caledonia
സ്വാതന്ത്ര്യത്തിന് അന്തിമ വിധിയെഴുതാൻ കാലിഡോണിയ
നേരത്തേ ഫ്രഞ്ച് കോളനിയായിരുന്ന ന്യൂ കാലിഡോണിയ ഇപ്പോൾ മെച്ചപ്പെട്ട സ്വയംഭരണാധികാരമുള്ള പ്രദേശമാണ്
നൗമിയ | ഫ്രഞ്ച് ഭരണ നിയന്ത്രണത്തിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിക്കാനുള്ള മൂന്നാമത്തെയും അവസാനത്തെയും ഹിതപരിശോധനയിൽ ന്യൂ കാലിഡോണിയൻ ജനങ്ങൾ ഇന്ന് വിധിയെഴുതും.
നേരത്തേ ഫ്രഞ്ച് കോളനിയായിരുന്ന ന്യൂ കാലിഡോണിയ ഇപ്പോൾ മെച്ചപ്പെട്ട സ്വയംഭരണാധികാരമുള്ള പ്രദേശമാണ്. ആസ്ത്രേലിയയുടെ കിഴക്ക് ദക്ഷിണ പസഫിക്കിലാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. കനാക്സ് എന്നറിയപ്പെടുന്ന തദ്ദേശീയരുടെ രാഷ്ട്രീയ- സാമൂഹിക- സാമ്പത്തിക പരാതികൾ പരിഹരിക്കാനും ന്യൂ കാലിഡോണിയക്ക് കൂടുതൽ സ്വയംഭരണാവകാശം നൽകാനും ലക്ഷ്യമിട്ട് 1998ൽ ഉണ്ടാക്കിയ കരാർ പ്രകാരമാണ് ഹിത പരിശോധന നടക്കുന്നത്. ഒന്നും രണ്ടും ഹിത പരിശോധനകളിൽ യഥാക്രമം 56.7, 53.3 ശതമാനം വോട്ടുകൾ നേടിയ ഫ്രഞ്ച് അനുകൂലികൾക്കായിരുന്നു വിജയം. 2018ലും 2020ലും നടന്ന ഈ ഹിതപരിശോധനകളിൽ ലഭിച്ചതിലും മികച്ച ജനപിന്തുണ ഉറപ്പാക്കാൻ സ്വാതന്ത്ര്യവാദികൾക്ക് ഇത്തവണ സാധിക്കുമെന്നാണ് വിലയിരുത്തൽ.
അതിനിടെ, അന്തിമ ഹിതപരിശോധന ബഹിഷ്‌കരിക്കാനുള്ള ചില പാർട്ടികളുടെ തീരുമാനം വോട്ടെടുപ്പിനെ പ്രതികൂലമായി ബാധിക്കുമോ എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.