Editorial
റോഡ് സംരക്ഷണത്തിന് കലന്‍ഡര്‍
പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെയും ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്റെയും നേതൃത്വത്തില്‍ നടന്ന ഉന്നത യോഗത്തിലാണ് സംസ്ഥാനത്തെ റോഡുകള്‍ ടാര്‍ ചെയ്തതിനു തൊട്ടുപിന്നാലെ കുത്തിപ്പൊളിച്ച് കുടിവെള്ള പൈപ്പിടുന്നത് അവസാനിപ്പിക്കാനും പ്രവൃത്തികളില്‍ ടൈം ഷെഡ്യൂള്‍ പരമാവധി പാലിച്ചു മുന്നോട്ടു പോകാനും തീരുമാനമായത്.
റോഡ് പ്രവൃത്തിക്ക് പൊതുമരാമത്തും ജലവിഭവ വകുപ്പും ചേര്‍ന്ന് കലന്‍ഡര്‍ തയ്യാറാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെയും ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്റെയും നേതൃത്വത്തില്‍ നടന്ന ഉന്നത യോഗത്തിലാണ് സംസ്ഥാനത്തെ റോഡുകള്‍ ടാര്‍ ചെയ്തതിനു തൊട്ടുപിന്നാലെ കുത്തിപ്പൊളിച്ച് കുടിവെള്ള പൈപ്പിടുന്നത് അവസാനിപ്പിക്കാനും പ്രവൃത്തികളില്‍ ടൈം ഷെഡ്യൂള്‍ പരമാവധി പാലിച്ചു മുന്നോട്ടു പോകാനും തീരുമാനമായത്. പ്രവൃത്തികള്‍ ആരംഭിക്കും മുമ്പ് തന്നെ ഇരു വകുപ്പുകളും തമ്മില്‍ കൂടിയാലോചന നടത്തും. ടെക്‌നോളജിയുടെ സഹായത്തോടെ മികച്ച ഏകോപനം സാധ്യമാക്കും. പുതിയ റോഡുകള്‍ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ കുത്തിപ്പൊളിക്കുന്നതുമായി ബന്ധപ്പെട്ട് ധാരാളം പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് മന്ത്രിമാര്‍ പ്രശ്‌നത്തില്‍ ഇടപെട്ടത്.
പുതുതായി ടാര്‍ ചെയ്ത് പണി പൂര്‍ത്തീകരിച്ച റോഡുകള്‍ ഒരു വര്‍ഷത്തിനു ശേഷം മാത്രമേ വെട്ടിപ്പൊളിച്ച് പൈപ്പിടാന്‍ അനുവദിക്കുകയുള്ളൂ. അതേസമയം ചോര്‍ച്ചയെ തുടര്‍ന്നുള്ള അടിയന്തര അറ്റകുറ്റപ്പണികള്‍, വലിയ പദ്ധതികള്‍, ഉയര്‍ന്ന മുന്‍ഗണനയുള്ള പദ്ധതികള്‍ എന്നിവക്ക് ഇളവു നല്‍കും. പുതിയ പൈപ്പ് കണക്്ഷനോ, ചോര്‍ച്ച അടക്കാനോ അറ്റകുറ്റപ്പണിക്കോ റോഡ് കുഴിച്ചാല്‍ ജല അതോറിറ്റി മുന്‍ നിലവാരത്തില്‍ അത് പുനര്‍നിര്‍മിക്കണം. അറ്റകുറ്റപ്പണികള്‍ കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ചുള്ളതാണെന്ന് പൊതുമരാമത്ത് എന്‍ജിനീയര്‍മാര്‍ ഉറപ്പു വരുത്തും. റോഡുകളില്‍ വരാനിരിക്കുന്ന ജോലിയുടെ കലന്‍ഡര്‍ ജല അതോറിറ്റിയും പൊതുമരാമത്ത് വകുപ്പും റോ പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തുകയും ഇവ കൃത്യമായി അപ്ഡേറ്റ് ചെയ്യുകയും വേണം. അത്യാവശ്യമായി ചോര്‍ച്ച പരിഹരിക്കുന്നതിനുള്ള അനുവാദത്തിനും ഇതേ പോര്‍ട്ടലിലൂടെ തന്നെയാണ് ജല അതോറിറ്റി അപേക്ഷിക്കേണ്ടത്. ജില്ലാതലത്തിലും പ്രാദേശികതലങ്ങളിലും ഇരു വകുപ്പുകളും യോജിച്ചു പ്രവര്‍ത്തിക്കും. മന്ത്രിമാരുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ രൂപവത്കരിച്ച ഉദ്യോഗസ്ഥ സമിതിയാണ് ഈ വ്യവസ്ഥകള്‍ തയ്യാറാക്കിയത്.
