Connect with us

Kerala

മന്ത്രിസഭാ യോഗം ഇന്ന്; ശുചീകരണത്തിനിടെ ഒഴുക്കില്‍പ്പെട്ട് മരിച്ച ജോയിയുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ചേക്കും

ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യ പ്രശ്നം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി നാളെ അടിയന്തിര യോഗം വിളിച്ചിട്ടുണ്ട്.

Published

|

Last Updated

തിരുവനന്തപുരം|ആമയിഴഞ്ചാന്‍ തോട്ടില്‍ ശുചീകരണത്തിനിടെ ഒഴുക്കില്‍പ്പെട്ട് മരിച്ച ജോയിയുടെ കുടുംബത്തിന് ഇന്ന് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചേക്കും. രാവിലെ 11 മണിക്ക് ചേരുന്ന മന്ത്രിസഭാ യോഗം ഇക്കാര്യം പരിഗണിക്കും. ജോയിയുടെ മരണത്തിന് ഉത്തരവാദി റെയില്‍വെ ആണെന്നും കുടുംബത്തിന് സാമ്പത്തിക സഹായം റെയില്‍വെ നല്‍കണമെന്നും സിപിഎം ആവശ്യപ്പെട്ടിരുന്നു.

അതേസമയം ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യ പ്രശ്നം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി നാളെ അടിയന്തിര യോഗം വിളിച്ചിട്ടുണ്ട്. നാളെ രാവിലെ 11.30ന് ഓണ്‍ലൈന്‍ ആയാണ് യോഗം ചേരുക. യോഗത്തില്‍ തദ്ദേശ സ്വയംഭരണം, പൊതുമരാമത്ത്, തൊഴില്‍, ഭക്ഷ്യം, കായികം -റെയില്‍വേ, ആരോഗ്യം, ജലവിഭവം വകുപ്പ് മന്ത്രിമാരും ബന്ധപ്പെട്ട എംഎല്‍എമാരും തിരുവനന്തപുരം മേയറും ചീഫ് സെക്രട്ടറി ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും റെയില്‍വേ ഡിവിഷണല്‍ മാനേജരും പങ്കെടുക്കും.

തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനോട് ചേര്‍ന്നുള്ള ആമഴയിഴഞ്ചാന്‍ കനാലില്‍ ശുചീകരണത്തിന് ഇറങ്ങിയ തൊഴിലാളി ജോയിയെ കാണാതാവുകയും രണ്ട് ദിവസത്തിന് ശേഷം മൃതദേഹം കണ്ടെടുക്കുകയും ചെയ്തിരുന്നു. തോട്ടിലിറങ്ങി മാലിന്യം മാറ്റുകയായിരുന്ന ജോയിയെ കനത്ത മഴയില്‍ പെട്ടെന്നുണ്ടായ ഒഴുക്കില്‍ കാണാതാവുകയായിരുന്നു.

രക്ഷാപ്രവര്‍ത്തകര്‍ മാലിന്യങ്ങള്‍ക്കടിയില്‍ മുങ്ങി തപ്പിയെങ്കിലും ജോയിയെ കണ്ടെത്താനായില്ല. റെയില്‍ പാളത്തിന് അടിയിലൂടെ തോട് കടന്നുപോകുന്ന തുരങ്ക സമാനമായ സ്ഥലത്ത് മാലിന്യക്കൂമ്പാരങ്ങള്‍ക്കിടയില്‍ സ്‌കൂബാ ഡൈവിംഗ് സംഘമടക്കം ഇറങ്ങിയാണ് തിരച്ചില്‍ നടത്തിയത്. എന്നാല്‍ രണ്ട് ദിവസം തിരച്ചില്‍ നടത്തിയിട്ടും ജോയിയെ കണ്ടെത്താനായില്ല. ഒടുവില്‍ ജോയിയെ കാണാതായ സ്ഥലത്ത് നിന്ന് ഒന്നര കിലോ മീറ്ററിനപ്പുറത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഈ സംഭവത്തോടൊപ്പമുണ്ടായ വിവാദങ്ങള്‍ക്ക് ശേഷമാണ് സര്‍ക്കാര്‍ നടപടികള്‍ ആരംഭിക്കുന്നത്.

 

 

 

---- facebook comment plugin here -----

Latest