by election result
ഉപ തിരഞ്ഞെടുപ്പ് ഫലം: യു ഡി എഫ്- ബി ജെ പി തുറന്ന സഖ്യം കൂടുതൽ വെളിപ്പെട്ടുവെന്ന് സി പി എം
മഴവില്‍ സഖ്യമുണ്ടാക്കി സംസ്ഥാനത്തിന്റെ വികസനത്തെ തടസപ്പെടുത്താനുള്ള യു ഡി എഫ്- ബി ജെ പി നീക്കത്തിനെതിരായുള്ള ജനവിധിയാണ് ഈ ഉപതിരഞ്ഞെടുപ്പ് ഫലങ്ങള്‍.
തിരുവനന്തപുരം | യു ഡി എഫിന്റെ കുത്തക മണ്ഡലമായി വിശേഷിപ്പിക്കുന്ന തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപ തിരഞ്ഞെടുപ്പുകളില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥികള്‍ക്ക് ഇന്ന് ലഭിച്ച വമ്പിച്ച വിജയം ആവർത്തിക്കുമെന്ന് സി പി ഐ എം സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു. ഉപ തിരഞ്ഞെടുപ്പില്‍ ഇപ്പോള്‍ വിജയിച്ച സീറ്റുകള്‍ തന്നെ യു ഡി എഫിനും ബി ജെ പിക്കും നേടാനായത് കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ തുറന്ന സഖ്യം ഇവര്‍ തമ്മില്‍ ഉണ്ടാക്കിയതുകൊണ്ടാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. തൃപ്പൂണിത്തുറ മുന്‍സിപ്പാലിറ്റിയിലെ ഇളമലത്തോപ്പില്‍ ബി ജെ പി വിജയിച്ച സാഹചര്യം പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും.
ഇളമലത്തോപ്പില്‍ കഴിഞ്ഞ തവണ യു ഡി എഫിന് 144 വോട്ടുണ്ടായിടത്ത് ഇപ്പോള്‍ കിട്ടിയത് 70 വോട്ടാണ്. എല്‍ ഡി എഫിനാകട്ടെ കഴിഞ്ഞ തവണത്തേക്കാള്‍ 44 വോട്ട് കൂടുതല്‍ ലഭിച്ചു. യു ഡി എഫ് വോട്ടിന്റെ ബലത്തിലാണ് ബി ജെ പിക്ക് ഈ സീറ്റ് നേടാനായത് എന്ന് ഇത് വ്യക്തമാക്കുന്നു. സമാനമായ സ്ഥിതിവിശേഷമാണ് മറ്റ് ഇടങ്ങളിലും ഉണ്ടായിട്ടുള്ളത്. കേരളത്തില്‍ മഴവില്‍ സഖ്യമുണ്ടാക്കി സംസ്ഥാനത്തിന്റെ വികസനത്തെ തടസപ്പെടുത്താനുള്ള യു ഡി എഫ്- ബി ജെ പി നീക്കത്തിനെതിരായുള്ള ജനവിധിയാണ് ഈ ഉപതിരഞ്ഞെടുപ്പ് ഫലങ്ങള്‍.
കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ വമ്പിച്ച വിജയമാണ് എല്‍ ഡി എഫിന് സംസ്ഥാനത്തുണ്ടായത്. യു ഡി എഫ്- ബിജെപി കൂട്ടുകെട്ടിന് എതിരെയാണ് ഇത്തരമൊരു വിജയം നേടാന്‍ അന്ന് കഴിഞ്ഞത്. ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടന്ന 42 സീറ്റുകളില്‍ 20 എണ്ണമായിരുന്നു കഴിഞ്ഞ തവണ എല്‍ ഡി എഫ് വിജയിച്ചതെങ്കില്‍ ഇത്തവണ അത് 24 ആയി വര്‍ധിക്കുകയാണ് ചെയ്തത്. ഏഴ് വാര്‍ഡുകള്‍ യു ഡി എഫില്‍ നിന്നും രണ്ട് വാര്‍ഡുകള്‍ ബി ജെ പിയില്‍ നിന്നും എല്‍ ഡി എഫ് പിടിച്ചെടുക്കുകയാണ് ഉണ്ടായത്. ഇത് കാണിക്കുന്നത് എല്‍ ഡി എഫിന്റെ ജനകീയ അടിത്തറ കൂടുതല്‍ വിപുലപ്പെട്ടുവരുന്നു എന്നാണെന്നും സി പി ഐ എം അഭിപ്രായപ്പെട്ടു.