Connect with us

Kerala

സംസ്ഥാന ആരോഗ്യ ഏജൻസിയിൽ കരാർ നിയമനത്തിന് മന്ത്രിസഭയുടെ അനുമതി

പി എസ് സി അംഗങ്ങളിൽ നിലവിലുള്ള രണ്ട് ഒഴിവുകളിലേക്ക് കെ പ്രകാശൻ, ജിപ്സൺ വി പോൾ എന്നിവരെ നിയമിക്കുന്നതിന് ഗവർണറോട് ശിപാർശ ചെയ്യാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.

Published

|

Last Updated

സംസ്ഥാന മന്ത്രിസഭാ യോഗം - ഫയൽ ചിത്രം

തിരുവനന്തപുരം |  സംസ്ഥാന ആരോഗ്യ ഏജൻസിയിൽ കരാർ അടിസ്ഥാനത്തിൽ 23 തസ്തികകൾ സൃഷ്ടിക്കാൻ വ്യവസ്ഥകളോടെ ഇന്ന് ചേർന്ന മന്ത്രിസഭ അനുമതി നൽകി. ഹൈക്കോടതിയിലും ജില്ലാ കോടതികളിലും ഐ ടി തസ്തിക സൃഷ്ടിക്കാൻ തീരുമാനിച്ചു. ഹൈക്കോടതിയിൽ സേവക്മാരുടെ ഒമ്പത് തസ്തികകൾ സൃഷ്ടിച്ച് പുറപ്പെടുവിച്ച ഉത്തരവ് സാധൂകരിച്ചു. പട്ടികജാതി – പട്ടികവർഗ അതിക്രമങ്ങൾ തടയൽ നിയമത്തിന് കീഴിൽ രജിസ്റ്റർ ചെയ്ത കേസുകളുടെ വിചാരണക്ക് തിരുവനന്തപുരത്തും തൃശ്ശൂരിലുമായി അനുവദിച്ച രണ്ട് പ്രത്യേക കോടതികളിൽ ഓരോ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ തസ്തിക സൃഷ്ടിക്കുന്നതിന് ഭരണാനുമതി നൽകി.

പബ്ലിക് സർവീസ് കമ്മീഷന്റെ (പി എസ് സി) അംഗങ്ങളിൽ നിലവിലുള്ള രണ്ട് ഒഴിവുകളിലേക്ക് കെ പ്രകാശൻ, ജിപ്സൺ വി പോൾ എന്നിവരെ നിയമിക്കുന്നതിന് ഗവർണറോട് ശിപാർശ ചെയ്യാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. കണ്ണൂർ ചാലോട് സ്വദേശിയായ കെ പ്രകാശൻ കണ്ണൂർ ജില്ലാ പ്ലാനിംഗ് ഓഫീസറാണ്. സുൽത്താൻ ബത്തേരി സ്വദേശിയായ ജിപ്സൺ വി പോൾ സുൽത്താൻ ബത്തേരി സെന്റ് മേരീസ് കോളേജിലെ പൊളിറ്റിക്കൽ സയൻസ് വിഭാഗം തലവനാണ്. 01.01.1996 മുതൽ 31.12.2005 വരെ വിരമിച്ച ജുഡീഷ്യൽ ഓഫീസർമാരുടെ പെൻഷൻ പരിഷ്‌ക്കരിക്കാൻ തത്വത്തിൽ അനുമതി നൽകി. കൊവിഡ് ബാധിതരായ 2,461 കയർ തൊഴിലാളികൾക്ക് 4,000 രൂപാ വീതം പ്രത്യേക ധനസഹായം അനുവദിച്ച കേരള കയർ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ നടപടി സാധൂകരിച്ചു.

കേരള സ്റ്റേറ്റ് ഹോമിയോപ്പതിക്ക് കോ-ഓപ്പറേറ്റീവ് ഫാർമസി (ഹോംകൊ) ജീവനക്കാരുടെ ശമ്പളപരിഷ്‌ക്കരണം 01.07.2019 പ്രാബല്യത്തിൽ നടപ്പിലാക്കാൻ തീരുമാനിച്ചു. ടെക്നോപാർക്കിനു വേണ്ടി ഏറ്റെടുത്തതും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്റ് ഹിയറിംഗ് (നിഷ്) പാട്ടവ്യവസ്ഥയിൽ പ്രവർത്തിക്കുന്നതുമായ തിരുവനന്തപുരം ആറ്റിപ്ര വില്ലേജിലെ ടെക്നോപാർക്കിന്റെ ഉടമസ്ഥതയിലുള്ള 9.75 ഏക്കർ ഭൂമി നിഷിന് കൈമാറാൻ തീരുമാനിച്ചു. നിഷ് നൽകേണ്ട കുടിശ്ശിക തുകയായ 1,86,82,700 രൂപ എഴുതിത്തള്ളി പ്രസ്തുത ഭൂമി സാമൂഹ്യനീതി വകുപ്പിന് കൈമാറുന്നതിനായി റവന്യൂ വകുപ്പിന് തിരികെ നൽകാൻ തീരുമാനിച്ചു. ഭൂമി നിഷിന് കൈമാറുവാൻ റവന്യൂ / സാമൂഹ്യനീതി വകുപ്പുകളെ ചുമതലപ്പെടുത്തും.
---- facebook comment plugin here -----

Latest