editorial
എന്നാലും അടങ്ങിയിരിക്കില്ല ഇന്ത്യന്‍ ഫാസിസം
ജുഡീഷ്യറി മുഖേന ന്യൂനപക്ഷങ്ങളുടെ ഭരണഘടനാ ദത്തമായ അവകാശങ്ങള്‍ ഇല്ലാതാക്കാനും ഇന്ത്യയെ ഹിന്ദുത്വ രാജ്യമാക്കുന്നതിനുള്ള നീക്കങ്ങള്‍ വേഗത്തിലാക്കാനുമുള്ള ബി ജെ പിയുടെ ആസൂത്രിതമായ നീക്കത്തിന് കനത്ത തിരിച്ചടിയാണ് കഴിഞ്ഞ ദിവസത്തെ കോടതി വിധി.
മതേതരത്വത്തില്‍ അധിഷ്ഠിതമാണ് ഇന്ത്യയുടെ അടിത്തറയെന്ന വസ്തുത പരമോന്നത കോടതി ഒരിക്കല്‍ കൂടി തറപ്പിച്ചു പറഞ്ഞിരിക്കുന്നു. മതേതരത്വം, സോഷ്യലിസം എന്നീ വാക്കുകള്‍ ഭരണഘടനയില്‍ പിന്നീട് എഴുതിച്ചേര്‍ക്കപ്പെട്ടതാണെങ്കിലും ഭരണഘടനയുടെ അടിസ്ഥാന സ്വഭാവത്തില്‍ വേര്‍തിരിച്ചു മാറ്റാനാകാത്ത വിധം ഇഴചേര്‍ക്കപ്പെട്ടതാണ് ഈ സിദ്ധാന്തങ്ങളെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇവ രാജ്യത്തിന്റെ അവിഭാജ്യ ഘടകമായിക്കഴിഞ്ഞെന്നും ഭരണഘടനയുടെ ആമുഖത്തില്‍ നിന്ന് മതേതരത്വം, സോഷ്യലിസം എന്നീ വാക്കുകള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ബി ജെ പി നേതാക്കളായ ഡോ. സുബ്രഹ്മണ്യ സ്വാമി, അഡ്വ. അശ്വിനികുമാര്‍ ഉപാധ്യായ, ബല്‍റാം സിംഗ് എന്നിവര്‍ സമര്‍പ്പിച്ച ഹരജി തള്ളിക്കൊണ്ട് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് സഞ്ജയ് കുമാര്‍ എന്നിവരടങ്ങിയ സുപ്രീം കോടതി ബഞ്ച് വ്യക്തമാക്കി.
സംഘ്പരിവാര്‍ വൃത്തങ്ങള്‍ ഭരണഘടനയെ കടന്നാക്രമിക്കാന്‍ തുടങ്ങിയിട്ട് കാലങ്ങളായി. ഭരണഘടന കത്തിക്കണമെന്നായിരുന്നു ശബരിമലയില്‍ സ്ത്രീപ്രവേശം അനുവദിച്ചു കൊണ്ടുള്ള സുപ്രീം കോടതി വിധിക്കെതിരെ 2018 ഒക്ടോബറില്‍ പത്തനംതിട്ടയില്‍ ബി ജെ പി സംഘടിപ്പിച്ച യോഗത്തില്‍ പാര്‍ട്ടി നേതാവ് അഡ്വ. മുരളീധരന്‍ ഉണ്ണിത്താന്‍ പ്രസംഗിച്ചത്. ഭരണഘടനക്ക് പകരം മനുസ്മൃതിയും ത്രിവര്‍ണ പതാകക്ക് പകരം കാവി പതാകയും വേണമെന്ന് 1947ല്‍ തന്നെ ആര്‍ എസ് എസ് ആവശ്യപ്പെട്ടിരുന്നതാണ്. കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ പുതിയ പാര്‍ലിമെന്റ് മന്ദിരത്തില്‍ ചേര്‍ന്ന ആദ്യ സമ്മേളനത്തില്‍ മോദി സര്‍ക്കാര്‍ എം പിമാര്‍ക്ക് വിതരണം ചെയ്ത ഭരണഘടനാ കോപ്പികളില്‍ മതേതരത്വം, സോഷ്യലിസം എന്നീ വാക്കുകളുണ്ടായിരുന്നില്ലെന്നതും ശ്രദ്ധേയം.
