National
അഞ്ചു കോടി രൂപയുമായി ബി വി എ പ്രവര്‍ത്തകര്‍ പിടികൂടി; ബി ജെ പി നേതാവ് വിനോദ് താവ്‌ഡെ വിവാദക്കുരുക്കില്‍
താവ്‌ഡെയെ വോട്ടര്‍മാര്‍ക്ക് വിതരണം ചെയ്യാനുള്ള അഞ്ചുകോടി രൂപയുമായി ബഹുജന്‍ വികാസ് അഘാഡി (ബി വി എ) പ്രവര്‍ത്തകര്‍ പിടികൂടി.
മുംബൈ | മഹാരാഷ്ട്രയില്‍ നാളെ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കേ, ബി ജെ പി ദേശീയ ജനറല്‍ സെക്രട്ടറി വിനോദ് താവ്‌ഡെ വിവാദകുരുക്കില്‍. താവ്‌ഡെയെ വോട്ടര്‍മാര്‍ക്ക് വിതരണം ചെയ്യാനുള്ള അഞ്ചുകോടി രൂപയുമായി ബഹുജന്‍ വികാസ് അഘാഡി (ബി വി എ) പ്രവര്‍ത്തകര്‍ പിടികൂടി. പല്‍ഗര്‍ ജില്ലയില്‍ വിരാറിലെ വിവന്ത ഹോട്ടലില്‍ വച്ചാണ് താവ്‌ഡെയെ പണം സഹിതം പിടികൂടിയത്. ഹോട്ടലില്‍ ബി വി എ, ബി ജെ പി പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി.
പണം നല്‍കാനുള്ളവരുടെ പേര് അടങ്ങുന്ന രണ്ട് ഡയറികള്‍ താവ്ഡെയില്‍ നിന്ന് പിടിച്ചെടുത്തെന്ന് ബഹുജന്‍ വികാസ് അഘാഡി നേതാവ് ഹിതേന്ദ്ര താക്കൂര്‍ പറഞ്ഞു. 15 കോടി രൂപയാണ് വിതരണം ചെയ്യാന്‍ പദ്ധതിയിട്ടതെന്നും ഇതേ കുറിച്ച് ഡയറിയില്‍ വ്യക്തമാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബാഗില്‍ നിന്ന് നോട്ടുകെട്ടുകള്‍ ഉയര്‍ത്തിക്കാണിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ബി വി എ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. പോലീസ് എത്തി വിനോദ് താവ്‌ഡെയെ സ്ഥലത്ത് നിന്ന് മാറ്റി.
വോട്ടര്‍മാരെ സ്വാധീനിക്കുന്നതിനായി അഞ്ചുകോടി വിതരണം ചെയ്യുന്നതിന് വിനോദ് താവ്‌ഡെ വിരാറിലേക്ക് വരുന്നുണ്ടെന്ന് ചില ബി ജെ പി നേതാക്കള്‍ അറിയിക്കുകയായിരുന്നുവെന്ന് റിപോര്‍ട്ടര്‍മാരോട് സംസാരിക്കവേ താക്കുര്‍ പറഞ്ഞു. ഇത്തരം വിലകുറഞ്ഞ കാര്യങ്ങള്‍ താവ്‌ഡെ ചെയ്യില്ലെന്നായിരുന്നു തന്റെ വിശ്വാസമെന്നും താക്കുര്‍ പ്രതികരിച്ചു.