Connect with us

Kozhikode

കാലിക്കറ്റ് യൂനിവേഴ്‌സിറ്റി: യു പി ഐ വഴി ഫീസടച്ചവര്‍ക്ക് പണം നഷ്ടം

പണം പോയി; ഹാൾ ടിക്കറ്റ് വന്നില്ല

Published

|

Last Updated

തേഞ്ഞിപ്പലം | യു പി ഐ പേമെൻ്റ് സിസ്റ്റം വഴി കാലിക്കറ്റ് സര്‍വകലാശാലയിൽ പരീക്ഷാ ഫീസ് അടച്ചവര്‍ക്ക് പണവും പരീക്ഷയും നഷ്ടമായി. അക്കൗണ്ടിൽ നിന്ന് പണം പോയതിനാല്‍ ഹാള്‍ ടിക്കറ്റിന് കാത്തിരിക്കുകയായിരുന്നു വിദ്യാര്‍ഥികള്‍.

എന്നാല്‍, ഹാള്‍ ടിക്കറ്റ് ലഭിക്കാതായതോടെയാണ് സര്‍വകലാശാല അക്കൗണ്ടില്‍ അടച്ച പണം അവിടെ എത്തിയിട്ടില്ലെന്ന് വ്യക്തമായത്.
സര്‍വകലാശാലയുടെ യു പി ഐ പേമെൻ്റ്  പ്രശ്‌നം പരിഹരിക്കുന്നതു വരെ സര്‍വകലാശാലയുടെ പേമെൻ്റ് സിസ്റ്റത്തിലെ യു പി ഐ പേമെൻ്റ് ലിങ്ക് മരവിപ്പിച്ച് പണം നഷ്ടപ്പെട്ടവര്‍ക്ക് തിരികെ നല്‍കണമെന്നാണ് വിദ്യാര്‍ഥികളുടെ ആവശ്യം.
കൃത്യസമയത്ത് പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്ത ശേഷം സര്‍വകലാശാലയുടെ തല്‍ക്ഷണ പേമെൻ്റ് വെബ്സൈറ്റിലെ യു പി ഐ പേമെൻ്റ് സിസ്റ്റം വഴി പണമടച്ച വിദ്യാർഥികള്‍ക്കാണ് സാങ്കേതിക തകരാര്‍ മൂലം പരീക്ഷാവസരം നഷ്ടപ്പെട്ടത്. വിദൂര വിദ്യാഭ്യാസം വഴി പഠിക്കുന്ന വിദ്യാർഥികളുടെ പണമാണ് കൂടുതല്‍ നഷ്ടമായിരിക്കുന്നത്. ഹാള്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ മാത്രമാണ് തങ്ങളുടെ പരീക്ഷാ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായിട്ടില്ലെന്ന് പല വിദ്യാര്‍ഥികളും മനസ്സിലാക്കുന്നത്.

ഹാള്‍ടിക്കറ്റ് കിട്ടാത്തവര്‍ സൂപ്പര്‍ ഫൈന്‍ അടച്ച് അപേക്ഷിക്കാന്‍ സര്‍വകലാശാല പരീക്ഷാ ഭവനില്‍ ധൃതി പിടിച്ചെത്തുകയാണ്. പരീക്ഷാഭവന്‍ ജീവനക്കാര്‍ക്കും ഇത് അമിതജോലിഭാരമായിട്ടുണ്ട്. വൈകി വരുന്ന രജിസ്‌ട്രേഷനും പരീക്ഷാകേന്ദ്രങ്ങളിലെ സീറ്റ് ക്രമീകരണവും പൂര്‍ത്തിയാക്കാന്‍ ഉദ്യോഗസ്ഥര്‍ പെടാപാടിലാണ്.

യു പി ഐ തകരാറിനെ കുറിച്ച് വ്യക്തമായ വിശദീകരണമോ പണം എങ്ങനെ തിരികെ ലഭിക്കുമെന്നതിനെക്കുറിച്ചുള്ള വിവരമോ സര്‍വകലാശാലാ ഉദ്യോഗസ്ഥര്‍ നല്‍കുന്നില്ലെന്ന് വിദ്യാര്‍ഥികള്‍ പരാതിപ്പെടുന്നു.
ബേങ്കുകളുമായി ബന്ധപ്പെടാനാണ് സര്‍വകലാശാല വിദ്യാർഥികളോട് പറയുന്നത്. എന്നാല്‍, പണം സര്‍വകലാശാലയുടെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്‌തെന്ന് ബേങ്കുകള്‍ പറയുമ്പോള്‍, പണം ലഭിച്ചിട്ടില്ലെന്നാണ് സര്‍വകലാശാലയുടെ വിശദീകരണം.

---- facebook comment plugin here -----

Latest