National
തിരക്കിട്ട ചർച്ചകൾ; സിദ്ദരാമയ്യ ഡൽഹിയിൽ; ഫോർമുല കണ്ടെത്താനാകാതെ ഹൈക്കമാൻഡ്
ആദ്യ രണ്ടു വർഷം സിദ്ദരാമയ്യയും പിന്നീട് മൂന്ന് വർഷം ഡി കെ ശിവകുമാറും മുഖ്യമന്ത്രിയാകുമെന്ന സൂചനകളാണ് ഏറ്റവും ഒടുവിൽ ലഭ്യമാകുന്നത്.
ന്യൂഡൽഹി | കർണാടക മുഖ്യമന്ത്രിയെ തീരുമാനിക്കാൻ ഡൽഹിയിൽ തിരക്കിട്ട ചർച്ചകൾ. പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായുള്ള കൂടിക്കാഴ്ചക്കായി കോൺഗ്രസ് നേതാവ് സിദ്ദരാമയ്യ ഡൽഹിയിലെത്തി. കെ പി സി സി പ്രസിഡന്റ് ഡി കെ ശിവകുമാർ രാത്രിയോടെ ഡൽഹിയിലെത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും അദ്ദേഹം പിന്നീട് യാത്ര റദ്ദാക്കി. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ഉൾപ്പെടെ നേതാക്കളും ഹൈക്കമാൻഡ് നിരീക്ഷകരും ചർച്ചകൾക്കായി ഡൽഹിയിലുണ്ട്. ഇന്ന് രാത്രിയോടെ മുഖ്യമന്ത്രി ആരെന്ന കാര്യത്തിൽ തീരുമാനമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഹൈക്കമാൻഡ് നിരീക്ഷകർ എംഎൽഎമാരുമായി കൂടിക്കാഴ്ച നടത്തി തയ്യറാക്കിയ റിപ്പോർട്ട് ഇന്ന് പാർട്ടി അധ്യക്ഷന് കൈമാറും. ഇത് വിലയിരുത്തിയ ശേഷമാകും അന്തിമ തീരുമാനം ഉണ്ടാകുക. മുൻ മുഖ്യമന്ത്രി സിദ്ദരാമയ്യക്ക് തന്നെയാണ് മുൻതൂക്കം. ആദ്യ രണ്ടു വർഷം സിദ്ദരാമയ്യയും പിന്നീട് മൂന്ന് വർഷം ഡി കെ ശിവകുമാറും മുഖ്യമന്ത്രിയാകുമെന്ന സൂചനകളാണ് ഏറ്റവും ഒടുവിൽ ലഭ്യമാകുന്നത്. ശിവകുമാറിനെ ഉപമുഖ്യമന്ത്രിയാക്കും. ഉപമുഖ്യമന്ത്രി പദവും പാർട്ടി അധ്യക്ഷപദവിയും അദ്ദേഹത്തിന് ഒരുമിച്ച് നൽകി പ്രശ്നം പരിഹരിക്കാനാണ് ശ്രമം. എന്നാൽ ശിവകുമാർ ഈ നിലപാടിനോട് പൂർണമായും വഴങ്ങിയിട്ടില്ലെന്ന വിവരവും പുറത്തുവരുന്നുണ്ട്.
ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് ഹൈക്കമാൻഡ് കാര്യങ്ങൾ നീക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിൽ നേടിയ ഉജ്ജ്വല വിജയം ലോക്സഭാ തിരഞ്ഞെടുപ്പിലും നിലനിറുത്തണമെങ്കിൽ സാമുദായിക സന്തുലനം ഉൾപ്പെടെ പല കാര്യങ്ങളും നോക്കേണ്ടതുണ്ട്. ജനസംഖ്യ കുറഞ്ഞ കുറുബ സമുദായക്കാരനായ സിദ്ദരാമയ്യയെ മുഖ്യമന്ത്രിയാക്കുന്നതിലൂടെ മറ്റു ചെറു സമുദായങ്ങളെ കൂടി ഒപ്പം നിർത്താൻ പാർട്ടിക്ക് സാധിക്കുമെന്നാണ് ഹൈക്കമാൻഡിന്റെ കണക്കുകൂട്ടൽ. സിദ്ദരാമയ്യക്ക് പിന്നാക്ക വിഭാഗങ്ങൾക്കിടയിലുള്ള ശക്തമായ സ്വാധീനവും പാർട്ടി കണക്കിലെടുക്കുന്നുണ്ട്. സംസ്ഥാനത്തെ എല്ലാ മേഖലയിലും അദ്ദേഹത്തിന് സ്വാധീനമുണ്ട്. പഴയ മൈസൂരു മേഖലയിൽ മാത്രമാണ് ഡികെ ശിവകുമാറിന് ജനപ്രീതിയുള്ളത്.
