Connect with us

Editorial

ഉപതിരഞ്ഞെടുപ്പ് ഫലം വിരല്‍ ചൂണ്ടുന്നത്

സര്‍ക്കാറിനെതിരായ ജനവിധിയെന്നാണ് തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് യു ഡി എഫ് അവകാശവാദമെങ്കിലും മണ്ഡലം പിറന്നതു മുതല്‍ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥികള്‍ വിജയിച്ച തൃക്കാക്കരയിലെ ഈ വിജയത്തിന് അത്തരമൊരു തലം രാഷ്ട്രീയ നിരീക്ഷകര്‍ കാണുന്നില്ല.

Published

|

Last Updated

തിളക്കമാര്‍ന്ന വിജയമാണ് തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ യു ഡി എഫ് സ്ഥാനാര്‍ഥി ഉമാ തോമസ് നേടിയത്. മണ്ഡലം രൂപവത്കൃതമായതു മുതല്‍ യു ഡി എഫ് സ്ഥാനാര്‍ഥികള്‍ മാത്രമാണ് തൃക്കാക്കരയില്‍ വിജയിച്ചതെങ്കിലും ഇത്തവണ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷമാണ് ഉമ നേടിയത്. 2021ല്‍ പി ടി തോമസ് നേടിയ 14,329ന്റെയും അതിന് മുമ്പ് ബെന്നി ബെഹനാന്‍ നേടിയ 22,406ന്റെയും ഭൂരിപക്ഷം മറികടന്ന് 25,016ലെത്തിയിരിക്കുകയാണ് ഉമാ തോമസിന്റെ ഭൂരിപക്ഷം. തീപാറുന്ന പോരാട്ടമായിട്ടും വോട്ടിംഗ് ശതമാനം ഉയരാതിരുന്നത് വിജയിക്കുന്ന സ്ഥാനാര്‍ഥിയുടെ ഭൂരിപക്ഷം കുറയാനിടയാക്കുമെന്ന രാഷ്ട്രീയ നിരീക്ഷകരുടെ അനുമാനം ഇവിടെ തെറ്റി.

സഹതാപതരംഗം, പ്രചാരണ രംഗത്ത് യു ഡി എഫും ഉമാ തോമസും കാഴ്ചവെച്ച മികച്ച പ്രകടനം, ട്വന്റി 20യുടെ വോട്ടുകള്‍ തുടങ്ങി യു ഡി എഫിന്റെ റെക്കോര്‍ഡ് വിജയത്തിന് പിന്നിലെ ഘടകങ്ങള്‍ പലതാണ്. സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത് മുതല്‍ ചിട്ടയായ പ്രവര്‍ത്തനമാണ് യു ഡി എഫ് നടത്തിയത്. രാഷ്ട്രീയ രംഗം അത്ര പരിചയമില്ലാത്ത ഉമയെ കോണ്‍ഗ്രസ്സ് കളത്തിലിറക്കിയത് മുഖ്യമായും സഹതാപ വോട്ട് മുന്നില്‍ കണ്ടായിരുന്നെങ്കിലും പ്രചാരണം തുടങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പി ടിയുടെ നിഴലല്ല, മികച്ചൊരു രാഷ്ട്രീയ പ്രവര്‍ത്തകയാണ് താനെന്ന് തെളിയിക്കാനും വോട്ടര്‍മാരുടെ മനസ്സില്‍ ഇടം നേടാനും ഉമക്കായി. ട്വന്റി 20യുടെ വോട്ടുകളും ഉമാ തോമസിനാണ് ലഭിച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഉടനെ ആം ആദ്മിയോടൊപ്പം ചേര്‍ന്ന് മത്സരിക്കുമെന്നു പ്രഖ്യാപിച്ച ട്വന്റി 20, പിന്നീട് തൃക്കാക്കര തിരഞ്ഞെടുപ്പിന് തങ്ങള്‍ അത്ര വലിയ രാഷ്ട്രീയ പ്രാധാന്യം കാണുന്നില്ലെന്നും അടുത്ത പൊതുതിരഞ്ഞെടുപ്പില്‍ എല്ലാ സീറ്റിലും മത്സരിക്കുമെന്നും അറിയിച്ച് പിന്‍വാങ്ങുകയാണുണ്ടായത്. 2021ലെ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ 13,897 വോട്ടുകള്‍ നേടിയിരുന്നു ട്വന്റി 20.

