Connect with us

Ongoing News

കോലിക്ക് മറുപടി ബട്‌ലര്‍ ; ബംഗളൂരുവിനെതിരെ രാജസ്ഥാന് ആറ് വിക്കറ്റ് ജയം

തുടര്‍ച്ചയായ നാലാം ജയത്തോടെ രാജസ്ഥാന്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി

Published

|

Last Updated

ജയ്പൂര്‍ | വിരാട് കോലിയുടെ സെഞ്ച്വറിക്ക് ജോഷ് ബട്ലറിലൂടെ മറുപടി നല്‍കി രാജസ്ഥാന്‍ റോയല്‍സ്. ഐ പി എല്ലില്‍ ‘ഇരട്ട സെഞ്ച്വറി’ പിറന്ന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് ആറ് വിക്കറ്റ് ജയം. തുടര്‍ച്ചയായ നാലാം ജയത്തോടെ രാജസ്ഥാന്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. ബെംഗളൂരു ഉയര്‍ത്തിയ 184 റണ്‍സ് വിജയലക്ഷ്യം രാജസ്ഥാന്‍ 19.1 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു.

ജോഷ് ബട്ലറുടെ സെഞ്ച്വറിയാണ് (58 പന്തില്‍ 100) രാജസ്ഥാന് ജയമൊരുക്കിയത്. അവസാന ഓവറില്‍ ഒരു റണ്‍സായിരുന്നു രാജസ്ഥാന്റെ ലക്ഷ്യം. ആദ്യ പന്ത് തന്നെ സിക്സ് പറത്തി ബട്ലര്‍ സെഞ്ച്വറിയും ടീമിന്റെ ജയവും കുറിച്ചു. ഒമ്പത് ബൗണ്ടറിയും നാല് സിക്സും അടങ്ങുന്നതായിരുന്നു ബട്ലറുടെ ഇന്നിംഗ്സ്. സഞ്ജു സാംസണ്‍ (42 പന്തില്‍ 69) വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ബെംഗളൂരു 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് 183 റണ്‍സ് അടിച്ചുകൂട്ടിയത്. 72 പന്തുകളില്‍ നിന്ന് 113 റണ്‍സെടുത്ത കോലി പുറത്താകാതെ നിന്നു. 33 പന്തില്‍ 44 റണ്‍സെടുത്ത ഫാഫ് ഡുപ്ലെസിയും തിളങ്ങി. 12 ബൗണ്ടറിയും നാല് സിക്സും കോലിയുടെ ബാറ്റില്‍ നിന്നൊഴുകി. ഈ സീസണിലെ ആദ്യ സെഞ്ച്വറിക്കാണ് സഫായ് മാന്‍സിംഗ് സ്റ്റേഡിയം സാക്ഷിയായത്. 67 പന്തില്‍ ഒമ്പത് ബൗണ്ടറിയുടെയും ആറ് സിക്സിന്റെയും അകമ്പടിയോടെയാണ് കോലി 100 തികച്ചത്.

ഓപണിംഗ് വിക്കറ്റില്‍ കോലിയും ഡുപ്ലസിയും ചേര്‍ന്ന് ബെംഗളൂരുവിന് മികച്ച തുടക്കം നല്‍കി. ഇരുവരും ചേര്‍ന്ന് 13.6 ഓവറില്‍ 125 റണ്‍സ് നേടി അടിത്തറയൊരുക്കിയപ്പോള്‍ ബൗളര്‍മാരെ മാറ്റി പരീക്ഷിച്ച് സഞ്ജു സാംസണ്‍ റണ്ണൊഴുക്ക് നിയന്ത്രിച്ചു. 14ാം ഓവറില്‍ ഡുപ്ലെസിയെ ജോഷ് ബട്ലറുടെ കൈകളിലെത്തിച്ച് യുസ്്വേന്ദ്ര ചാഹല്‍ കൂട്ടുകെട്ട് പൊളിച്ചു. ഗ്ലെന്‍ മാക്സ്്വെല്ലിനെ (ഒന്ന്) നാന്ദ്രെ ബര്‍ഗര്‍ ബൗള്‍ഡാക്കിയപ്പോള്‍, അരങ്ങേറ്റക്കാരന്‍ സൗരവ് ചൗഹാനെ (ഒമ്പത്) ചാഹല്‍ ജയ്സ്വാളിന്റെ കൈകളിലെത്തിച്ചു. അഞ്ച് റണ്‍സുമായി കാമറൂണ്‍ ഗ്രീന്‍ പുറത്താകാതെ നിന്നു. രാജസ്ഥാന് വേണ്ടി ചാഹല്‍ രണ്ടും ബര്‍ഗര്‍ ഒരു വിക്കറ്റും വീഴ്ത്തി.

 

Latest