Kerala
മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ 270 തസ്തികകള്‍ അനുവദിച്ച് മന്ത്രിസഭായോഗം
262 അധ്യാപക തസ്തികകളും എട്ട് അനധ്യാപക തസ്തികകളുമാണ് സൃഷ്ടിച്ചത്.
കൊല്ലം| സംസ്ഥാനത്തെ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ 270 തസ്തികകള്‍ സൃഷ്ടിക്കാന്‍ കൊല്ലത്ത് ചേര്‍ന്ന മന്ത്രിസഭായോഗം അനുമതി നല്‍കി. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള സ്ഥാപനങ്ങളുടെ സുഗമമായി പ്രവര്‍ത്തനത്തിനും ആശുപത്രികളിലെ സൂപ്പര്‍ സ്പെഷ്യാലിറ്റി വിഭാഗം ഡോക്ടര്‍മാരുടെ അനിവാര്യത കണക്കിലെടുത്തുമാണ് തസ്തികകള്‍ ഒരുമിച്ച് സൃഷ്ടിക്കുന്നത്.
262 അധ്യാപക തസ്തികകളും എട്ട് അനധ്യാപക തസ്തികകളുമാണ് സൃഷ്ടിച്ചത്. തിരുവനന്തപുരം 25, കൊല്ലം 29, കോന്നി 37, ആലപ്പുഴ 8, കോട്ടയം 4, എറണാകുളം 43, ഇടുക്കി 50, തൃശൂര്‍ 7, മഞ്ചേരി 15, കോഴിക്കോട് 9, കണ്ണൂര്‍ 31, കാസര്‍ഗോഡ് 1, അറ്റെല്‍ക് 3 എന്നിങ്ങനെ മെഡിക്കല്‍ കോളജുകളില്‍ അധ്യാപക തസ്തികകളും കോന്നി 1, ഇടുക്കി 1, അറ്റെല്‍ക് 6 എന്നിങ്ങനെ അനധ്യാപക തസ്തികകളുമാണ് സൃഷ്ടിച്ചത്.
തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, മഞ്ചേരി, കോഴിക്കോട്, കണ്ണൂര്‍ മെഡിക്കല്‍ കോളേജുകളില്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി സേവനം ശക്തിപ്പെടുത്താനും ഇത് സഹായകമാകും.
സെന്റര്‍ ഓഫ് എക്‌സലന്‍സ് ഇന്‍ മൈക്രോബയോമിന്റെ രൂപീകരണവും നടത്തിപ്പും സംബന്ധിച്ച് കെ – ഡിസ്‌ക്, കേരള സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ സയന്‍സ് ടെക്‌നോളജി ആന്റ് എന്‍വയോണ്‍മെന്റ്, രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക്‌നോളജി എന്നിവര്‍ ചേര്‍ന്ന് ഒപ്പിടേണ്ട ധാരണാപത്രം മന്ത്രിസഭ അംഗീകരിച്ചു.
സംസ്ഥാനത്ത് സെന്റര്‍ ഓഫ് എക്‌സലന്‍സ് ഇന്‍ മൈക്രോബയോം സ്ഥാപിക്കാന്‍ നേരത്തെ മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയുടെ പിന്തുണയോടെയും പങ്കാളിത്തത്തോടെയും കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ കീഴിലാണ് ഇത് സ്ഥാപിക്കുന്നത്. കേരള ഡവലപ്മെന്റ് ഇന്നവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സില്‍ സമര്‍പ്പിച്ച വിശദ പദ്ധതി രേഖ അംഗീകരിച്ചാണ് ഭരണാനുമതി നല്‍കിയത്.
