Kuwait
കുവൈത്തിൽ ജുമുഅ സമയത്ത് വ്യാപാര സ്ഥാപനങ്ങൾ അടച്ചിടണം
ഈ സമയങ്ങളിൽ കച്ചവട പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനു വിലക്ക് ഏർപ്പെടുത്തുകയും ചെയ്തു.
കുവൈത്ത് സിറ്റി | കുവൈത്തിൽ വെള്ളിയാഴ്ച ജുമുഅ നിസ്കാര സമയത്ത് വാണിജ്യ സ്ഥാപനങ്ങൾ അടയ്ക്കുവാൻ ആവശ്യപ്പെടുന്ന കരട് നിർദേശത്തിന് പാർലിമെന്ററി പബ്ലിക് യൂട്ടിലിറ്റീസ് കമ്മിറ്റിയുടെ അംഗീകാരം. മാജിദ് അൽ മുതൈരി എം പി സമർപ്പിച്ച നിർദേശത്തിനാണ് സമിതി അംഗീകാരം നൽകിയത്. ഇത് പ്രകാരം ജുമുഅ നിസ്കാരത്തിനുള്ള വാങ്ക് വിളിച്ചത് മുതൽ നിസ്കാരം കഴിയുന്നത് വരെ എല്ലാ വാണിജ്യ സ്ഥാപനങ്ങളും അടച്ചിടണം.
ഈ സമയങ്ങളിൽ കച്ചവട പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനു വിലക്ക് ഏർപ്പെടുത്തുകയും ചെയ്തു. വിമാനത്താവളം, തുറമുഖങ്ങൾ എന്നിവിടങ്ങളിലെ കച്ചവട സ്ഥാപനങ്ങളെയും രാജ്യത്ത് പ്രവർത്തിക്കുന്ന എല്ലാ ഫാർമസികളെയും വിലക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ഭരണഘടനയുടെ ആർട്ടിക്കിൾ രണ്ട് പ്രകാരം രാജ്യത്തെ ഔദ്യോഗിക മതം ഇസ്‌ലാമും ശരീഅത്ത് നിയമവും അടിസ്ഥാനമാക്കിയാണ് രാജ്യത്തെ നിയമ നിർമാണം നടത്തിയിരിക്കുന്നതെന്നും മുതൈരി തന്റെ കരട് നിർദേശത്തിൽ സൂചിപ്പിച്ചു.