Connect with us

Kerala

സി മുഹമ്മദ് ഫെെസിയെ കേന്ദ്ര ഹജ്ജ് കമ്മിറ്റി അംഗമായി തിരഞ്ഞെടുത്തു

തുടർച്ചയായി രണ്ട് തവണ സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട സി മുഹമ്മദ് ഫെെസി കേരള മുസ്ലിം ജമാഅത്ത് വൈസ് പ്രസിഡന്റും മര്‍കസ് ജനറല്‍ മാനേജറും സിറാജ് ദിനപത്രം പബ്ലിഷറും ശ്രദ്ധേയനായ എഴുത്തുകാരനും വാഗ്മിയുമാണ്.

Published

|

Last Updated

ന്യൂഡൽഹി | സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാൻ സി മുഹമ്മദ്  ഫെെസിയെ കേന്ദ്ര ഹജ്ജ് കമ്മിറ്റി അ‌ംഗമായി തിരഞ്ഞെടുത്തു. 2025 മാർച്ച് 31 വരെ കാലാവധയുള്ള കമ്മിറ്റിയിലേക്കാണ് കേരളത്തിൽ നിന്നുള്ള പ്രതിനിധിയായി സി ഫെെസിയെ തിരഞ്ഞെടുത്തത്. പുതിയ കേന്ദ്ര ഹജജ് കമ്മിറ്റിയുടെ ആദ്യ യോഗം ഡൽഹിയിൽ ചേരുകയാണ്.

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ ഇന്ത്യയില്‍ നിന്ന് ഏറ്റവും കൂടുതല്‍ ഹാജിമാരെ അയക്കുന്ന മൂന്ന് സംസ്ഥാനങ്ങള്‍ക്ക് 23 അംഗ കേന്ദ്ര ഹജ്ജ് കമ്മിറ്റിയിലേക്ക് ഒരു പ്രതിനിധിയെ നാമനിര്‍ദേശം ചെയ്യാന്‍ 2002ലെ ഹജ്ജ് കമ്മിറ്റി നിയമത്തില്‍ വ്യവസ്ഥയുണ്ട്. സംസ്ഥാന ഹജ്ജ് കമ്മിറ്റിയില്‍ നിന്നുള്ള ഒരു അംഗത്തെയാണ് ഇത്തരത്തില്‍ നിര്‍ദേശിക്കേണ്ടത്. ഇതനുസരിച്ച് ഏറ്റവും കൂടുതല്‍ ഹാജിമാരെ അയക്കുന്ന സംസ്ഥാനമായ കേരളത്തില്‍ നിന്നുള്ള പ്രതിനിധിയായി സംസ്ഥാന സര്‍ക്കാര്‍ സി മുഹമ്മദ് ഫൈസിയെ ശുപാര്‍ശ ചെയ്യുകയായിരുന്നു.

തുടർച്ചയായി രണ്ട് തവണ സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട സി മുഹമ്മദ് ഫെെസി കേരള മുസ്ലിം ജമാഅത്ത് വൈസ് പ്രസിഡന്റും മര്‍കസ് ജനറല്‍ മാനേജറും സിറാജ് ദിനപത്രം പബ്ലിഷറും ശ്രദ്ധേയനായ എഴുത്തുകാരനും വാഗ്മിയുമാണ്. മുസ്ലിം പണ്ഡിത സഭയായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ കേന്ദ്ര കൂടിയാലോചനാ സമിതി അംഗമാണ്. ഇന്ത്യയിലാകെ ആയിരക്കണക്കിന് മദ്‌റസകള്‍ നടത്തുന്ന ഡല്‍ഹി ആസ്ഥാനമായുള്ള ഇസ്ലാമിക് എജ്യുക്കേഷന്‍ ബോര്‍ഡ് ഓഫ് ഇന്ത്യ, ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളുടെ കൂട്ടായ്മയായ ഐഡിയല്‍ അസോസിയേഷന്‍ ഫോര്‍ മൈനോരിറ്റി എജ്യുക്കേഷന്‍ എന്നിവകളില്‍ എക്സിക്യൂട്ടീവ് അംഗമായും പ്രവര്‍ത്തിക്കുന്നു. കേരള വഖ്ഫ് ബോര്‍ഡ് അംഗമായി നേരത്തെ പ്രവര്‍ത്തിച്ചിട്ടുണ്ട്.

കോഴിക്കോട് ജില്ലയിലെ കൊടുവള്ളിക്കടുത്ത് പന്നൂര്‍ സ്വദേശിയാണ്. പ്രമുഖ പണ്ഡിതനായിരുന്ന നെടിയനാട് സി അബ്ദുര്‍റഹ്‌മാന്‍ മുസ്ലിയാരുടെ മകനായി 1955 ല്‍ ജനിച്ചു. പിതാവില്‍ നിന്ന് പ്രാഥമിക പഠനം. പട്ടിക്കാട് ജാമിഅ നൂരിയ്യയില്‍ നിന്ന് ഫൈസി ബിരുദം നേടി. ഈജിപ്തിലെ അല്‍ അസ്ഹര്‍ സര്‍വകലാശാലയില്‍ നിന്ന് ലീഡര്‍ഷിപ്പ് ട്രെയ്‌നിംഗ് പഠനം പൂര്‍ത്തിയാക്കി. കാലിക്കറ്റ് യൂനിവേഴ്സിറ്റിയില്‍ നിന്ന് അറബി ഭാഷയില്‍ ബിരുദവും മൗലാനാ ആസാദ് നാഷണല്‍ യൂനിവേഴ്സിറ്റിയില്‍ നിന്ന് ഉറുദു സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.

കേരള സ്റ്റേറ്റ് സുന്നി സ്റ്റുഡന്റസ് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ്, സമസ്ത കേരള സുന്നി യുവജന സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി തുടങ്ങിയ പദവികള്‍ നേരത്തെ വഹിച്ചിട്ടുണ്ട്. മര്‍കസ് ശരീഅ കോളജില്‍ ദീര്‍ഘകാലമായി സീനിയര്‍ പ്രൊഫസറാണ്. ബഹുഭാഷാ പണ്ഡിതനാണ്. ജോര്‍ദാന്‍, ഈജിപ്ത്, മലേഷ്യ, യു എ ഇ തുടങ്ങിയ രാജ്യങ്ങളില്‍ നടന്ന നിരവധി രാജ്യാന്തര സമ്മേളനങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്.

കഴിഞ്ഞ നാല് പതിറ്റാണ്ടിനിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും അറബ് ലോകത്തുമായി നിരവധി പ്രഭാഷണങ്ങള്‍ നടത്തി. ഖുര്‍ആന്‍ പഠനവും പാരായണവും, ഇന്ത്യന്‍ ഭരണഘടനയും ശരീഅത്തും, പ്രബോധകന്‍ എന്നീ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.

കേരളത്തിൽ നിന്ന് ബിജെപി ദേശീയ വെെസ് പ്രസിഡന്റ് എ പി അബ്ദുുല്ലക്കുട്ടിയും കേന്ദ്ര ഹജ്ജ് കമ്മിറ്റി അംഗമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഹജ്ജ് കമ്മിറ്റി നിയമത്തിലെ വകുപ്പ് നാലിലെ ഉപവകുപ്പ് നാല് (സി) അനുസരിച്ച് കേന്ദ്ര സർക്കാറിന്റെ പ്രതിനിധിയായാണ് അബ്ദുല്ലക്കുട്ടി തിരഞ്ഞെടുക്കപ്പെട്ടത്.