കൊവിഡ് പകര്‍ച്ച വ്യാധിയുടെ പശ്ചാത്തലത്തിലാണ് ഏകാരോഗ്യ സമീപനം അടിസ്ഥാനമാക്കിയുള്ള മൈക്രോബയോം ഗവേഷണം കൂടുതല്‍ പ്രസക്തമാകുന്നത്. പരിസ്ഥിതി ശാസ്ത്രം, കാര്‍ഷിക മേഖല, വൈദ്യശാസ്ത്ര മേഖല, ഫോറന്‍സിക് സയന്‍സ് തുടങ്ങി എക്‌സോ ബയോളജി വരെ വ്യാപിച്ചു കിടക്കുന്ന വൈവിധ്യമാര്‍ന്ന ശാസ്ത്ര മേഖലകളില്‍ പുതിയ ഡയഗ്‌നോസ്റ്റിക് ഇന്റര്‍വെന്‍ഷണല്‍ ടെക്‌നിക്കുകള്‍ വികസിപ്പിക്കാന്‍ മൈക്രോബയോം ഗവേഷണം ലക്ഷ്യമിടുന്നു. ഈ മേഖലയിലെ സാധ്യതകള്‍ ഫലപ്രദമായി വിനിയോഗിക്കുന്നതിനാണ് 2022-23 ബജറ്റില്‍ മൈക്രോബയോം സെന്റര്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
ഏകാരോഗ്യ വ്യവസ്ഥയില്‍ മൈക്രോബയോട്ടയുടെ പ്രാധാന്യം പ്രചാരത്തിലാക്കുന്ന അന്തര്‍വൈജ്ഞാനിക ഗവേഷണം, ക്രോസ് ഡൊമൈന്‍ സഹപ്രവര്‍ത്തനം, നവീന ഉത്പന്ന നിര്‍മ്മാണം എന്നിവ ഏകോപിപ്പിക്കുവാന്‍ കഴിയുന്ന ആഗോള കേന്ദ്രമാക്കി ഇതിനെ മാറ്റും. ബിഗ് ഡാറ്റാ ടെക്‌നോളജികളായ ഐ.ഒ ടി, എ.ടി.ഡാറ്റാ അനലിറ്റിക്‌സ് എന്നിവയുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി മൈക്രോബയോമിന്റെ സ്‌പേഷ്യോ ടെമ്പറല്‍ മാപ്പിംഗ് സൃഷ്ടിക്കും. തുടര്‍ന്നുള്ള ഗവേഷണങ്ങള്‍ക്കും സൂക്ഷ്മാണുക്കളുടെ ഇടപെടലുകള്‍ മനസ്സിലാക്കുന്നതിനും ജീനോമിക് ഡാറ്റാ ബേസ് നിര്‍മ്മിക്കും.
സ്റ്റാര്‍ട്ട് അപ്പുകളെയും സംരംഭകരേയും പ്രോത്സാഹിപ്പിക്കുകയും പിന്തുണക്കുകയും ചെയ്യുന്നതിനായി നവീന ടെക്‌നോളജികള്‍ ഉപയോഗപ്പെടുത്തി കൊണ്ടുള്ള പുതിയ തന്ത്രങ്ങള്‍ രൂപപ്പെടുത്തുകയും അതുവഴി മാതൃകാപരമായ ഗവേഷണം നടത്തുകയും ചെയ്യും. ഹ്യൂമന്‍ മൈക്രോബയോം, ആനിമല്‍ മൈക്രോബയോം, പ്ലാന്റ് മൈക്രോബയോം, അക്വാട്ടിക് മൈക്രോബയോം, എന്‍വയോണ്‍മെന്റല്‍ മൈക്രോബയോം, ഡാറ്റാ ലാബുകള്‍ എന്നിങ്ങനെ 6 ഡൊമൈനുകളില്‍ ഗവേഷണവും വികസനവും സെന്റര്‍ ഓഫ് എക്‌സലന്‍സ് ഇന്‍ മൈക്രോബയോം കേന്ദ്രം പദ്ധതിയിടുന്നുണ്ട്.
പ്രാരംഭ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ലബോറട്ടറി തിരുവനന്തപുരം കിന്‍ഫ്രാ പാര്‍ക്കിലുള്ള കെട്ടിടത്തിലാവും. തോന്നയ്ക്കല്‍ ലൈഫ് സയന്‍സ് പാര്‍ക്കില്‍ പുതിയ കെട്ടിടം നിര്‍മ്മിച്ച് കഴിഞ്ഞാല്‍ പ്രവര്‍ത്തനം അവിടേക്ക് മാറ്റും.