Kerala
63 സ്ഥാപനങ്ങളുടെ നഷ്ടം 4,065.38 കോടിയെന്ന് സി എ ജി; പൊതുമേഖലയിൽ നഷ്ടക്കണക്ക്
131 സ്ഥാപനങ്ങളിൽ 63 എണ്ണവും നഷ്ടത്തിൽ • കെ എസ് ഇ ബിക്കെതിരെയും റിപോർട്ടിൽ രൂക്ഷ വിമർശം സുസ്ഥിരമായ പ്രവർത്തനം കാഴ്ചവെക്കാനാവില്ലെങ്കിൽ സ്ഥാപനങ്ങൾ അടച്ചുപൂട്ടണം
തിരുവനന്തപുരം | സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളിൽ ഭൂരിഭാഗവും നഷ്ടത്തിൽ. ആകെയുള്ള 131 സ്ഥാപനങ്ങളിൽ 63 എണ്ണവും നഷ്ടത്തിലാണെന്ന് സി എ ജി റിപോർട്ട്. 2022 വരെയുള്ള അഞ്ച് വർഷക്കാലയളവിൽ 63 സ്ഥാപനങ്ങളിലായി 4,065.38 കോടിയുടെ നഷ്ടമുണ്ടായി. 55 പൊതുമേഖലാ സ്ഥാപനങ്ങൾ ലാഭകരമായാണ് പ്രവർത്തിക്കുന്നത്. 55 സ്ഥാപനങ്ങളും കൂടി 654.99 കോടി രൂപയുടെ ലാഭം ഉണ്ടാക്കി. നാല് സ്ഥാപനങ്ങൾ ലാഭമോ നഷ്ടമോ ഉണ്ടാക്കിയില്ല. ഒമ്പത് സ്ഥാപനങ്ങൾ കണക്ക് നൽകിയില്ലെന്നും കുറ്റപ്പെടുത്തി.
19 സ്ഥാപനങ്ങൾ പ്രവർത്തനരഹിതമോ പൂട്ടേണ്ടതോ ആയ സ്ഥിതിയിലാണെന്ന് റിപോർട്ടിൽ നിരീക്ഷിച്ചു. ഇവയുടെ പ്രവർത്തനം അവസാനിപ്പിക്കാൻ സർക്കാർ നടപടിയെടുക്കണം. തൃപ്തികരമല്ലാത്ത സ്ഥാപനങ്ങളുടെ പ്രകടനം കൃത്യമായി വിലയിരുത്തണം. നഷ്ടത്തിലുള്ള സ്ഥാപനങ്ങളുടെ മൂല നഷ്ടകാരണം കണ്ടെത്തണം. സുസ്ഥിരമായ പ്രവർത്തനം കാഴ്ചവെക്കാനാവില്ലെങ്കിൽ അടച്ചുപൂട്ടണമെന്ന് റിപോർട്ടിൽ പറയുന്നു.
കെ എസ് ഇ ബിക്കെതിരെ റിപോർട്ടിൽ രൂക്ഷവിമർശമുണ്ട്. വിരമിക്കൽ, പെൻഷൻ ആനുകൂല്യങ്ങൾ നൽകേണ്ട മാസ്റ്റർ ട്രസ്റ്റിന് 26,401 കോടിയുടെ ഫണ്ട് ഉണ്ടാക്കുന്നതിൽ കെ എസ് ഇ ബി പരാജയപ്പെട്ടു. ചട്ടങ്ങളും സർക്കാർ ഉത്തരവുകളും ലംഘിച്ചു. ശമ്പളപരിഷ്‌കരണം നടപ്പാക്കിയതു വഴി 1,011 കോടിയും പെൻഷൻ പരിഷ്‌കരണ കുടിശ്ശിക ഇനത്തിൽ 306 കോടിയും അധികം ചെലവഴിച്ചുവെന്നും റിപോർട്ടിൽ പറയുന്നു.
പൊതുമേഖലാ സ്ഥാപങ്ങളിൽ സർക്കാറിന്റെ മൊത്തം നിക്ഷേപം 20, 439.04 കോടിയാണ്. ഇതിൽ 9,817.46 കോടി രൂപ ഓഹരി മൂലധനവും 10, 621.58 കോടി ദീർഘകാല വായ്പകളുമാണ്. 72 കമ്പനികളിൽ ആറ് കമ്പനികൾ ബോർഡിൽ സ്വതന്ത്ര ഡയറക്ടർമാരെയും 26 കമ്പനികൾ കുറഞ്ഞത് ഒരു വനിതാ ഡയറക്ടറെയും നിയമിച്ചു. ആറ് പൊതുമേഖലാ സ്ഥാപനങ്ങൾ സി എസ് ആർ പ്രവർത്തനങ്ങൾക്കായി 11.82 കോടി രൂപ ചെലവഴിച്ചു. ഇതിൽ 52 ശതമാനം ക്ഷേമ പ്രവർത്തനങ്ങൾക്കും 27 ശതമാനം ആരോഗ്യപ്രവർത്തനങ്ങൾക്കുമാണ് ചെലവഴിച്ചതെന്നും റിപോർട്ടിൽ വ്യക്തമാക്കുന്നു.