രാജ്യത്തെ ഹിന്ദുത്വ രാജ്യമാക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട സംഘ്പരിവാര്‍ പ്രസ്ഥാനങ്ങളെ കൂടുതല്‍ അലോസരപ്പെടുത്തുന്നത് ഭരണഘടനയുടെ ആമുഖത്തിലെ മതനിരപേക്ഷത എന്ന വാക്കാണ്.
ഭരണഘടനയുടെ തുടക്കത്തില്‍ ഇല്ലാത്തതാണ് മതേതരത്വം, സോഷ്യലിസം എന്നീ വാക്കുകള്‍. 1976ല്‍ അടിയന്തരാവസ്ഥ കാലത്ത് ശരിയായ ജനാധിപത്യ പ്രക്രിയയിലൂടെ അല്ലാതെയാണ് ആ രണ്ട് പദങ്ങള്‍ ആമുഖത്തില്‍ ഉള്‍ക്കൊള്ളിച്ചതെന്നാണ് സംഘ്പരിവാര്‍ വൃത്തങ്ങള്‍ വാദിക്കുന്നത്.
എന്നാല്‍ ഡോ. അംബേദ്കറുടെ നേതൃത്വത്തിലുള്ള ഭരണഘടനാ അസംബ്ലി ഈ രണ്ട് വാക്കുകളും ആമുഖത്തില്‍ ഉള്‍പ്പെടുത്തിയില്ലെങ്കിലും, മതേതരത്വത്തില്‍ ഊന്നിയായിരിക്കും നമ്മുടെ രാജ്യത്തിന്റെ പ്രയാണമെന്ന് അന്നേ വ്യക്തമാക്കിയിട്ടുണ്ട്. സാമൂഹിക ജനാധിപത്യമില്ലെങ്കില്‍ നമ്മള്‍ സൃഷ്ടിച്ച ഈ രാഷ്ട്രീയ ജനാധിപത്യം പാഴായിപ്പോകുമെന്ന് 1950ല്‍ ഭരണഘടനാ അസംബ്ലിയിലെ അവസാന പ്രസംഗത്തില്‍ അംബേദ്കര്‍ പറഞ്ഞത് മതേതരത്വ വ്യവസ്ഥയുടെ അനിവാര്യതയിലേക്കുള്ള വിരല്‍ചൂണ്ടലായിരുന്നു.
ഭരണഘടനയുടെ ആമുഖം തുടങ്ങുന്നത് തന്നെ “ഇന്ത്യയിലെ ജനങ്ങളായ നമ്മള്‍’ എന്ന പ്രയോഗത്തോടെയാണ്. എല്ലാവരെയും തുല്യരായി കാണുന്ന, എല്ലാവര്‍ക്കും തുല്യ അവകാശങ്ങളുള്ള, എല്ലാ മതങ്ങളും തുല്യമായിരിക്കുന്ന ഒരു രാഷ്ട്രവും ഭരണഘടനയുമെന്നാണ് ഇതിന്റെ വ്യക്തമായ സൂചന. അഥവാ മതേതരത്വവും സോഷ്യലിസവും ഭരണഘടനയില്‍ അന്തര്‍ലീനമാണ്. ആമുഖത്തില്‍ ഇല്ലെങ്കിലും ഭരണഘടനയില്‍ അവയുണ്ട്. നേരത്തേ തന്നെ ഭരണഘടനയില്‍ വ്യംഗ്യമായി ഉള്‍ക്കൊണ്ടതും ജനാധിപത്യത്തില്‍ അലിഞ്ഞു ചേര്‍ന്നതുമായ ഒരാശയത്തെ തെളിച്ചു പറയുക മാത്രമാണ് 1976ലെ ഭേദഗതിയിലൂടെ പാര്‍ലിമെന്റ് ചെയ്തത്.
