Kerala
മുണ്ടക്കൈ, ചൂരല്‍മല പുനരധിവാസ പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം; സമയബന്ധിതമായി പൂര്‍ത്തിയാക്കും
പുനരധിവാസ പദ്ധതിയില്‍ സഹായം വാഗ്ദാനം ചെയ്ത് നിരവധി സ്പോണ്‍സര്‍മാര്‍ രംഗത്ത് വന്നിരുന്നു. അവരുമായി ഉടന്‍ ചര്‍ച്ച നടത്താന്‍ മന്ത്രിസഭായോഗം മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തി.
തിരുവനന്തപുരം|വയനാട് മുണ്ടക്കൈ, ചൂരല്‍മല പുനരധിവാസ പദ്ധതി മന്ത്രിസഭാ യോഗം അംഗീകരിച്ചു. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ മാസ്റ്റര്‍ പ്ലാനിനാണ് ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം അനുമതി നല്‍കിയത്. ദുരന്തബാധിതരുടെ പുനരധിവാസം സമയബന്ധിതമായി പൂര്‍ത്തിയാക്കും. പുനരധിവാസ പദ്ധതിയില്‍ സഹായം വാഗ്ദാനം ചെയ്ത് നിരവധി സ്പോണ്‍സര്‍മാര്‍ രംഗത്ത് വന്നിരുന്നു. അവരുമായി ഉടന്‍ ചര്‍ച്ച നടത്താന്‍ മന്ത്രിസഭായോഗം മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തി.
രണ്ട് ടൗണ്‍ഷിപ്പുകളിലായി ആയിരം ചതുരശ്ര അടിയില്‍ ഒറ്റ നില വീടുകളാണ് ലക്ഷ്യം വെക്കുന്നത്. ഇതിനുവേണ്ടി 750 കോടി രൂപയുടെ ചെലവാണ് പ്രതീക്ഷിക്കുന്നത്. വീടുകളുടെ ഡിസൈന്‍ കിഫ്ബി ആണ് ചെയ്തിരിക്കുന്നത്. വൈകീട്ട് മുഖ്യമന്ത്രി നടത്തുന്ന വാര്‍ത്താസമ്മേളനത്തില്‍ മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കും.
കഴിഞ്ഞ ദിവസം മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടലിനെ അതിതീവ്ര ദുരന്തമായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പ്രത്യേക ധനസഹായം ഒന്നും ഇതുവരെ കേന്ദ്രം പ്രഖ്യാപിച്ചിട്ടില്ല.