Connect with us

Kerala

സംസ്ഥാന വ്യവസായ നയത്തിന് മന്ത്രിസഭയുടെ അംഗീകാരം

നിക്ഷേപങ്ങള്‍ വന്‍തോതില്‍ ആകര്‍ഷിച്ച് നവീന ആശയങ്ങള്‍ വളര്‍ത്തി സുസ്ഥിര വ്യാവസായിക അന്തരീക്ഷം സൃഷ്ടിക്കുന്നതിന് സഹായകമായ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുവെക്കുന്ന സമഗ്ര നയമാണ് വ്യവസായ വകുപ്പ് തയ്യാറാക്കിയിരിക്കുന്നത്.

Published

|

Last Updated

തിരുവനന്തപുരം | ഈ വര്‍ഷത്തെ കേരള വ്യവസായ നയത്തിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കി. മാറുന്ന കാലത്തിന്റെ വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ സംസ്ഥാനത്ത് വ്യവസായ അന്തരീക്ഷം ഒരുക്കുന്നതിന് ഊന്നല്‍ നല്‍കുന്നതാണ് പുതിയ വ്യവസായ നയം. നിക്ഷേപങ്ങള്‍ വന്‍തോതില്‍ ആകര്‍ഷിച്ച് നവീന ആശയങ്ങള്‍ വളര്‍ത്തി സുസ്ഥിര വ്യാവസായിക അന്തരീക്ഷം സൃഷ്ടിക്കുന്നതിന് സഹായകമായ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുവെക്കുന്ന സമഗ്ര നയമാണ് വ്യവസായ വകുപ്പ് തയ്യാറാക്കിയിരിക്കുന്നത്.

കണ്ണൂര്‍ തളിപ്പറമ്പ് താലൂക്ക് മൊറാഴ വില്ലേജിലെ കാനൂലില്‍ 1958ല്‍ താത്കാലിക പട്ടയം അനുവദിച്ച 28 ഏക്കര്‍ ഭൂമിക്ക് നിലവിലുള്ള 135 കൈവശക്കാരുടെ പേരില്‍ സ്ഥിര പട്ടയം അനുവദിക്കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. 1995 മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പ്രദേശങ്ങളിലെ ഭൂമി പതിവ് ചട്ടത്തിലെ ചട്ടം 21(2) പ്രകാരം പ്രത്യേക കേസായി പരിഗണിച്ചാണ് പട്ടയം നല്‍കുന്നത്.

കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം മുതല്‍ കാക്കനാട് വഴി ഇന്‍ഫോപാര്‍ക്ക് വരെ 11.2 കി.മീ ദൈര്‍ഘ്യത്തില്‍ കൊച്ചി മെട്രോ റെയില്‍ പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് 1571.5 കോടി രൂപയുടെ സംസ്ഥാന വിഹിതം കൂടി ഉള്‍പ്പെടുത്തി 1957.5 കോടി രൂപയുടെ പുതുക്കിയ ഭരണാനുമതി നല്‍കാനും തീരുമാനിച്ചു.

നിലവിലുള്ള കുടുംബ കോടതി ജഡ്ജിമാരുടെ ഒഴിവുകളില്‍ വിരമിച്ച ജഡ്ജിമാരെ നിയമിക്കാനും മന്ത്രിസഭായോഗം അനുമതി നല്‍കി. എ ഹാരിസ് (വടകര), കെ ആര്‍ മധുകുമാര്‍ (നെയ്യാറ്റിന്‍കര), ഇ സി ഹരിഗോവിന്ദന്‍ (ഒറ്റപ്പാലം), കെ എസ് ശരത് ചന്ദ്രന്‍ (കുന്നംകുളം), വി എന്‍ വിജയകുമാര്‍ (കാസര്‍കോട്) എന്നിവരെയാണ് പുതുതായി നിയമിക്കുക. ഇതിന് പുറമെ കോഴിക്കോട് ജില്ലാ ഗവ. പ്ലീഡര്‍ ആന്‍ഡ് പബ്ലിക്ക് പ്രേസിക്യൂട്ടര്‍ ആയി കെ എന്‍ ജയകുമാറിനെ നിയമിക്കാനും യോഗം തീരുമാനിച്ചു.

 

Latest