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന് സി പി എം നല്‍കിയ അമിത പ്രാധാന്യവും ഫലത്തില്‍ യു ഡി എഫിന് ഗുണം ചെയ്തതായി വിലയിരുത്തപ്പെടുന്നു. 140ല്‍ 99 സീറ്റിന്റെ ബലത്തില്‍ അധികാരത്തിലിരിക്കുന്ന സി പി എമ്മിനെ സംബന്ധിച്ചിടത്തോളം തൃക്കാക്കര നിലനില്‍പ്പിന്റെ പ്രശ്‌നമോ അഭിമാന പോരാട്ടമോ ആയിരുന്നില്ല. യു ഡി എഫിന്റെ ഉറച്ച സീറ്റായ തൃക്കാക്കരയില്‍ ഉമാ തോമസ് വിജയിച്ചാല്‍ സി പി എമ്മിന് പ്രത്യേകിച്ചൊന്നും നഷ്ടപ്പെടാനുണ്ടായിരുന്നില്ല. എന്നിട്ടും സീറ്റ് എങ്ങനെയെങ്കിലും പിടിച്ചെടുത്ത് സെഞ്ച്വറി തികക്കണമെന്ന വാശിയില്‍ കാടിളക്കിയുള്ള പ്രചാരണമാണ് സി പി എം നടത്തിയത്.

സംസ്ഥാനത്ത് മറ്റൊരു ഉപതിരഞ്ഞെടുപ്പിലും കണ്ടിട്ടില്ലാത്ത വിധം പാര്‍ട്ടി സംവിധാനങ്ങള്‍ കേന്ദ്രീകരിച്ചിരുന്നു മണ്ഡലത്തില്‍. മുഖ്യമന്ത്രി പിണറായി വിജയന്‍, സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ എന്നിവര്‍ നേരിട്ടാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നല്‍കിയത്. അതോടെ യു ഡി എഫ് കേന്ദ്രങ്ങളും പതിനെട്ടടവും പയറ്റുകയും കോണ്‍ഗ്രസ്സിന്റെയും ഘടക കക്ഷികളുടെയും വോട്ടുകള്‍ക്കപ്പുറം കിട്ടാവുന്ന വോട്ടുകളെല്ലാം അവര്‍ നേടുകയും ചെയ്തു. തൃക്കാക്കരയില്‍ സി പി എം വിജയിച്ചാല്‍ സില്‍വര്‍ ലൈന്‍ പദ്ധതിക്കുള്ള ജനസമ്മതിയായി അതിനെ അവകാശപ്പെടാനാകുമെന്നതായിരിക്കണം സി പി എം നേതൃത്വത്തിന്റെ കാഴ്ചപ്പാട്. കോണ്‍ഗ്രസ്സ് നേതൃത്വവുമായി ഇടഞ്ഞ് നില്‍ക്കുന്ന കെ വി തോമസിനെ ഉപയോഗപ്പെടുത്തിയുള്ള പ്രചാരണം ഫലം ചെയ്യുമെന്ന ഇടതു മുന്നണിയുടെ കണക്കുകൂട്ടലും തെറ്റി. ഡോക്ടര്‍ എന്ന നിലയില്‍ മികച്ച ഗ്രാഫുണ്ടെങ്കിലും ഡോ. ജോ ജോസഫ് ഒരു മികച്ച സ്ഥാനാര്‍ഥിയല്ലെന്ന അഭിപ്രായം പാര്‍ട്ടി അണികളില്‍ നിന്ന് തന്നെ ഉയര്‍ന്നിരുന്നു. ഡോ. ജോ ജോസഫ് ജോലി ചെയ്യുന്ന ആശുപത്രിയില്‍ വെച്ച് പുരോഹിതന്റെ സാന്നിധ്യത്തില്‍ നടത്തിയ സ്ഥാനാര്‍ഥി പ്രഖ്യാപനം സഭയുടെ സ്ഥാനാര്‍ഥിയെന്ന പ്രചാരണമുണ്ടാക്കി, അതും തിരിച്ചടിയായി.

