Connect with us

National

ഉപതിരഞ്ഞെടുപ്പ് ഫലം; ഭയത്തിന്റെ ചങ്ങല പൊട്ടിയെന്ന് പ്രതിപക്ഷം

കർഷകർ, യുവാക്കൾ, തൊഴിലാളികൾ, വ്യവസായികൾ, തൊഴിലുടമകൾ എന്നിങ്ങനെ എല്ലാവിഭാഗം ജനങ്ങളും സ്വേച്ഛാധിപത്യത്തെ തകർത്ത് നീതിയുടെ ഭരണം സ്ഥാപിക്കാൻ ആഗ്രഹിക്കുന്നു.

Published

|

Last Updated

ന്യൂഡൽഹി | ഉപതിരഞ്ഞെടുപ്പിൽ ഇന്ത്യ മുന്നണി വലിയ മുന്നേറ്റമുണ്ടാക്കിയതിനു പിന്നാലെ ബി ജെ പിക്കെതിരെ രൂക്ഷമായ പ്രതികരണവുമായി കോൺഗ്രസ്സ് നേതാക്കൾ രംഗത്തെത്തി. ബി ജെ പി കൂട്ടിക്കെട്ടിയ ഭയത്തിന്റെയും ആശയക്കുഴപ്പത്തിന്റെയും ചങ്ങല പൊട്ടിയെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധി പറഞ്ഞു.

കർഷകർ, യുവാക്കൾ, തൊഴിലാളികൾ, വ്യവസായികൾ, തൊഴിലുടമകൾ എന്നിങ്ങനെ എല്ലാവിഭാഗം ജനങ്ങളും സ്വേച്ഛാധിപത്യത്തെ തകർത്ത് നീതിയുടെ ഭരണം സ്ഥാപിക്കാൻ ആഗ്രഹിക്കുന്നു. പൊതുജനം അവരുടെ ജീവിത പുരോഗതിക്കും ഭരണഘടനയുടെ സംരക്ഷണത്തിനുമായി ഇന്ത്യക്കൊപ്പം നിന്നുവെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും രാഷ്ട്രീയ വിശ്വാസ്യത തകർന്നതിന്റെ വ്യക്തമായ തെളിവാണ് ഉപതിരഞ്ഞെടുപ്പ് ഫലമെന്ന് കോൺഗ്രസ്സ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രതികരിച്ചു.

തിരഞ്ഞെടുപ്പ് ഫലത്തിൽ ബി ജെ പിക്ക് തള്ളിക്കളയാൻ കഴിയാത്ത പാഠങ്ങളുണ്ടെന്നായിരുന്നു മുതിർന്ന കോൺ​ഗ്രസ്സ് നേതാവ് പി ചിദംബരത്തിന്റെ പ്രതികരണം. തൊഴിലില്ലായ്മ, വിലക്കയറ്റം, വിദ്വേഷ പ്രചാരണം തുടങ്ങിയവ ബി ജെ പിക്ക് ജനങ്ങളുടെയിടയിൽ അപ്രീതിക്ക് കാരണമായെന്നും അദ്ദേഹം വിമർശിച്ചു.

വർത്തമാന കാലത്തെ മെച്ചപ്പെടുത്തുകയും ശോഭനമായ ഭാവിക്കായി വ്യക്തമായ രൂപരേഖ തയ്യാറാക്കുകയും ചെയ്യുന്ന പോസിറ്റീവ് രാഷ്ട്രീയമാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്നും യുവ ഇന്ത്യയുടെ ആവശ്യങ്ങളോടും അഭിലാഷങ്ങളോടും തങ്ങൾ പ്രതിജ്ഞാബദ്ധമാണെന്നും കോൺഗ്രസ്സ് നേതാവ് പ്രിയങ്കാ ​ഗാന്ധി പറഞ്ഞു.

Latest