നിലവിൽ കർണാടകയിലെ 28 ലോക്‌സഭാ സീറ്റുകളിൽ ഒന്ന് മാത്രമാണ് കോൺഗ്രസിന്റെ കൈവശമുള്ളത്. ഡികെ ശിവകുമാറിന്റെ സഹോദരൻ ഡികെ സുരേഷാണ് കർണാടകയിൽ നിന്നുള്ള ഏക കോൺഗ്രസ് എംപി. നിയമസഭാ തിരഞ്ഞെടുപ്പിൽ നേടിയ വിജയം കാത്തുസൂക്ഷിക്കാനായാൽ അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 28ൽ 20 സീറ്റെങ്കിലും പാർട്ടിയുടെ അക്കൗണ്ടിൽ വരണമെന്നാണ് കോൺഗ്രസിന്റെ കണക്കുകൂട്ടൽ. ഇതിന് സമുദായ സംഘടനകളെ മുഖവിലക്കെടുക്കൽ നിർബന്ധമാണെന്ന് ഹൈക്കമാൻഡിന് വ്യക്തമായി അറിയാം.
കുറുബ 7%, ലിംഗായത്ത് 16%, വൊക്കലിഗ 11%, SC/ST 27% എന്നിങ്ങനെയാണ് കർണാടകയിലെ സാമുദായിക കണക്ക്. ഈ മൂന്ന് വിഭാഗങ്ങളെയും തൃപ്തിപ്പെടുത്തിയാൽ 61 ശതമാനം ജനങ്ങളെ പാർട്ടിക്ക് കൂടെ നിർത്താനാകും.
വൊക്കലിഗ സമുദായത്തിൽ നിന്നുള്ളയാണ് ഡി കെ ശിവകുമാർ. ശിവകുമാറിന് ഉപമുഖ്യമന്ത്രി സ്ഥാനം നൽകുമെന്ന് വന്നതോടെ മറ്റു സമുദായങ്ങളും ഉപമുഖ്യമന്ത്രിപദം ആവശ്യപ്പെട്ട് രംഗത്തുണ്ട്. ശിവകുമാർ ഉൾപ്പെടെ മൂന്ന് പേർക്ക് ഉപമുഖ്യമന്ത്രി പദം നൽകി പ്രശ്നം പരിഹരിക്കാൻ ഹൈക്കമാൻഡ് കരുക്കൾ നീക്കിയെങ്കിലും ശിവകുമാർ ഇതിനോട് യോജിച്ചിട്ടില്ല. ലിംഗായത്ത് സമുദായത്തിൽ നിന്നുള്ള എം ബി പാട്ടീൽ, നായക്/വാൽമീകി സമുദായത്തിൽ നിന്നുള്ള സതീഷ് ജാർക്കിഹോളി എന്നിവരാണ് ഉപമുഖ്യമന്ത്രി പദത്തിൽ കണ്ണുനട്ടിരിക്കുന്നത്.
ഡികെ ശിവകുമാറിന്റെ സംഘടനാ പാടവം കണക്കിലെടുത്ത് അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കണമെന്നാണ് ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകരും എംഎൽഎമാരും വാദിക്കുന്നത്. സിദ്ധരാമയ്യ പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയും ആയിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ പ്രായവും കണക്കിലെടുക്കണമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
എന്നാൽ ഡി കെ ശിവകുമാറിനെ മുഖ്യമന്ത്രിയാക്കുന്നതിന് മറ്റു പല തടസ്സങ്ങളും പാർട്ടി നേതൃത്വത്തിന് മുന്നിലുണ്ട്. അഴിമതി ആരോപണങ്ങൾ നേരിടുന്നയാളാണ് ശിവകുമാർ എന്നതാണ് ഇതിൽ പ്രധാനം. ഡി കെ ശിവകുമാറിനെ മുഖ്യമന്ത്രിയാക്കിയാൽ അദ്ദേഹത്തിനെതിരായ നീക്കങ്ങൾ കേന്ദ്ര ഏജൻസികൾ കടുപ്പിക്കുമെന്നും ഇത് കോൺഗ്രസിന് ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്നും പാർട്ടി കണക്കുകൂട്ടുന്നു. സിബിഐയുടെ പുതിയ ഡയറക്ടറായി കേന്ദ്ര സർക്കാർ നിയമിച്ച പ്രവീൺ സൂദ് ഇതുവരെ കർണാടക പോലീസ് ഡിജിപിയായിരുന്നു. ഡികെയും പ്രവീണും തമ്മിൽ അത്ര നല്ല ബന്ധത്തിലല്ല. അതിനാൽ ശിവകുമാറിനെ മുഖ്യമന്ത്രിയാക്കിയാൽ പകപോക്കൽ കൂടുതൽ ശക്തിപ്രാപിക്കുമെന്ന് ഉറപ്പാണ്.