കെ സുധാകരന്‍ സംസ്ഥാന കോണ്‍ഗ്രസ്സ് അധ്യക്ഷ പദവിയും വി ഡി സതീശന്‍ പ്രതിപക്ഷ നേതൃസ്ഥാനവും ഏറ്റെടുത്ത ശേഷം നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പായതിനാല്‍ തൃക്കാക്കരയിലെ യു ഡി എഫിന്റെ മിന്നുന്ന വിജയം ഇരുവര്‍ക്കും ഏറെ ആശ്വാസകരവും അഭിമാനാര്‍ഹവുമാണ്. മണ്ഡലം കൈവിട്ടു പോയിരുന്നെങ്കില്‍ കോണ്‍ഗ്രസ്സ് നേതൃത്വത്തില്‍ ആഭ്യന്തര കലഹം രൂക്ഷമാകുകയും 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ നില പരുങ്ങലിലാകുകയും ചെയ്യുമായിരുന്നു. ബി ജെ പിയുടെയും പി സി ജോര്‍ജിന്റെയും വര്‍ഗീയ അജന്‍ഡകള്‍ക്ക് കേരളീയ മനസ്സുകളെ സ്വാധീനിക്കാനാകില്ലെന്ന് ഒരിക്കല്‍ കൂടി ബോധ്യപ്പെടുത്തി തൃക്കാക്കര. ഒ രാജഗോപാലിന് ശേഷം നിയമസഭയിലേക്ക് ബി ജെ പി. എം എല്‍ എയായി പോകുന്ന സ്ഥാനാര്‍ഥി താനായിരിക്കുമെന്നാണ് പോളിംഗ് ദിനത്തില്‍ എ എന്‍ രാധാകൃഷ്ണന്‍ പറഞ്ഞത്. വിജയിച്ചില്ലെങ്കില്‍ തന്നെയും വോട്ടിംഗ് ശതമാനത്തില്‍ വര്‍ധന പ്രതീക്ഷിച്ചിരുന്നു പാര്‍ട്ടി നേതൃത്വം. എന്നാല്‍ 2011ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ വോട്ട് ശതമാനമാണ് ഇത്തവണ ബി ജെ പിയുടേത്. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പതിനഞ്ച് ശതമാനത്തോളം വോട്ട് നേടിയ അവരുടെ വോട്ടിംഗ് ശതമാനം ഇത്തവണ 9.57 ശതമാനമാണ.് 12,955 വോട്ടുകളാണ് എ എന്‍ രാധാകൃഷ്ണന് ലഭിച്ചത്. പി സി ജോര്‍ജിനെ കൂട്ടുപിടിച്ച് കൂടുതല്‍ ക്രിസ്ത്യന്‍ വോട്ടുകള്‍ നേടാനാകുമെന്നായിരുന്നു ബി ജെ പിയുടെ കണക്കുകൂട്ടല്‍. ഈ ലക്ഷ്യത്തില്‍ സംസ്ഥാനാധ്യക്ഷന്‍ കെ സുരേന്ദ്രനടക്കം പാര്‍ട്ടി നേതാക്കള്‍ സഭാ നേതാക്കളെ സന്ദര്‍ശിക്കുകയും വിദ്വേഷ പ്രസംഗത്തിന് അറസ്റ്റിലായി ജാമ്യം നേടി പുറത്ത് വന്ന ശേഷം പി സി ജോര്‍ജ്, ബി ജെ പി സ്ഥാനാര്‍ഥിയോടൊപ്പം മണ്ഡലത്തിലുടനീളം പ്രചാരണം നടത്തുകയും ചെയ്തിരുന്നു.

സര്‍ക്കാറിനെതിരായ ജനവിധിയെന്നാണ് തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് യു ഡി എഫ് അവകാശവാദമെങ്കിലും മണ്ഡലം പിറന്നതു മുതല്‍ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥികള്‍ വിജയിച്ച തൃക്കാക്കരയിലെ ഈ വിജയത്തിന് അത്തരമൊരു തലം രാഷ്ട്രീയ നിരീക്ഷകര്‍ കാണുന്നില്ല. നിയമസഭാംഗത്തിന്റെ മരണത്തെ തുടര്‍ന്ന് നടക്കുന്ന തിരഞ്ഞെടുപ്പുകളില്‍ പരേതന്റെ ഭാര്യയോ മക്കളോ മത്സരിച്ചാല്‍ അവര്‍ വിജയിച്ച ചരിത്രമാണ് മുന്‍കാലങ്ങളിലേത്. അതേസമയം കോണ്‍ഗ്രസ്സ് നേതൃത്വത്തിന്റെ വിലക്ക് അവഗണിച്ച് കണ്ണൂരിലെ സി പി എം പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ പങ്കെടുക്കുകയും തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് ഇടതുമായി സഹകരിക്കുകയും ചെയ്ത കെ വി തോമസിന്റെ ഭാവി ഒരു പക്ഷേ ഇതോടെ ഇരുളടഞ്ഞേക്കും.

---- facebook comment plugin here -----

Latest