calicut university exam
കാലിക്കറ്റ് സർവകലാശാല; ആശയക്കുഴപ്പത്തിലാക്കി ഡിഗ്രി ഒന്നാം സെമസ്റ്റർ മാർക് ലിസ്റ്റ്
2019ൽ പ്രവേശനം നേടിയ വിദ്യാർഥികളുടെ ആദ്യ സെമസ്റ്റർ മാർക് ലിസ്റ്റിലാണ് ആശയക്കുഴപ്പങ്ങൾ നിറഞ്ഞിരിക്കുന്നത്
മലപ്പുറം | വിദ്യാർഥികളെ ആശയക്കുഴപ്പത്തിലാക്കി കാലിക്കറ്റ് സർവകലാശാലയുടെ ഡിഗ്രി ഒന്നാം സെമസ്റ്റർ പരീക്ഷാ മാർക് ലിസ്റ്റ്.
2019ൽ പ്രവേശനം നേടിയ വിദ്യാർഥികളുടെ ആദ്യ സെമസ്റ്റർ മാർക് ലിസ്റ്റിലാണ് ആശയക്കുഴപ്പങ്ങൾ നിറഞ്ഞിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഫലം പുറത്തുവന്നത്. വിദ്യാർഥികളുടെ ഇന്റേണൽ മാർക്കോ എക്സ്റ്റേണൽ മാർക്കോ സൂചിപ്പിക്കാത്ത മാർക്ക് ലിസ്റ്റാണ് ലഭിച്ചത്. ഇതോടെ പുനർമൂല്യനിർണയത്തിനോ ഇംപ്രൂവ്മെന്റ്പരീക്ഷക്കോ തയ്യാറെടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർഥികളാണ് ദുരിതത്തിലായത്. തോറ്റവരുടെ മാർക്ക് നൽകാത്തതാണ് ഇരട്ടിദുരിതമാകുന്നത്. സ്റ്റാറ്റസ് കോളത്തിൽ ജയിച്ചവർക്ക് പാസ്സ് എന്നും തോറ്റവർക്ക് “എഫ്’ എന്നുമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇതിനാൽ തന്നെ തോറ്റ വിദ്യാർഥികൾക്ക് എത്ര മാർക്കിനാണ് തോൽവി സംഭവിച്ചതെന്ന് മനസ്സിലാക്കാനും കഴിയില്ല. ഇതോടെ സപ്ലിമെന്ററി പരീക്ഷ എഴുതുന്ന വിദ്യാർഥികൾ ആശയക്കുഴപ്പത്തിലാണ്.
സാധാരണ നിലയിൽ ക്രഡിറ്റ്, ഇന്റേണൽ മാർക്ക്, എക്സ്റ്റേണൽ മാർക്ക്, ടോട്ടൽ മാർക്ക്, ഗ്രേഡ് പോയന്റ്, ഗ്രേഡ്, സ്റ്റാറ്റസ് എന്ന നിലയിലാണ് മാർക്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാറുള്ളത്. എന്നാൽ ഇത്തവണ ഫലം പുറത്തുവന്നതോടെ ഗ്രേഡ് ഒബ്റ്റെയ്്ൻഡ്, ഗ്രേഡ് പോയന്റ്, ക്രെഡിറ്റ്, ക്രെഡിറ്റ് പോയന്റ്, സ്റ്റാറ്റസ് എന്നീക്രമത്തിലാണ് വിദ്യാർഥികൾക്ക് നൽകിയത്. പല വിദ്യാർഥികളും കോളജ് അധികൃതരുമായി ബന്ധപ്പെട്ടപ്പോൾ വ്യക്തമായി മറുപടി ലഭിച്ചിട്ടില്ല. തുടർന്ന് സർവകലാശാലയുമായി ബന്ധപ്പെട്ടവർക്കും വ്യക്തമായ മറുപടി ലഭിച്ചില്ലെന്ന് വിദ്യാർഥികൾ പറയുന്നു. അതേസമയം ആദ്യ സെമസ്റ്റർ വിദ്യാർഥികളുടെ സപ്ലിമെന്ററി പരീക്ഷയും മെയിൻ പരീക്ഷയും അടുത്ത മാസം 13ന് നടത്താനും സർവകലാശാല തീരുമാനിച്ചിട്ടുണ്ട്.