Connect with us

Kerala

31 തദ്ദേശ വാർഡുകളിൽ ഉപതിരഞ്ഞെടുപ്പ് ഡിസംബർ 10 ന്

നാമനിർദേശ പത്രിക നവംബർ 22 വരെ സമർപ്പിക്കാം.

Published

|

Last Updated

തിരുവനന്തപുരം |  സംസ്ഥാനത്തെ 31 തദ്ദേശ വാർഡുകളിലെ ഉപതിരഞ്ഞെടുപ്പ് ഡിസംബർ 10 ന് നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു. മലപ്പുറം ജില്ലാ പഞ്ചായത്തിലെ തൃക്കലങ്ങോട് വാർഡ് ഉൾപ്പെടെ പതിനൊന്ന് ജില്ലകളിലായി (എറണാകുളം, വയനാട്, കാസർകോട് ഒഴികെനാല് ബ്ലോക്ക്പഞ്ചായത്ത് വാർഡുകൾ, മൂന്ന് മുനിസിപ്പാലിറ്റി വാർഡുകൾ, 23 ഗ്രാമപഞ്ചായത്ത് വാർഡുകളിലുമാണ് ഉപതിരഞ്ഞെടുപ്പ് നടത്തുന്നത്.

വിജ്ഞാപനം നാളെ (നവംബർ 15) പുറപ്പെടുവിക്കും. നാമനിർദേശ പത്രിക നവംബർ 22 വരെ സമർപ്പിക്കാം. സൂക്ഷ്മപരിശോധന 23 ന് വിവിധ കേന്ദ്രങ്ങളിൽ വച്ച് നടത്തും. പത്രിക നവംബർ 25 വരെ പിൻവലിക്കാം. വോട്ടെണ്ണൽ ഡിസംബർ 11ന് രാവിലെ 10 മണിക്ക് നടത്തും. വോട്ടെടുപ്പിനായി 192 പോളിംഗ് ബൂത്തുകൾ സജ്ജമാക്കും.

തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഇവിടങ്ങളില്‍ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. മുനിസിപ്പാലിറ്റികളിൽ അതാത് വാർഡുകളിലും ഗ്രാമപഞ്ചായത്തുകളിൽ മുഴുവൻ പ്രദേശത്തും പെരുമാറ്റചട്ടം ബാധകമാണ്. ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിൽ ഉപതിരഞ്ഞെടുപ്പുള്ള വാർഡുകളിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്ത് പ്രദേശത്താണ് പെരുമാറ്റച്ചട്ടമുള്ളത്.

ഉപതിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർപട്ടിക ഒക്ടോബർ 19 ന് പ്രസിദ്ധീകരിച്ചിട്ടുണ്ട്. പട്ടികയിൽ ആകെ 151055 വോട്ടർമാരാണുള്ളത് 71967 പുരുഷന്മാരും 79087 സ്ത്രീകളും ഒരു ട്രാൻസ്ജെൻഡറുമുണ്ട്. കമ്മീഷന്റെ www.sec.kerala.gov.in സൈറ്റിലും ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളിലും വോട്ടർപട്ടിക ലഭ്യമാണ്.

നാമനിർദേശ പത്രികയ്ക്കൊപ്പം കെട്ടിവയ്ക്കേണ്ട തുക ജില്ലാ പഞ്ചായത്തിൽ 5000 രൂപയും, മുനിസിപ്പാലിറ്റിയിലും ബ്ളോക്ക് പഞ്ചായത്തിലും 4000 രൂപയും, ഗ്രാമപഞ്ചായത്തിൽ 2000 രൂപയുമാണ്. പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്ക് പകുതി തുക മതിയാകും. 

Latest