Kerala
സത്യം ചെരുപ്പിട്ട് വരുമ്പോഴേക്കും കള്ളം ലോകം ചുറ്റി കഴിഞ്ഞിരിക്കും: മുകേഷ്
ലൈംഗികമായി പീഡിപ്പിച്ചെന്ന ആലുവ സ്വദേശിയായ നടിയുടെ പരാതിയിലാണ് മുകേഷിന് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.
തിരുവനന്തപുരം | സത്യം ചെരുപ്പിട്ട് വരുമ്പോഴേക്കും കള്ളം ലോകം ചുറ്റി കഴിഞ്ഞിരിക്കും. വൈകി ആണെങ്കിലും സത്യം തെളിയുക തന്നെ ചെയ്യും. നിയമ പോരാട്ടം തുടരും- ബലാത്സംഗ കേസില്‍ മുന്‍കൂര്‍ ജാമ്യം ലഭിച്ചതിനു പിന്നാലെ എം മുകേഷ് എം എല്‍ എ ഫേസ്ബുക്കില്‍ കുറിച്ചത് ഇങ്ങനെ.
ലൈംഗികമായി പീഡിപ്പിച്ചെന്ന ആലുവ സ്വദേശിയായ നടിയുടെ പരാതിയിലാണ് മുകേഷിന് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. മരടിലെ വില്ലയില്‍ എത്തിച്ചു ലൈംഗികമായി പീഡിപ്പിച്ചതായാണ് മുകേഷിനെതിരെ നടിയുടെ ആരോപണം. ഒറ്റപ്പാലത്ത് ഷൂട്ടിങ് സ്ഥലത്തു കാറില്‍ കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നും ആരോപണമുണ്ട്.
പീഡനക്കുറ്റം, സ്ത്രീത്വത്തെ അപമാനിക്കല്‍, ആക്രമിക്കണമെന്ന ഉദ്ദേശ്യത്തോടെ അതിക്രമിച്ചു കടക്കല്‍, സ്ത്രീത്വത്തെ അപമാനിക്കുന്ന ആംഗ്യം കാണിക്കുക തുടങ്ങിയ വകുപ്പുകള്‍ക്കാണ് കേസെടുത്തത്. 10 വര്‍ഷംവരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണിത്.