Kerala
ക്ഷേമ പെൻഷനിലും നികുതി പിരിവിലും സംസ്ഥാന സർക്കാറിനെ കുറ്റപ്പെടുത്തി സി എ ജി റിപ്പോർട്ട്
മരിച്ച 4,039 പേർക്ക് ക്ഷേമ പെൻഷൻ ലഭിച്ചെന്നും അർഹർക്ക് നിഷേധിക്കപ്പെട്ടെന്നും സി എ ജി ചൂണ്ടിക്കാട്ടി.
തിരുവനന്തപുരം | ക്ഷേമ പെൻഷൻ വിതരണത്തിലെ പോരായ്മയും നികുതി പിരിവിലെ അലംഭാവവും അടക്കമുള്ള വിഷയങ്ങളിൽ സംസ്ഥാന സർക്കാറിനെ കുറ്റപ്പെടുത്തി സി എ ജി റിപ്പോർട്ട്. ആര്‍ ടി ഒ ഉദ്യോഗസ്ഥരുടെ പിഴവ് മൂലം 72.98 കോടി രൂപയുടെ നികുതി ചുമത്താതെ പോയി. താഴെത്തട്ടിലെ അലംഭാവമാണ് കാരണമെന്നും പ്രിൻസിപ്പൽ അക്കൗണ്ട് ജനറൽമാരായ എസ് സുനിൽ രാജ്, ഡോ. ബിജു ജേക്കബ് എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. റവന്യൂ വിഭാഗം സംബന്ധിച്ച സി എ ജി റിപ്പോർട്ട് നിയമസഭയിൽ അവതരിപ്പിച്ചതിന് ശേഷമാണ് ഉദ്യോഗസ്ഥർ മാധ്യമങ്ങളെ കണ്ടത്.
മരിച്ച 4,039 പേർക്ക് ക്ഷേമ പെൻഷൻ ലഭിച്ചെന്നും അർഹതപ്പെട്ടവർക്ക് നിഷേധിക്കപ്പെട്ടെന്നും സി എ ജി ചൂണ്ടിക്കാട്ടി. അനർഹർക്കും വിധവ പെൻഷൻ കിട്ടി. സാമൂഹിക സുരക്ഷാ പെൻഷനിലെ നിരസിക്കപ്പെട്ട അപേക്ഷകളിലെ തെറ്റുകൾ തിരുത്തുന്നതിന് പകരം പുതിയ അപേക്ഷകളായി സ്വീകരിച്ചു. ഇത് മൂലം അനർഹർക്ക് പെൻഷൻ കിട്ടിയെന്നും സമയാസമയങ്ങളിൽ പെൻഷൻ കൊടുക്കാനായില്ലെന്നും സി എ ജി പറഞ്ഞു.
ആർ ടി ഒയുടെ പിഴവ് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാതെ 38,270 ട്രാൻസ്‌പോർട്ട് വാഹനങ്ങളാണ് സംസ്ഥാനത്തുള്ളത്. ഇത് അപകടങ്ങൾക്ക് ഇടയാക്കും. ബാർ ലൈസൻസ് അനധികൃതമായി കൈമാറ്റം അനുവദിച്ചത് മൂലം 2.17 കോടി രൂപ നഷ്ടം വന്നു. പുതിയ ലൈസൻസുകൾ അനുവദിക്കുന്നതിന് പകരം അനധികൃതമായി കൈമാറ്റം അനുവദിച്ചതാണ് നഷ്ടം വരുത്തിയത്. ബജറ്റിൽ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് വകയിരുത്തിയ തുക ഫലപ്രദമായി വിനിയോഗിക്കാനായില്ലെന്നും സി എ ജി പറയുന്നു.