First Gear
അവ്‌റോ 748ന് പകരക്കാരനാകാൻ സി 295
71 സൈനികരെ അല്ലെങ്കിൽ 50 പാരാട്രൂപ്പർമാരെ വരെ ഒരേ സമയം മറ്റൊരിടത്തേക്ക് കൊണ്ടുപോകാൻ ഇതിൽ സാധിക്കും

ഗുജറാത്തിലെ വഡോദരയിൽ സി–295 വിമാനങ്ങളുടെ നിർമാണശാലയായ ടാറ്റ എയർക്രാഫ്റ്റ് സമുച്ചയം കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയും സ്പെയിൻ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസും ചേർന്ന് നാടിന് സമർപ്പിക്കുകയുണ്ടായി. ഇന്ത്യയിലെ ആദ്യ സ്വകാര്യ അസംബ്ലിലൈൻ (എഫ്എഎൽ) നിർമാണശാലയാണിത്. 56 സി–295 വിമാനങ്ങളാണ് ഇവിടെ നിർമിക്കാൻ പോകുന്നത്. 40 എണ്ണം വഡോദരയിലെ യൂണിറ്റിലും 16 എണ്ണം സ്പെയിനിലെ എയർ ബസ് കമ്പനിയിലുമാണ് നിർമിക്കുന്നത്. 21,935 കോടി രൂപയാണ് പദ്ധതിച്ചെലവ്.
ഇന്ത്യൻ വ്യോമസേനയുടെ കാലപ്പഴക്കം ചെന്ന അവ്‌റോ 748ന് പകരക്കാരനായാണ് സി–295 നിർമിക്കുന്നത്. ആധുനിക സാങ്കേതികവിദ്യയുള്ള സി-295 5 മുതൽ 10 ടൺ വരെ ഭാരം വഹിക്കാൻ ശേഷിയുള്ള ട്രാൻസ്‌പോർട്ട് വിമാനമാണ്. 71 സൈനികരെ അല്ലെങ്കിൽ 50 പാരാട്രൂപ്പർമാരെ വരെ ഒരേ സമയം മറ്റൊരിടത്തേക്ക് കൊണ്ടുപോകാൻ ഇതിൽ സാധിക്കും. വിമാനത്തിന് 260 നോട്ടിക്കൽ മൈൽ വേഗതയിൽ സഞ്ചരിക്കാനും ചെറിയ എയർസ്ട്രിപ്പുകളിൽ വരെ പ്രവർത്തിക്കാനും കഴിയും.
11 മണിക്കൂർ വരെ തുടർച്ചയായി പറക്കാൻ കഴിയുന്ന സി 295 “ശക്തവും വിശ്വസനീയവും” എന്ന് വിളിക്കപ്പെടുന്ന വിമാനമാണ്. എല്ലാ കാലാവസ്ഥയിലും മൾട്ടി-റോൾ പ്രവർത്തനങ്ങൾ നടത്താനും ഇവന് കഴിവുണ്ട്. ദുരന്ത രക്ഷാദൗത്യത്തിനുപുറമെ, ഏത് മേഖലയിലും പകലും രാത്രിയുമുള്ള യുദ്ധ ദൗത്യങ്ങളും സി 295ന് നിസ്സാരമാണ്.
മെഡിക്കൽ ഇവാക്കുവേഷനായി ഫ്ലൈയിംഗ് ഐസിയു ആയും ഇതിന് പ്രവർത്തിക്കാനാകും. ഫിക്സഡ് വിംഗ് എയർക്രാഫ്റ്റുകളുടെയും ഹെലികോപ്റ്ററുകളുടെയും എയർ-ടു-എയർ ഇന്ധനം നിറയ്ക്കാനും ഇത് സജ്ജീകരിച്ചിരിക്കുന്നു.
പെട്ടെന്നുള്ള പ്രതികരണത്തിനും സൈനികരെയും ചരക്കുകളെയും പാരാ- ഡ്രോപ്പുചെയ്യുന്നതിന് സി-295-ന് പിന്നിൽ റാംപ് ഡോർ ഉണ്ട്. ഇറാഖ്, അഫ്ഗാനിസ്ഥാൻ തുടങ്ങിയ പ്രദേശങ്ങളിൽ ഏറെക്കാലം സി 295 വിജയകരമായി ഉപയോഗിച്ചിട്ടുണ്ട്.