അല്ലാതെ പുതിയ ഒരാശയത്തെ കൂട്ടിച്ചേര്‍ക്കുകയല്ല. ഭരണഘടന ഉറപ്പ് നല്‍കുന്ന സമത്വത്തിനും സാഹോദര്യത്തിനുമുള്ള അവകാശത്തിന്റെ ഒരു വശമാണ് മതനിരപേക്ഷതയെന്ന വിശദീകരണത്തിലൂടെ ഇക്കാര്യം കോടതി ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നു. കേശവാനന്ദ ഭാരതി കേസുള്‍പ്പെടെ മുമ്പ് പല വിധിപ്രസ്താവങ്ങളിലും മതേതരത്വത്തിന് ഭരണഘടന കല്‍പ്പിക്കുന്ന പ്രാധാന്യം സുപ്രീം കോടതി വ്യക്തമാക്കിയതാണ്. ഇന്ത്യയുടെ അടിസ്ഥാന ഘടകങ്ങളിലൊന്നാണ് മതേതരത്വമെന്നാണ് ജസ്റ്റിസുമാരായ സിക്രി, അമര്‍നാഥ് ഗ്രോവര്‍, ജസ്റ്റിസ് ജെ എം ഷലാത്ത് എന്നിവരടങ്ങിയ സുപ്രീം കോടതി ബഞ്ച് നിരീക്ഷിച്ചത്.
ഇന്ത്യ മുതലാളിത്ത വ്യവസ്ഥയിലേക്ക് മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഭരണഘടനയുടെ ആമുഖത്തില്‍ സോഷ്യലിസ്റ്റ് എന്ന പദം തുടരുന്നത് ശരിയല്ല, സര്‍ക്കാറിന്റെ സാമ്പത്തിക നയത്തെ നിയന്ത്രിക്കാന്‍ അതിടയാക്കുമെന്നായിരുന്നു സോഷ്യലിസം നീക്കം ചെയ്യണമെന്ന ആവശ്യത്തിന് ഹരജിക്കാര്‍ ഉയര്‍ത്തിയ ന്യായവാദം. സോഷ്യലിസത്തിന് പാശ്ചാത്യലോകം കല്‍പ്പിക്കുന്ന അര്‍ഥം കണക്കിലെടുക്കേണ്ടതില്ല. തുല്യ അവസരങ്ങള്‍, രാജ്യത്തെ വിഭവങ്ങളുടെ തുല്യ വിതരണം എന്നീ അര്‍ഥങ്ങളുമുണ്ട് ആ പദത്തിനെന്നായിരുന്നു ഹരജിക്കാരുടെ വാദത്തോടുള്ള കോടതിയുടെ പ്രതികരണം.
അഥവാ സ്വകാര്യ സംരംഭകരെയോ വ്യവസായങ്ങളെയോ നിയന്ത്രിക്കുകയല്ല, ഇന്ത്യന്‍ ജനതയുടെ സാമൂഹിക, സാമ്പത്തിക ഉന്നതിയാണ് ഭരണഘടനയിലെ സോഷ്യലിസം എന്ന വാക്ക് ലക്ഷ്യമിടുന്നത്. ഈ വിഷയവുമായി ബന്ധപ്പെട്ട് നേരത്തേ നിരവധി വിധിപ്രസ്താവനകള്‍ വന്നിരിക്കെ വീണ്ടും ഇത് ഉന്നയിക്കുന്നത് എന്തിനെന്നും കോടതി ചോദിച്ചു. 2008ലും സുപ്രീം കോടതി മുമ്പാകെ വന്നിരുന്നു സോഷ്യലിസം എന്ന വാക്ക് ഒഴിവാക്കണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള ഹരജി. സോഷ്യലിസത്തെ കമ്മ്യൂണിസവുമായി മാത്രം ചേര്‍ത്തു വായിക്കുന്നത് എന്തിനാണെന്നാണ് ഹരജി തള്ളിക്കൊണ്ട് അന്ന് സുപ്രീം കോടതി ചോദിച്ചത്.
ജുഡീഷ്യറി മുഖേന ന്യൂനപക്ഷങ്ങളുടെ ഭരണഘടനാ ദത്തമായ അവകാശങ്ങള്‍ ഇല്ലാതാക്കാനും ഇന്ത്യയെ ഹിന്ദുത്വ രാജ്യമാക്കുന്നതിനുള്ള നീക്കങ്ങള്‍ വേഗത്തിലാക്കാനുമുള്ള ബി ജെ പിയുടെ ആസൂത്രിതമായ നീക്കത്തിന് കനത്ത തിരിച്ചടിയാണ് കോടതി വിധി. എന്നാലും അടങ്ങിയിരിക്കില്ല ഇന്ത്യന്‍ ഫാസിസ്റ്റുകള്‍. സദാ ജാഗ്രത്തായിരിക്കണം മതേതര പാര്‍ട്ടികളും പ്രസ്ഥാനങ്ങളും.