Connect with us

california shooting

കാലിഫോര്‍ണിയ വെടിവെപ്പ്: അക്രമി സ്വയം വെടിവെച്ച് മരിച്ചു

ഏഷ്യക്കാരനായ 72 വയസ്സുള്ള ഹു കാന്‍ ട്രാന്‍ എന്ന പുരുഷനാണ് അക്രമി

Published

|

Last Updated

കാലിഫോർണിയ | യു എസിലെ കാലിഫോർണിയയിൽ വെടിവെപ്പ് നടത്തിയ അക്രമി സ്വയം വെടിവെച്ച് മരിച്ചതായി പോലീസ് അറിയിച്ചു. വെളുത്ത വാനിലുള്ളില്‍ വെച്ച് സ്വയം വെടിവെച്ച് മരിക്കുകയായിരുന്നു. അക്രമിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഏഷ്യക്കാരനായ 72 വയസ്സുള്ള ഹു കാന്‍ ട്രാന്‍ എന്ന പുരുഷനാണ് അക്രമിയെന്ന് ലോസ് ആഞ്ചലസ് കൗണ്ടി ഷറിഫ് റൊബര്‍ട്ട് ലൂണ അറിയിച്ചു. ഇയാളുടെ കൂടുതല്‍ കാര്യങ്ങള്‍ ഉദ്യോഗസ്ഥര്‍ അന്വേഷിക്കുകയാണ്.

സായുധ സേനയുടെ മൂന്ന് വാഹനങ്ങളുടെ ഇടയിലായാണ് അക്രമിയുടെ വെള്ള വാന്‍ നിര്‍ത്തിയിട്ടിരുന്നത്. വിന്‍ഡോ തകര്‍ത്താണ് സൈനികര്‍ വാഹനത്തിലേക്ക് പ്രവേശിച്ചത്. കൂടുതല്‍ പേരെ കൊല്ലാന്‍ അക്രമിക്ക് ഉദ്ദേശ്യമുണ്ടായതായി ഷറിഫ് ലൂണ പറഞ്ഞു. അതിനാലാണ് അല്‍ഹാംബ്രയിലെ രണ്ടാമത്തെ ഡാന്‍സ് ഹാളിലേക്ക് ഇയാള്‍ പോയത്. എന്നാല്‍, ജനങ്ങള്‍ ഇയാളുടെ ആയുധം പിടിച്ചുവാങ്ങുകയും ഇയാള്‍ ഓടിരക്ഷപ്പെടുകയുമായിരുന്നു. പിന്നീടാണ് വാനിൽ മരിച്ച നിലയിൽ കണ്ടത്. ആയുധ നിയന്ത്രണ നടപടികള്‍ വേണം എന്നതിലേക്കാണ് ഈ സംഭവം സൂചന നല്‍കുന്നതെന്നും ഷറിഫ് പറഞ്ഞു.

വെടിവെപ്പിൽ പത്ത് പേരാണ് മരിച്ചത്. പത്ത് പേർക്ക് പരുക്കേറ്റു. ഇവരിൽ ചിലരുടെ നില ഗുരുതരമാണ്. ചൈനീസ് പുതുവത്സരാഘോഷത്തിനിടെ മോൺട്രേ പാർക്കിൽ ശനിയാഴ്ച രാത്രി പ്രാദേശിക സമയം 10.30 ഓടെയാണ് സംഭവം. ലോസ് ഏഞ്ചൽസിൽ നിന്ന് 11 കിലോമീറ്റർ അകലെയായാണ് മോൺട്രേ പാർക്ക്. ഏഷ്യയിൽ നിന്നുള്ള നിരവധി പേർ താമസിക്കുന്ന സ്ഥലമാണിത്.

ആക്രമണത്തിന്റെ ലക്ഷ്യം വ്യക്തമല്ല. വലിയ തോക്ക് ഉപയോഗിച്ച് ചുറ്റുപാടും വെടിയുതിർക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. രണ്ട് ദിവസമായാണ് ഇവിടെ ചൈനീസ് പുതുവത്സരാഘോഷം സംഘടിപ്പിക്കാറുള്ളത്. പ്രദേശത്തെ ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നാണിത്. പതിനായിരക്കണക്കിന് പേർ ആഘോഷത്തിൽ പങ്കെടുത്തിരുന്നതായാണ് വിവരം. കൊവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചതിനെ തുടർന്ന് ചൈനയിൽ വലിയ തോതിലാണ് പുതുവർഷം ആഘോഷിച്ചത്. ഇതിന്റെ തുടർച്ചയെന്നോണം ചൈനക്കാർ കൂടുതലുള്ള ഇടങ്ങളിലെല്ലാം ആഘോഷ പരിപാടികൾ ആസൂത്രണം ചെയ്തിരുന്നു.
യു എസിൽ ഈ മാസം റിപോർട്ട് ചെയ്യുന്ന അഞ്ചാമത്തെ വെടിവെപ്പാണിത്. കഴിഞ്ഞ മെയിൽ ടെക്‌സാസിലെ സ്‌കൂളിലുണ്ടായ വെടിവെപ്പിൽ ഒമ്പത് കുട്ടികൾ ഉൾപ്പെടെ 21 പേർ മരിച്ചിരുന്നു.