ജലവകുപ്പിന്റെ തലതിരിഞ്ഞ പ്രവര്‍ത്തനങ്ങളാണ് മിക്കപ്പോഴും സംസ്ഥാനത്തെ റോഡുകള്‍ അലങ്കോലമാക്കുന്നത്. ഒരു റോഡിന്റെ അറ്റകുറ്റപ്പണികളും പുതിയ ടാറിംഗും പൂര്‍ത്തിയായ ഉടനെയായിരിക്കും ജല അതോറിറ്റി ൈപപ്പിടല്‍ പ്രവര്‍ത്തനവുമായി എത്തുന്നതും പുതിയ റോഡ് കുത്തിപ്പൊളിക്കുന്നതും. അതോടെ പ്രസ്തുത റോഡില്‍ വാഹന ഗതാഗതം ദുര്‍ഘടമാകുന്നു. ഇങ്ങനെ വെട്ടിപ്പൊളിക്കുന്ന റോഡുകള്‍ ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥത മൂലം ദിവസങ്ങളോളം ചിലപ്പോള്‍ മാസങ്ങളോളം അതേയവസ്ഥയില്‍ കിടക്കും. അതിനിടെ മഴക്കാലം വന്നെത്തിയാല്‍ റോഡാകെ കുളമായി മാറുകയും ഇരുചക്ര വാഹനങ്ങള്‍ കുഴിയില്‍ വീണുള്ള അപകടങ്ങള്‍ വര്‍ധിക്കുകയും ചെയ്യും. ജലവകുപ്പിന്റെ ഈ അനാസ്ഥക്കെതിരെ ജനപ്രതിനിധികള്‍ തന്നെ പലപ്പോഴും രംഗത്തു വന്നിട്ടുണ്ട്. മരട് നഗരസഭയില്‍ കുടിവെള്ള പൈപ്പിനായി വെട്ടിപ്പൊളിച്ച റോഡുകള്‍ നന്നാക്കാന്‍ താമസിച്ചതില്‍ പ്രതിഷേധിച്ച് 2019 ജൂലൈയില്‍ എം എല്‍ എ. എം സ്വരാജ് നിരാഹാര സമരം പ്രഖ്യാപിച്ചിരുന്നു. റോഡ് നന്നാക്കാന്‍ മരട് നഗരസഭക്ക് പണം കൈമാറേണ്ട ജലവകുപ്പ് പല കാരണങ്ങള്‍ പറഞ്ഞ് വൈകിപ്പിച്ചതാണ് പണി നീളാന്‍ കാരണം. ജലവിഭവ വകുപ്പ് മന്ത്രി ഇടപെട്ട് റോഡ് അറ്റകുറ്റപ്പണിക്കാവശ്യമായ 2.05 കോടി രൂപ കൈമാറിയതിനെ തുടര്‍ന്നാണ് അന്ന് സ്വരാജ് സമരത്തില്‍ നിന്ന് പിന്‍മാറിയത്.
