National
ജനാധിപത്യത്തെ കശാപ്പുചെയ്യുന്നത് അംഗീകരിക്കില്ല; ചണ്ഡീഗഡ് മേയര്‍ തിരഞ്ഞെടുപ്പില്‍ ക്രമക്കേട് നടത്തിയെന്ന് സുപ്രീം കോടതി
പുതിയ തിരഞ്ഞെടുപ്പ് വേണമെന്നും സുപ്രീം കോടതി നിരീക്ഷിച്ചു
![](https://assets.sirajlive.com/2021/08/supreme-court-897x538.jpg)
ന്യൂഡല്‍ഹി | ചണ്ഡീഗഡ് മേയര്‍ തിരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പറില്‍ ക്രമക്കേട് നടത്തിയെന്ന് സുപ്രീം കോടതി. ജനാധിപത്യത്തെ കശാപ്പു ചെയ്യുന്ന രീതി അംഗീകരിക്കില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. ചണ്ഡീഗഡില്‍ നടന്ന മേയര്‍ തിരഞ്ഞെടുപ്പില്‍ ക്രമക്കേട് കാട്ടിയാണ് ബി ജെ പി വിജയിച്ചതെന്ന് കാണിച്ച് ആം ആദ്മി പാര്‍ട്ടിയാണ് സുപ്രീം കോടതിയെ സമീപിച്ചത്. പ്രിസൈഡിങ് ഓഫീസര്‍ ക്രമക്കേട് കാണിച്ചു , ബാലറ്റ് പേപ്പറില്‍ ക്രമക്കേട് കാണിച്ച ഓഫീസറെ അറസ്റ്റ് ചെയ്യണമെന്ന് ആം ആദ്മി പാര്‍ട്ടി ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് – എ എ പി സഖ്യത്തിന് അനുകൂലമായിരുന്ന തിരഞ്ഞെടുപ്പില്‍ 8 വോട്ടുകള്‍ അസാധുവാക്കി ബി ജെ പിക്ക് അനായാസം വിജയിക്കാനുള്ള സാഹചര്യം ഒരുക്കുകയായിരുന്നു പ്രിസൈഡിങ് ഓഫീസറെന്ന് ആം ആദ്മി പാര്‍ട്ടി ആരോപിച്ചു. ഡല്‍ഹിയിലും ചണ്ഡീഗഡിലും വ്യാപക പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ച ശേഷം ആം ആദ്മി പാര്‍ട്ടി കോടതിയെ സമീപിക്കുകയായിരുന്നു.
ജനാധിപത്യത്തെ കശാപ്പു ചെയ്യുന്ന പ്രവര്‍ത്തിയാണ് റിട്ടണിങ് ഓഫീസര്‍ ചെയ്തത്. അദ്ദേഹം ക്യാമറയില്‍ നോക്കിക്കൊണ്ട് ബാലറ്റ് പേപ്പറില്‍ ക്രമക്കേട് കാണിക്കുന്നത് വീഡിയോയില്‍ വ്യക്തമായി കാണാം. ഇദ്ദേഹത്തെ നിയമനടപടിക്ക് വിധേയനാക്കണം. – വിചാരണക്കിടെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു.
ജനുവരി 30 ന് നടന്ന മേയര്‍ തിരഞ്ഞെടുപ്പിലാണ് കോണ്‍ഗ്രസ് – എ എ പി സഖ്യത്തെ പരാജയപ്പെടുത്തി ബി ജെ പി വിജയം നേടിയത്. ബി ജെ പി യുടെ മനോജ് സോങ്കര്‍ എ എ പി യുടെ കുല്‍ദീപ് കുമാറിനെ പരാജയപ്പെടുത്തുകയായിരുന്നു. ബി ജെ പിക്ക് 16 വോട്ടും എ എ പി ക്ക് 12 വോട്ടുമാണ് ലഭിച്ചത്. 8 വോട്ടുകള്‍ റിട്ടേണിങ് ഓഫീസര്‍ അസാധുവായി പ്രഖ്യാപിക്കുകയായിരുന്നു. കേസ് അടുത്ത തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.