hajj 2022
കേന്ദ്ര ഹജ്ജ് കമ്മിറ്റി സി ഇ ഒയുമായി സി മുഹമ്മദ് ഫൈസി കൂടിക്കാഴ്ച നടത്തി
പുറപ്പെടല്‍ കേന്ദ്രം കരിപ്പൂർ തന്നെ ആകണമെന്നത് ഹജ്ജിന് അപേക്ഷ നല്‍കുന്ന 85 ശതമാനം പേരുടേയും ആവശ്യമാണെന്ന് സി ഇ ഒ മുഹമ്മദ് യാകൂബ് ഷേഖിനെ ബോധ്യപ്പെടുത്തി.
മുംബൈ | കേന്ദ്ര ഹജ്ജ് കമ്മിറ്റി ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ മുഹമ്മദ് യാക്കൂബ് ഷേഖുമായി സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി മുംബൈയിലെ കേന്ദ്ര ഹജ് കമ്മിറ്റി ഓഫീസില്‍ കൂടിക്കാഴ്ച നടത്തി. 2022ലെ ഹജ്ജ് യാത്രക്കു കേരളത്തില്‍ നിന്നുള്ള എംബാര്‍ക്കേഷന്‍ പോയിന്റായി കരിപ്പൂർ വിമാനത്താവളത്തെ ഉൾപ്പെടുത്തുക, ഹജ്ജ് അപേക്ഷകര്‍ക്കുള്ള ഉയര്‍ന്ന പ്രായപരിധി ഉയര്‍ത്തുക തുടങ്ങി സുപ്രധാന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുകയും നിവേദനങ്ങള്‍ സമർപ്പിക്കുകയും ചെയ്തു.
പുറപ്പെടല്‍ കേന്ദ്രം കരിപ്പൂർ തന്നെ ആകണമെന്നത് ഹജ്ജിന് അപേക്ഷ നല്‍കുന്ന 85 ശതമാനം പേരുടേയും ആവശ്യമാണെന്ന് സി ഇ ഒ മുഹമ്മദ് യാകൂബ് ഷേഖിനെ ബോധ്യപ്പെടുത്തി. ഇക്കാര്യം കേന്ദ്ര ഹജ്ജ് കാര്യ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വിയെ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന ഹജ്ജ് കാര്യ മന്ത്രി വി അബ്ദുർറഹ്മാനും വീണ്ടും ഉണര്‍ത്തിയ സാഹചര്യത്തില്‍ പരിഗണിക്കുമെന്ന പ്രതീക്ഷ സി ഇ ഒ യുമായുള്ള സംഭാഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്.
കൊവിഡ് സാഹചര്യത്തിൽ ഇന്ത്യയിലെ ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റുകള്‍ 21ല്‍ നിന്നും പത്തായി ചുരുക്കിയിട്ടുണ്ടെങ്കിലും ആയിരക്കണക്കിനു പുരുഷ, സ്ത്രീ തീര്‍ഥാടകര്‍ക്ക് വെവ്വേറെ താമസിക്കാനും യാത്രയുടെ മറ്റു എല്ലാ ഒരുക്കങ്ങള്‍ക്കും സൗകര്യമുള്ള രണ്ടു ബഹു നില കെട്ടിടങ്ങളുള്‍ക്കൊള്ളുന്ന ഹജ്ജ് ഹൗസ് കാലിക്കറ്റ് എയര്‍പോര്‍ട്ട് പരിസരത്താണെന്നതും 2015 വരെയും 2019 ലും എംബാര്‍ക്കേഷന്‍ പോയിന്റ് കാലിക്കറ്റില്‍ ഭംഗിയായി പ്രവര്‍ത്തിച്ചതും ശ്രദ്ധിക്കേണ്ടതാണ്. കൂടുതല്‍ വരുമാനം ലഭിക്കുന്ന നാലാമത്തെ എയര്‍പോര്‍ട്ട് ആണെന്നതും കാലിക്കറ്റ് എയര്‍പോര്‍ട്ടിന്റെ പ്രസക്തി വിളിച്ചോതുന്നു.
നിലവിലെ തീരുമാന പ്രകാരം ഹജ്ജിനു അപേക്ഷിക്കാനുള്ള ഉയര്‍ന്ന പ്രായ പരിധി അറുപത്തിയഞ്ച് വയസാണ്. ഉയര്‍ന്ന പ്രായ പരിധി മാറ്റാനുള്ള ആവശ്യം ന്യായമാണെന്നും ജനുവരിയില്‍ ഹജ്ജ് ക്വാട്ട ലഭ്യമാവുമ്പോള്‍ ബന്ധപ്പെട്ടവര്‍ ഈ വിഷയത്തില്‍ ഉദാര സമീപനം സ്വീകരിക്കാന്‍ ഏറെ സാധ്യതയുണ്ടെന്നും സി ഇ ഒ സൂചിപ്പിച്ചു. സംസ്ഥാന ഹജ്ജ് കമ്മിറ്റി അസി. സെക്രട്ടറി എന്‍ മുഹമ്മദലി, കേന്ദ്ര ഹജ് കമ്മിറ്റി ഓഫീസ് സുപ്രണ്ട് ശൈഖ് ഹൈദര്‍ മുഈന്‍ പാഷ കൂടിക്കാഴ്ചയില്‍ സംബന്ധിച്ചു.