Story
ചിറകൊടിഞ്ഞ പൂമ്പാറ്റകൾ
കുഞ്ഞുവാവ വന്നാൽ ഞാനും കളിക്കാൻ പോകും. ഞാനും കുഞ്ഞുവാവയും കൂടി അവിടെ ഒരു പുതിയ പനിനീർ ചെടി നടും. അപ്പോഴും വെടിയുണ്ടയുടെ ശബ്ദങ്ങൾ അവളുടെ കാതിൽ പ്രകമ്പനം കൊള്ളിച്ചുകൊണ്ടിരിക്കുന്നുണ്ടായിരുന്നു

ഇന്ന് വളരെ നേരത്തെ അവൾ ഉണർന്നു. പതിവിലും വിപരീതമായി വെടിയുണ്ടയുടെ ശബ്ദം കാത്തിരിക്കുന്നു. എഴുന്നേറ്റപ്പോൾ അവൾ ഉമ്മയോട് ഉപ്പയെ തിരക്കി. ഉപ്പ ഇന്ന് നേരത്തെ പോയിരിക്കുന്നു. നമ്മുടെ അടുത്തുള്ള കെട്ടിടത്തിലാണ് ഇന്ന് ബോംബ് വീണത്. ഉപ്പ രക്ഷാപ്രവർത്തനത്തിന് പോയിരിക്കുകയാണെന്ന് ഉമ്മ പറഞ്ഞു.ഇടയ്ക്കിടെ ഉപ്പ അങ്ങനെ പോകാറുള്ളതാ. അവൾ അത് കാര്യമാക്കിയില്ല.
ചായ കുടിച്ചതിന് ശേഷം അവൾ മുകളിലെ നിലയിൽ നിന്നും താഴേക്ക് ഇറങ്ങി. തന്റെ കൂട്ടുകാരി ലുബാബ തന്നെ കാത്തു നിൽകുന്നുണ്ടാകും. അവൾ ധൃതിയിൽ ഓടിപ്പോയി. പക്ഷേ, ലുബാബയെ അവിടെ കണ്ടില്ല. അവൾ എല്ലായിടത്തും തിരഞ്ഞു. അവസാനം അവൾ വിഷമത്തോടെ തന്റെ മുറിയിലേക്ക് തന്നെ പോയി. അപ്പോഴേക്കും ഉപ്പ വീട്ടിലെത്തിയിരുന്നു. ഉമ്മ ചോദിച്ചു. “എന്തേ ഇന്ന് കളി ഇത്രവേഗം കഴിഞ്ഞോ?’ “ഇല്ല എന്റെ കൂട്ടുകാരി ലുബാബ വന്നില്ല. അതുകൊണ്ട് ഞാൻ കളിക്കാതെ തിരിച്ചു പോന്നു’.
ഭക്ഷണം കഴിച്ച ശേഷം ഉപ്പ പറഞ്ഞു. ഇന്ന് നമ്മുടെ ലുബാബയുടെ ഫ്ലാറ്റിലാണ് വെടിയുണ്ട വീണത്. അവർ എല്ലാവരും ഒരുമിച്ച് സ്വർഗത്തിലേക്ക് പോയി. അവൾ ആകെ ഞെട്ടിത്തരിച്ചു. എപ്പോഴും കേൾക്കാറുള്ളതാ… പ്രിയ കൂട്ടുകാരി ലുബാബ ആണെന്ന് അറിഞ്ഞപ്പോൾ അവൾക്ക് സഹിക്കാൻ കഴിഞ്ഞില്ല. അവളില്ലാതെ ഞാൻ ഇനി എങ്ങനെ കളിക്കും. സങ്കടത്തോടെ ഇരിക്കുമ്പോൾ ഉമ്മ വന്നു ആശ്വസിപ്പിച്ചു. മോളെ എല്ലാവരും നാളെ പോകേണ്ടവരാണ്. അവർ കുറച്ചു നേരത്തെ പോയി എന്നേയുള്ളൂ. ആ സങ്കടങ്ങൾക്കിടയിലാണ് ഒരു സന്തോഷവാർത്ത വീട്ടിൽ പരന്നത്. അവൾക്ക് കളിക്കാൻ കൂട്ടായി ഒരു കുഞ്ഞുവാവ വരുന്നു. ഉപ്പാന്റെയും ഉമ്മാന്റെയും മുഖത്ത് സന്തോഷം, അവളാകെ ആഹ്ലാദത്തിലാണ്. ബാൽക്കണിയിലൂടെ അവൾ താഴേക്ക് നോക്കി. കുഞ്ഞുവാവ വന്നാൽ ഞാനും കളിക്കാൻ പോകും. ഞാനും കുഞ്ഞുവാവയും കൂടി അവിടെ ഒരു പുതിയ പനിനീർ ചെടി നടും. അപ്പോഴും വെടിയുണ്ടയുടെ ശബ്ദങ്ങൾ അവളുടെ കാതിൽ പ്രകമ്പനം കൊള്ളിച്ചുകൊണ്ടിരിക്കുന്നുണ്ടായിരുന്നു.
