Connect with us

Kerala

ഇടത് മുന്നണി യോഗത്തിൽ മന്ത്രിസഭാ വികസനം ചർച്ചയായില്ല; എൽ ജെ ഡിക്ക് മന്ത്രിസ്ഥാനമുണ്ടാകില്ല

മന്ത്രിസ്ഥാനം ചോദിച്ച് കത്ത് നൽകിയ കോവൂർ കുഞ്ഞുമോനെ കാര്യങ്ങൾ ബോധ്യപ്പെടുത്തി.

Published

|

Last Updated

തിരുവനന്തപുരം | ആവശ്യമുന്നയിച്ച് കത്ത് നൽകിയിട്ടുണ്ടെങ്കിലും, നിയമസഭയിൽ ഒരംഗം മാത്രമുള്ള ലോക് താന്ത്രിക് ജനതാദളി (എൽ ജെ ഡി)ന് മന്ത്രി സ്ഥാനം ലഭിച്ചേക്കില്ല. ഇടത് മുന്നണി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ കൺവീനർ ഇ പി ജയരാജനാണ് ഇക്കാര്യം സൂചിപ്പിച്ചത്. മന്ത്രിസഭാ പുനഃസംഘടന എൽ ഡി എഫ് ആലോചിച്ചിട്ടില്ലെന്നും യോഗത്തിൽ ചർച്ചയായില്ലെന്നും ഇ പി വ്യക്തമാക്കി. എന്നാൽ, മന്ത്രിസ്ഥാനവുമായി ബന്ധപ്പെട്ട് നേരത്തേ ഘടക കക്ഷികൾക്ക് നൽകിയ ഉറപ്പ് പാലിക്കും. എൽ ജെ ഡിയുടെ മന്ത്രി സ്ഥാനം എന്ന ആവശ്യം സംബന്ധിച്ച ചോദ്യത്തിന്, അവർ കത്ത് നൽകിയിട്ടുണ്ടെന്നും മന്ത്രിസ്ഥാനം ആർക്കും ആഗ്രഹിക്കാമെന്നുമായിരുന്നു ഇ പിയുടെ പ്രതികരണം.

മന്ത്രിസ്ഥാനം ചോദിച്ച് കത്ത് നൽകിയ കോവൂർ കുഞ്ഞുമോനെ കാര്യങ്ങൾ ബോധ്യപ്പെടുത്തി. പുതുതായി മന്ത്രിസ്ഥാനം നൽകുന്നതോ മന്ത്രിസഭാ വികസനമോ ഇപ്പോൾ മുന്നണിയുടെ അജൻഡയിലില്ല. നേരത്തേയുണ്ടാക്കിയ ധാരണ പ്രകാരം മുന്നോട്ടുപോകും. സർക്കാറിന്റെ പ്രവർത്തനങ്ങൾ ജനങ്ങളിലെത്തിക്കുന്നത് കൂടുതൽ കാര്യക്ഷമമാക്കണമെന്ന മുന്നണി നിർദേശത്തിന്റെ അടിസ്ഥാനത്തിൽ നവംബർ 18 മുതൽ ഡിസംബർ 24 വരെ മുഖ്യമന്ത്രിയും മന്ത്രിമാരും നിയോജക മണ്ഡലങ്ങളിൽ സംഘടിപ്പിക്കുന്ന ജനകീയ സംവാദം പരിപാടിയിൽ പങ്കെടുക്കും. പദ്ധതി വിശദീകരണവും ഭാവിയിലേക്കുള്ള അഭിപ്രായ രൂപവത്കരണവും ലക്ഷ്യമിട്ടാണ് ജനകീയ സദസ്സ് സംഘടിപ്പിക്കുന്നതെന്നും ഇ പി ജയരാജൻ വിശദീകരിച്ചു.

അതേസമയം, മന്ത്രിസ്ഥാനം ആവശ്യപ്പെട്ട് കത്ത് നൽകിയെങ്കിലും ഇടത് മുന്നണി യോഗം അത് ചർച്ച ചെയ്തില്ലെന്ന് എൽ ജെ ഡി അധ്യക്ഷൻ ശ്രേയാംസ് കുമാർ പ്രതികരിച്ചു. വിഷയം ഉഭയകക്ഷി ചർച്ച ചെയ്യാമെന്ന് മുന്നണി കൺവീനർ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Latest