരളയിപ്പിക്കുന്നത്

Published

|

Last Updated

ഷാര്‍ജ | വ്യാപാരം ക്ഷയിക്കുകയും പ്രമേഹം മൂര്‍ച്ഛിക്കുകയും ചെയ്തതോടെ നാട്ടില്‍ പോകാനാവാതെ കുടുങ്ങിയ പ്രവാസിക്ക് ഒന്നൊന്നായി ജീവിതം കൈവിട്ടുപോയി. 12 വര്‍ഷമായി നാട്ടില്‍ പോകാനാകാതെ പ്രവാസഭൂമിയില്‍ കുടുങ്ങിയ അവശാനായ മലയാളിക്ക് ഒടുവില്‍ താങ്ങായത് ഷാര്‍ജ ഐ സി എഫ്. ചെറിയ ബിസിനസ്സ് നടത്തി നിരവധി പേര്‍ക്ക് തണലായി ജീവിച്ചിരുന്ന ഖമറുദ്ധീനാണ് ഐ സി എഫിന്റെ സഹായത്തോടെ നാട്ടിലേക്ക് തിരിച്ചത്.

അവധിയില്‍ നാട്ടില്‍പോയ സമയത്ത് രോഗം ബാധിച്ചത്കാരണം തിരികെ എത്താന്‍ വൈകിയത് മുതലാണ് ഖമറുദ്ധീന്റെ കഷ്ടകാലം തുടങ്ങുന്നത്. എത്താന്‍ വൈകിയതോടെ സ്ഥാപനം തകര്‍ച്ചയിലായി. കെട്ടിട ഉടമ നിയമ നടപടികളിലേക്ക് കടന്നു. ഇതോടെ സ്ഥാപനത്തിന്റെ ലൈസന്‍സ് പുതുക്കാന്‍ കഴിയാതായി. ഓഫീസുകള്‍ കയറിയിറങ്ങുന്നതിനിടെ പ്രമേഹം മൂര്‍ച്ഛിച്ചു. രണ്ടുകണ്ണിന്റെയും കാഴ്ച മങ്ങുകയും ശരീരത്തില്‍ പഴുപ്പുകള്‍ പ്രത്യക്ഷപ്പെടുകയും ചെയ്തതോടെ ആകെ തളര്‍ന്നു.

കയ്യൊഴിഞ്ഞ് ഭാര്യ
ബിസിനസില്‍ പ്രയാസങ്ങള്‍ തുടങ്ങുന്നത് വരെ സന്തോഷത്തില്‍ കഴിഞ്ഞിരുന്ന ഭാര്യ ഇതോടെ പതിയെ അകലാന്‍ തുടങ്ങി. അവര്‍ വേറെ താമസം തുടങ്ങി. കാഴ്ച നഷ്ട്ടപ്പെട്ട വിവരം അറിയിച്ച് ഭാര്യയെ തിരികെ കൊണ്ടുവരാന്‍ ശ്രമിച്ച സാമൂഹിക പ്രവര്‍ത്തകരെ ഞെട്ടിച്ച് അദ്ദേഹത്തില്‍ നിന്ന് വിവാഹ മോചനം നേടാനുള്ള നിയമ നടപടികളിലേക്ക് പോകുന്നുവെന്നാണ് അവര്‍ പറഞ്ഞത്.

കൈമലര്‍ത്തി സാമൂഹിക പ്രവര്‍ത്തകര്‍
ഇടപ്പെട്ട ഏതാനും സാമൂഹിക പ്രവര്‍ത്തകര്‍ പണം കണ്ടെത്തുന്നതിന് സാമൂഹിക മാധ്യമങ്ങളിലൂടെ സഹായം തേടാന്‍ ആലോചിച്ചു. ഇത്രയും കാലം മാന്യമായി ജീവിച്ച തനിക്ക് അതില്‍ താല്പര്യമില്ല എന്ന് അറിയിച്ചതോടെ അവരും പിന്മാറി. പിന്നീട് ഷാര്‍ജയിലെയും ദുബൈയിലെയും നിരവധി സംഘടനകളെയും വിഷയം അറിയിച്ചുവെങ്കിലും വലിയ ബാധ്യതയും സമയവുമെടുക്കുന്ന കേസില്‍ ഇടപെടാന്‍ ആരും തയ്യാറായില്ല. പത്തുവര്‍ഷമായി തീര്‍ന്നുകിടക്കുന്ന വിസ, ലൈസന്‍സ് എന്നിവക്ക് വലിയ സംഖ്യയും അധ്വാനവും വേണ്ടിവരും എന്നറിഞ്ഞതോടെ പലരും പിന്മാറി. രാഷ്ട്രീയ ബന്ധങ്ങളില്ലാത്തതും തിരിച്ചടിയായി.

ഐ സി എഫ് ഏറ്റെടുത്തു
പിന്നീടാണ് ഇദ്ദേഹം താമസിച്ചിരുന്ന ബില്‍ഡിങ്ങിലെ ഒരാള്‍ ഷാര്‍ജ ഐ സി എഫിനെ വിവരം അറിയിക്കുന്നത്. ഐ സി എഫ് പ്രവര്‍ത്തകര്‍ എത്തുമ്പോള്‍ പ്രമേഹം മൂര്‍ച്ഛിച്ച് കാല് പഴുത്ത് രണ്ട് കണ്ണിനും കാഴ്ചയില്ലാതെ വെള്ളവും വെളിച്ചവുമില്ലാത്ത മുറിയില്‍ ബില്‍ഡിങ്ങിന്റെ വാച്ച്മാന്റെ സഹായത്തോടെ കഴിയുന്ന ആളെയാണ് കണ്ടത്. അന്ന് മുതല്‍ മൂന്ന് മാസക്കാലത്തെ നിരന്തര പരിശ്രമത്തിലൂടെയാണ് ഐ സി എഫ് ബന്ധപ്പെട്ട വലിയ ബാധ്യത അടച്ച് തീര്‍ത്തതും ടിക്കറ്റടക്കം നല്‍കി നാട്ടിലേക്കയച്ചതും.

നാട്ടില്‍ പണിതവീട് ഭാര്യയുടെ പേരിലായത് കൊണ്ട് ഇപ്പോള്‍ സഹോദരിയുടെ വീട്ടിലാണ് താമസം. വിദഗ്ധ ചികിത്സയ്ക്ക് വേണ്ടി അദ്ദേഹത്തെ ഹോസ്പിറ്റലിലേക്ക് മാറ്റാനൊരുങ്ങുകയുമാണ് ബന്ധപ്പെട്ടവര്‍.

 

Latest