Ongoing News
ബൈ ബൈ ജോകോ
ജോകോവിച് യു എസ് ഓപണിന്റെ മൂന്നാം റൗണ്ടില്‍ പുറത്ത്. ആസ്‌ത്രേലിയയുടെ അലക്‌സി പോപിരിനോടായിരുന്നു തോല്‍വി
ന്യൂയോര്‍ക്ക് | യു എസ് ഓപണ്‍ ടെന്നിസില്‍ വന്‍ അട്ടിമറികള്‍ അവസാനിക്കുന്നില്ല. മൂന്നാം സീഡായ കാര്‍ലോസ് അല്‍കാരസിന് പിന്നാലെ നിലവിലെ ചാമ്പ്യനും സെര്‍ബിയന്‍ സൂപ്പര്‍ താരവുമായ നൊവാക് ജോകോവിചും മൂന്നാം റൗണ്ടില്‍ പുറത്തായി. ആസ്ത്രേലിയയുടെ 28ാം സീഡായ അലക്സി പോപിരിനാണ്, 25ാം ഗ്രാന്‍ഡ് സ്ലാം കിരീടമെന്ന സ്വപ്ന നേട്ടം ലക്ഷ്യമിട്ടിറങ്ങിയ ജോകോവിചിന് മടക്ക ടിക്കറ്റ് നല്‍കിയത്. ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്കാണ് 25 കാരനായ ഓസീസ് താരത്തിന്റെ വിജയം. സ്‌കോര്‍: 6-4, 6-4, 2-6, 6-4.
മൂന്ന് മണിക്കൂറും 19 മിനുട്ടും നീണ്ട പോരാട്ടത്തിനൊടുവിലാണ് ജോകോവിചിന്റെ കീഴടങ്ങല്‍. 18 വര്‍ഷത്തിനിടെ ഇതാദ്യമായാണ് 37കാരന്‍ യു എസ് ഓപണിന്റെ മൂന്നാം റൗണ്ടില്‍ പുറത്താകുന്നത്. 2005ലും 2006ലും യു എസ് ഓപണിന്റെ നാലാം റൗണ്ട് കാണാതെ ജോകോവിച് പുറത്തായിരുന്നു. 2017ലെ ആസ്ത്രേലിയന്‍ ഓപണില്‍ ഡെന്നിസ് ഇസ്തോമിനിനോട് തോറ്റ് രണ്ടാം റൗണ്ടില്‍ പുറത്തായ ശേഷമുള്ള ജോകോവിന്റെ പ്രധാന തോല്‍വിയാണിത്. 2017ന് ശേഷം ജോകോവിചിന് ഒരു ഗ്രാന്‍ഡ് സ്ലാം കിരീടം നേടാനാകാത്ത വര്‍ഷമായി 2024 മാറി. ലോക രണ്ടാം നന്പറുകാരനായ ജോകോ കഴിഞ്ഞ വര്‍ഷം മൂന്ന് ഗ്രാന്‍ഡ്സ്ലാമുകള്‍ നേടിയിരുന്നു.
പത്ത് തവണ യു എസ് ഓപണിന്റെ ഫൈനല്‍ കളിച്ച ജോകോവിച് നാല് തവണ കിരീടം ചൂടിയിട്ടുണ്ട്. 2011, 2015, 2018, 2023 വര്‍ഷങ്ങളിലായിരുന്നു ഇത്. കരിയറില്‍ ആദ്യമായാണ് പോപിരിന്‍ ഒരു പ്രധാന ടൂര്‍ണമെന്റിന്റെ 16ാം റൗണ്ടിലെത്തുന്നത്. ഒളിമ്പിക്സ് സ്വര്‍ണ മെഡല്‍ നേട്ടത്തിന്റെ പകിട്ടിലെത്തിയ ജോകോവിചിനെതിരെ പോപിരിന്‍ മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ നിയന്ത്രണം ഏറ്റെടുത്തു. ശക്തമായി തിരിച്ചുവരാനുള്ള ജോകോവിന്റെ ശ്രമങ്ങള്‍ ഫലം കണ്ടതുമില്ല.
ശക്തമായ സെര്‍വിലൂടെയും ആക്രമണാത്മക ശൈലിയിലൂടെയും എതിരാളിലെ വിറപ്പിക്കുന്ന പോപിരിന്‍ ആസ്ത്രേലിയയിലെ സിഡ്നിയില്‍ നിന്നാണ് വരുന്നത്. 2017ല്‍ പ്രൊഫഷനല്‍ ടെന്നിസ് ജീവിതം ആരംഭിച്ച താരം എ ടി പി ടൂറില്‍ വളരെ വേഗം പേരെടുത്തു. 2021ലെ സിംഗപ്പൂര്‍ ഓപണായിരുന്നു ആദ്യ എ ടി പി കിരീടം. 2019 ആസ്ത്രേലിയന്‍ ഓപണിന്റെ നാലാം റൗണ്ടിലെത്തിയതാണ് ഗ്രാന്‍ഡ്സ്ലാം ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച പ്രകടനം.
‘ഇത് അവിശ്വസനീയമാണ്. കരിയറില്‍ ഏകദേശം 15 തവണ ഞാന്‍ മൂന്നാം റൗണ്ടില്‍ എത്തിയിട്ടുണ്ട്. എന്നാല്‍ നാലാം റൗണ്ടിലേക്ക് കടക്കാന്‍ കഴിഞ്ഞിരുന്നില്ല. എക്കാലത്തെയും മികച്ച താരത്തെ തോല്‍പ്പിച്ച് അത് സാധ്യമായതില്‍ ഏറെ സന്തോഷമുണ്ട്. കഠിനാധ്വാനത്തിന്റെ ഫലമാണിത്’- പോപിരിന്‍ പറഞ്ഞു. ഇന്ന് നടക്കുന്ന നാലാം റൗണ്ട് മത്സരത്തില്‍ യു എസിന്റെ ഫ്രാന്‍സെസ് ടിയാഫോയാണ് പോപിരിന്റെ എതിരാളി.