എന്നും നിസ്കാര ശേഷം അവൾ കൂട്ടുകാരിക്ക് വേണ്ടി പ്രാർഥിക്കും. നിസ്കാരപ്പായയിൽ നിന്ന് ഉമ്മ അവൾക്ക് പഴയ കഥകൾ പറഞ്ഞു കൊടുക്കാറുണ്ട്. ഉമ്മാന്റെ സ്കൂൾ ജീവിതവും അവരുടെ സ്വന്തം വീടും എല്ലാമെല്ലാം… അത് കേൾക്കാൻ അവൾക്ക് ഒത്തിരി ഇഷ്ടമാണ്. അവൾക്ക് വീട് എങ്ങനെയാണെന്ന് പോലും അറിയില്ല. അവൾ ഇതുവരെ ബാഗുമെടുത്ത് സ്കൂളിൽ പോയിട്ടില്ല. കാരണം, അവൾ ജീവിക്കുന്നത് തന്നെ സ്കൂളിലാണല്ലോ.കൂട്ടുകാരി ഇല്ലാത്ത അവൾക്കെല്ലാം അവളുടെ ഉമ്മയാണ്. എല്ലാ ദിവസവും ബാൽക്കണിയിൽ നിന്നും മറ്റും കുട്ടികൾ കളിക്കുന്നത് അവൾ നോക്കി നിൽക്കാറുണ്ട്. എന്നും താൻ വെള്ളമൊഴിക്കുന്ന ആ പനിനീർച്ചെടിയും കരിഞ്ഞിരിക്കുന്നു. അവിടെ നിന്നാണ് അവൾ കളിക്കാറുള്ളത്.
മുറിയിൽ കിടക്കുന്ന ഉമ്മയെ കെട്ടിപ്പിടിച്ചുകൊണ്ട് അവൾ പറഞ്ഞു. കുഞ്ഞനിയൻ ആയിരിക്കും വരുന്നത്.ഉമ്മ ചിരിച്ചു.എല്ലാ ദിവസവും അവർ ബാൽക്കണിയിലൂടെ നോക്കും. മൈതാനത്ത് കളിക്കാൻ കുട്ടികൾ തീരെ ഇല്ലാതായിരിക്കുന്നു. മറുവശത്ത് വെള്ളത്തുണിയിൽ പൊതിഞ്ഞ ശരീരങ്ങൾ അടുക്കി അടുക്കി വെച്ചിരിക്കുന്നു. അന്തരീക്ഷം ആകെ കറുത്ത പുകകൊണ്ട് മൂടിയിരിക്കുന്നു. എങ്ങും വെടിയുണ്ടയുടെ ശബ്ദങ്ങൾ മാത്രം.
ഒരു ദിവസം രാവിലെ ഉപ്പ ഉമ്മാനെയും കൂട്ടി ഹോസ്പിറ്റലിലേക്ക് പോയി. അവൾ ഉമ്മാമാന്റെ കൂടെ മുറിയിൽ തന്നെയിരുന്നു. അവൾ നല്ല സന്തോഷത്തിലാണ്. നാളെ അവളുടെ വീട്ടിൽ ഒരു കുഞ്ഞ് അതിഥി വരുന്നു. അവൾ മുറിയെല്ലാം വൃത്തിയാക്കി അലങ്കരിച്ചു വെച്ചു. പിറ്റേന്ന് അവൾ നേരത്തെ എഴുന്നേറ്റു. കുഞ്ഞുവാവയെ കാണാൻ അവളുടെ കുഞ്ഞു മനസ്സിൽ അതിയായ ആഗ്രഹമായി. അവൾ ഉപ്പ വരുന്നതും കാത്തിരുന്നു. വൈകുന്നേരം ഒരു രക്തം പുരണ്ട വെള്ളപ്പൊതിയുമായി ഉപ്പ വന്നു. അതിൽ എഴുതിയ ജനിച്ച തീയതിയും മരിച്ച തീയതിയും ഒന്നുതന്നെയായിരുന്നു. ഉപ്പ ഉമ്മാമാനോട് പറഞ്ഞു. അവർ ഹോസ്പിറ്റലിലും ബോംബ് ഇട്ടിരിക്കുന്നു. രക്തം പുരണ്ട വെള്ള തുണി കഴിച്ച് ഉപ്പ അവൾക്ക് കുഞ്ഞനിയനെ കാണിച്ചുകൊടുത്തു. അവൾ തേങ്ങി തേങ്ങി കരഞ്ഞു. വീണ്ടും അവൾ തനിച്ചായല്ലോ. ഉപ്പ അവളെ നോക്കി പറഞ്ഞു ഉമ്മ നമ്മെ വരവേൽക്കാൻ നേരത്തെ സ്വർഗത്തിലേക്ക് യാത്രയായിരിക്കുന്നു. പ്രിയപ്പെട്ട ഉമ്മയും കാത്തിരുന്ന കുഞ്ഞ് അനിയനും അവളെ തനിച്ചാക്കി യാത്രയായി.