പൊതുമരാമത്ത് വകുപ്പും ജലവകുപ്പും തമ്മില്‍ രൂക്ഷമായ ഭിന്നതക്കും തര്‍ക്കത്തിനും വഴിവെക്കാറുണ്ട് പൊളിച്ച റോഡുകള്‍ നന്നാക്കുന്നതില്‍ വരുന്ന കാലതാമസം. വകുപ്പുകള്‍ തമ്മിലുളള ഏറ്റുമുട്ടലുകള്‍ ഒഴിവാക്കാനായി 2017ല്‍ അന്നത്തെ മരാമത്ത് മന്ത്രി ജി സുധാകരനും ജലവിഭവ വകുപ്പ് മുന്‍ മന്ത്രി മാത്യു ടി തോമസും ഇരു വിഭാഗം ഉന്നതോദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേര്‍ത്ത് ചില മാര്‍ഗനിര്‍ദേശങ്ങള്‍ ഉണ്ടാക്കിയിരുന്നു. പൈപ്പ് പൊട്ടി റോഡ് തകരുന്നത് ഉള്‍പ്പെടെ അടിയന്തര സാഹചര്യങ്ങളില്‍ മരാമത്ത് വകുപ്പ് അസി. എന്‍ജിനീയറെ വിവരം അറിയിച്ച ശേഷമായിരിക്കണം ജല അതോറിറ്റി അറ്റകുറ്റപ്പണി നടത്തേണ്ടത്. മരാമത്ത് വകുപ്പ് മാന്വലിന്റെ അടിസ്ഥാനത്തിലായിരിക്കണം അറ്റകുറ്റപ്പണികള്‍. പൈപ്പ് സ്ഥാപിക്കുന്നതിനും മറ്റും റോഡ് മുറിക്കാന്‍ അസി. എന്‍ജിനീയറില്‍ നിന്ന് മുന്‍കൂര്‍ അനുമതി വാങ്ങണം. റോഡ് മുറിക്കുന്നതും മൂടുന്നതും രണ്ട് വകുപ്പുകളിലെയും എന്‍ജിനീയര്‍മാരുടെ മേല്‍നോട്ടത്തിലാകണം. അറ്റകുറ്റപ്പണിക്കുള്ള തുക അടച്ചിട്ടേ റോഡ് മുറിക്കാവൂ. നിര്‍ദേശങ്ങള്‍ പാലിക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുകയും കരാറുകാരുടെ ലൈസന്‍സ് റദ്ദാക്കുകയും ചെയ്യും തുടങ്ങിയവയായിരുന്നു അന്നത്തെ മാര്‍ഗനിര്‍ദേശങ്ങള്‍. ഇക്കാര്യങ്ങള്‍ കര്‍ശനമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ കലക്ടര്‍മാര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കുകയും ചെയ്തു. എന്നാല്‍ ജല അതോറിറ്റി പിന്നെയും ഈ വ്യവസ്ഥകള്‍ ലംഘിച്ചു കൊണ്ടാണ് മുന്നോട്ടു പോയത്. ഇത്തരമൊരു സാഹചര്യത്തിലാണ് ഇപ്പോള്‍ മന്ത്രി മുഹമ്മദ് റിയാസ് മുന്‍കൈയെടുത്ത് റോഡ് കാവലിനും കലന്‍ഡര്‍ തയ്യാറാക്കാനുള്ള ധാരണയില്‍ എത്തിയത്.
മുഹമ്മദ് റിയാസ് വന്ന ശേഷം വകുപ്പിന്റെ പ്രവര്‍ത്തനം കാര്യക്ഷമവും സമയബന്ധിതവുമാക്കാന്‍ ഒട്ടേറെ പരിഷ്‌കരണങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മരാമത്ത് പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേക കലന്‍ഡര്‍, മൂന്ന് മാസത്തിലൊരിക്കല്‍ കരാറുകാരുടെ സംഘടനാ പ്രതിനിധികളുടെ യോഗം വിളിച്ചു ചേര്‍ക്കല്‍, റോഡുകളിലെ അറ്റകുറ്റപ്പണി കൃത്യമായി നടത്തുന്നതിന് റണ്ണിംഗ് കോണ്‍ട്രാക്റ്റ് സംവിധാനം, വകുപ്പിനു കീഴില്‍ നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിരല്‍ തുമ്പില്‍ ലഭിക്കുന്ന ഇന്‍ട്രാക്റ്റീവ് ഇന്റലിജന്‍സ് പാനല്‍ സംവിധാനം, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കുന്ന കേരള ഹൈവേ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് വിപുലീകരണം, ഉദ്യോഗസ്ഥര്‍ക്കൊപ്പം കരാറുകാര്‍ക്കും ആവശ്യമായ പരിശീലനം ഏര്‍പ്പെടുത്തല്‍ തുടങ്ങിയവയാണ് പദ്ധതികള്‍. യഥാവിധി നടപ്പാക്കാനായാല്‍ സംസ്ഥാനത്തെ റോഡുകളുടെ നിലവാരത്തിലും സംരക്ഷണത്തിലും ആശാവഹമായ പുരോഗതി പ്രതീക്ഷിക്കാവുന്നതാണ്.