Kerala
സിഎഎ: കൂടുതല്‍ കേസുകള്‍ പിന്‍വലിക്കാനൊരുങ്ങി സര്‍ക്കാര്‍; ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കി
പ്രതിഷേധവുമായി ബന്ധപ്പെട്ട് 835 കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
തിരുവനന്തപുരം | പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധ സമരവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കൂടുതല്‍ കേസുകള്‍ പിന്‍വലിക്കാന്‍ ആഭ്യന്തര വകുപ്പ് ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി സര്‍ക്കാര്‍.ഗുരുതര സ്വഭാവമില്ലാത്ത കേസുകളാണ് പിന്‍വലിക്കുക. ഇത് സംബന്ധിച്ച നടപടികള്‍ വേഗത്തിലാക്കണമെന്ന് ജില്ലാ പോലീസ് മേധാവിമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതിഷേധവുമായി ബന്ധപ്പെട്ട് 835 കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
നേരത്തെ പിന്‍വലിക്കാന്‍ ഉത്തരവിട്ട കേസുകളില്‍ അപേക്ഷകള്‍ കോടതിയില്‍ എത്തിയോ എന്ന് ഉറപ്പാക്കാനും നിര്‍ദ്ദേശമുണ്ട്.കേസുകള്‍ പിന്‍വലിക്കാത്തതിനെതിരെ വിവിധ മുസ്ലിം സംഘടനകള്‍ രംഗത്തുവന്നിരുന്നു
ഒരാഴ്ച മുന്‍പത്തെ കണക്കനുസരിച്ച് 114 കേസുകള്‍ സര്‍ക്കാര്‍ പിന്‍വലിച്ചു. 241 കേസുകളില്‍ ശിക്ഷ വിധിച്ചു. 11 കേസുകളില്‍ ഉള്‍പ്പെട്ടവരെ കുറ്റവിമുക്തരാക്കി. 502 കേസുകള്‍ വിവിധ ജില്ലകളിലായി വിചാരണ ഘട്ടത്തിലാണ്. ബില്ലിനെതിരെയുള്ള പ്രതിഷേധങ്ങള്‍ക്കെതിരെ 2019 ഡിസംബര്‍ 10 മുതലാണു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു തുടങ്ങിയത്.