Kerala
ഉപതിരഞ്ഞെടുപ്പ് വിളിപ്പാടകലെ; പി വി അന്‍വറിനെ തള്ളാനും കൊള്ളാനുമാകാതെ കോണ്‍ഗ്രസ്
തൃണമൂല്‍ വേണ്ട, അന്‍വര്‍ മതി എന്നു കോണ്‍ഗ്രസ് ഹൈക്കമാന്റ്

കോഴിക്കോട് | നിലമ്പൂരില്‍ ഉപതിരഞ്ഞെടുപ്പ് അടുത്തിരിക്കെ പി വി അന്‍വറിനെ തള്ളാനും കൊള്ളാനുമാവാതെ കോണ്‍ഗ്രസ്. അന്‍വറിന്റെ തൃണമൂല്‍ കോണ്‍ഗ്രസ്സിനെ യു ഡി എഫയില്‍ പ്രവേശിപ്പിക്കുന്നതിന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനു താല്‍പര്യമില്ല. ദേശീയ തലത്തില്‍ പലപ്പോഴും കോണ്‍ഗ്രസ്സിനെതിരെ ശബ്ദിക്കുന്ന തൃണമൂലിനെ കോണ്‍ഗ്രസ് മുന്നണിയില്‍ ഇടം നല്‍കുന്നത് ഭാവിയില്‍ തിരിച്ചടിയാകുമെന്നാണ് ഹൈക്കമാന്‍ഡ് വിലയിരുത്തല്‍. അന്‍വറിനെ യു ഡി എഫില്‍ എടുക്കാമെന്നും പാര്‍ട്ടിയെ പ്രവേശിപ്പിക്കേണ്ടെന്നുമുള്ള കേന്ദ്ര നിര്‍ദ്ദേശം അന്‍വറിനെ ധരിപ്പിക്കുന്നതോടെ ഉണ്ടായേക്കാവുന്ന പ്രത്യാഘാതത്തെ കോണ്‍ഗ്രസ് ഭയപ്പെടുന്നുണ്ട്. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന മുന്‍ പ്രഖ്യാപനം തിരുത്തി അന്‍വര്‍ മത്സര രംഗത്തിറങ്ങിയാല്‍ പ്രതീക്ഷകള്‍ തകിടം മറിയുമെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തുന്നത്.
ഒന്നുകില്‍ അന്‍വറിനു പുറകെ കോണ്‍ഗസ് പോകണം. അല്ലെങ്കില്‍ അന്‍വറുമായി ഉടക്കണം എന്ന സാഹചര്യമാണ് കോണ്‍ഗ്രസ്സിനു മുന്നിലുള്ളത്. സ്വന്തം നിലയില്‍ മത്സരിക്കാന്‍ അന്‍വര്‍ ധൈര്യം കാട്ടില്ലെന്നും കോണ്‍ഗ്രസ് നിര്‍ദ്ദേശത്തിനു വഴങ്ങുകയല്ലാതെ അന്‍വറിനു വഴിയില്ലെന്നും കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കള്‍ വിലയിരുത്തുന്നു. എന്നാല്‍ തൃണമൂല്‍ കോണ്‍ഗ്രസ്സിനെ യു ഡി എഫില്‍ പ്രവേശിപ്പിക്കാതെ ഒരു ഒത്തു തീര്‍പ്പിനും ഇല്ലെന്നാണ് അന്‍വറിനെ അനുകൂലിക്കുന്നവര്‍ വ്യക്തമാക്കുന്നത്.
കോണ്‍ഗ്രസിന്റെ പ്രമുഖ നേതാവായിരുന്ന ആര്യാടന്‍ മുഹമ്മദ് ദീര്‍ഘകാലം കൈയ്യടക്കി വച്ചിരുന്ന നിലമ്പൂര്‍ മണ്ഡലം കഴിഞ്ഞ രണ്ടുതവണ പി വി അന്‍വറിലൂടെ എല്‍ ഡി എഫ് പിടിച്ചെടുക്കുകയായിരുന്നു. കൈവിട്ടുപോയ കോണ്‍ഗ്രസിന്റെ ഉരുക്ക് കോട്ടയായ നിലമ്പൂര്‍ മണ്ഡലം തിരിച്ചു പിടിക്കാന്‍ ഏറ്റവും അനുയോജ്യമായ സാഹചര്യമാണ് അന്‍വര്‍ ഇടതു മുന്നണി വിട്ടതോടെ കൈവന്നത് എന്നു യു ഡി എഫ് കരുതിയെങ്കിലും അന്‍വറിന്റെ പ്രവര്‍ത്തന രീതികളെ ഉള്‍ക്കൊള്ളാന്‍ കഴിയാത്ത സ്ഥിതിയിലാണ് മുന്നണി. കോണ്‍ഗ്രസ് വിമതനായി രംഗത്തെത്തിയ പി വി അന്‍വര്‍ വളഞ്ഞ വഴിയിലൂടെ മുന്നണിയില്‍ പ്രവേശിച്ച് ഘടക കക്ഷി നേതാവായി വാഴുന്നത് കോണ്‍ഗ്രസ്സിലെ ഒരുവിഭാഗം നേതാക്കള്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടില്ല. ഒരു വര്‍ഷത്തിനുശേഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ റിഹേഴ്‌സലായാണ് നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് എന്നതിനാല്‍ പ്രതിസന്ധിയെ എങ്ങിനെ മറികടക്കുമെന്ന ചര്‍ച്ചയാണ് കോണ്‍ഗ്രസില്‍ നടക്കുന്നത്.
തന്റെ യു ഡി എഫ് പ്രവേശനത്തിനു മുമ്പെ ഉപതിരഞ്ഞെടുപ്പില്‍ യു ഡി എഫ് സ്ഥാനാര്‍ഥി ആരായിരിക്കണമെന്ന പി വി അന്‍വറിന്റെ പ്രഖ്യാപനം യു ഡി എഫില്‍ ഉണ്ടാക്കിയ തലവേദന ചെറുതല്ല. ആര്യാടന്‍ ഷൗക്കത്തിന് ക്ലെയിം ഉള്ള മണ്ഡലത്തില്‍ ഷൗക്കത്തിനെതിരെ വ്യക്തമായ സന്ദേശം നല്‍കിയാണ് അന്‍വര്‍ രംഗത്തുവന്നത്. അന്‍വര്‍ വെറും സിനിമാക്കാരനല്ലേ എന്ന പുച്ഛവും അന്‍വര്‍ പ്രകടിപ്പിച്ചിരുന്നു. അന്‍വറിന്റെ ആവശ്യത്തിനു വഴങ്ങി സ്ഥാനാര്‍ഥി നിര്‍ണയം പാടില്ലെന്നാണ് ലീഗിന്റെ നിലപാട്. ആര്യാന്‍ ലീഗിന്റെ ശത്രുവായിരുന്നുവെങ്കിലും ഷൗക്കത്തിനോട് ലീഗിന് ആ ശത്രുതയില്ല.