Connect with us

siraj editorial

ഹരിദ്വാറില്‍ നിന്ന് വംശഹത്യാ ആഹ്വാനം

അസഹിഷ്ണുതയും വര്‍ഗീയതയും പൂര്‍വോപരി ശക്തിപ്പെട്ടു വരികയാണ് രാജ്യത്ത്. മറ്റു മതങ്ങളും ഭിന്നവിശ്വാസങ്ങളും എതിരഭിപ്രായങ്ങളും സ്വതന്ത്രചിന്തകളുമെല്ലാം അസഹനീയമാണ് ഹിന്ദുത്വര്‍ക്ക്. അക്രമാസക്തിയോടെ അത് പ്രകടിപ്പിക്കുകയും ചെയ്യുന്നു

Published

|

Last Updated

ഹസ്യ അജന്‍ഡയിലൂടെയായിരുന്നു 2002ല്‍ ഹന്ദുത്വ ഭീകരര്‍ ഗുജറാത്തില്‍ മുസ്‌ലിം വംശഹത്യ നടപ്പാക്കിയത്. ഗോധ്ര ട്രെയിനില്‍ തീവെപ്പ് നടത്തി ഉത്തരവാദിത്വം മുസ്‌ലിംകളുടെ പേരില്‍ കെട്ടിവെച്ചാണ് അവിടെ 2,000ത്തോളം പേരെ കൊന്നൊടുക്കിയത്. ഇന്നിപ്പോള്‍ മുസ്‌ലിംകളെ കൊന്നൊടുക്കാന്‍ പരസ്യ ആഹ്വാനവുമായി രംഗത്തു വന്നിരിക്കുകയാണ് ഇവര്‍. ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ ഡിസംബര്‍ 17-19ന് നടന്ന ധര്‍മ സന്‍ദസ് എന്ന സന്യാസി സമ്മേളനത്തിലെ പ്രാസംഗികരാണ് ആയുധമേന്തി മുസ്‌ലിംകള്‍ക്കെതിരെ രംഗത്തിറങ്ങാന്‍ അണികളോട് ആഹ്വാനം ചെയ്തത്. മ്യാന്‍മറിലെപ്പോലെ നമ്മുടെ രാജ്യത്തും പോലീസും രാഷ്ട്രീയക്കാരും പട്ടാളവും ഓരോ ഹിന്ദുവും ആയുധമെടുത്ത് മുസ്‌ലിംകളെ കൊന്നൊടുക്കണമെന്നായിരുന്നു ഹിന്ദു രക്ഷാസേന പ്രസിഡന്റ് സ്വാമി പ്രബോധാനന്ദ ഗിരിയുടെ ആഹ്വാനം. ഹിന്ദു മഹാസഭ ജനറല്‍ സെക്രട്ടറി സാധ്വി അന്നപൂര്‍ണയും ആഹ്വാനം ചെയ്തു മുസ്‌ലിം വംശഹത്യക്കായി. “മുസ്‌ലിം ജനസംഖ്യ ഇല്ലാതാക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അവരെ കൊല്ലുക. ആയുധമില്ലാതെ ഒന്നും സാധ്യമല്ല. അവരെ കൊല്ലാനും ജയിലില്‍ പോകാനും തയ്യാറാകുക’ എന്നാവശ്യപ്പെട്ട ഈ കാവിഭീകരന്‍ “20 ദശലക്ഷം ആളുകളെ കൊല്ലാന്‍ കഴിയുന്ന 100 സൈനികര്‍ ഞങ്ങള്‍ക്ക് ആവശ്യമാണെ’ന്നും കൂട്ടിച്ചേര്‍ത്തു. ഒന്നുകില്‍ മരിക്കാന്‍ തയ്യാറെടുക്കണം, അല്ലെങ്കില്‍ മുസ്‌ലിംകളെ കൊല്ലാന്‍ തയ്യാറാകണം എന്നതടക്കമുള്ള ആഹ്വാനങ്ങളാണ് പരിപാടിയില്‍ പ്രസംഗിച്ചവരെല്ലാം നടത്തിയത്. മുസ്‌ലിം ആരാധനാലയങ്ങളും കേന്ദ്രങ്ങളും തകര്‍ക്കാനും ഇവര്‍ നിര്‍ദേശിച്ചു. ഇന്ത്യയെ ഹിന്ദുരാജ്യമാക്കും. അതിനായി അവസാന ശ്വാസം വരെ പോരാടുകയും കൊല്ലുകയും ചെയ്യുമെന്ന് പ്രതിജ്ഞ ചെയ്യുകയുമുണ്ടായി യോഗം.

ബി ജെ പിയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവരാണ് യോഗസംഘാടകരും പ്രാസംഗികരും. പ്രബോധാനന്ദ ഗിരി ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉള്‍പ്പെടെയുള്ള ബി ജെ പി നേതാക്കള്‍ക്കൊപ്പം നില്‍ക്കുന്ന ഫോട്ടോയും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ ധാമി ഇയാളുടെ പാദങ്ങളില്‍ സ്പര്‍ശിക്കുന്ന ഫോട്ടോയും പുറത്തു വന്നിട്ടുണ്ട്. ബി ജെ പി വനിതാ വിഭാഗം നേതാവ് ഉദിത ത്യാഗി, വിദ്വേഷ പ്രസംഗ കേസില്‍ അറസ്റ്റിലായി ജാമ്യത്തില്‍ കഴിയുന്ന ബി ജെ പി നേതാവ് അശ്വിനി ഉപാധ്യായ തുടങ്ങിയവരും യോഗത്തില്‍ സന്നിഹിതരായിരുന്നു. വിദ്വേഷ പ്രസംഗങ്ങളിലൂടെ അക്രമത്തിന് പ്രേരിപ്പിക്കുന്നതില്‍ കുപ്രസിദ്ധനായ യതി നരസിംഹാനന്ദാണ് സമ്മേളനത്തിന്റെ മുഖ്യ സംഘാടകന്‍.

നിസ്സാര കാര്യങ്ങള്‍ക്കു പോലും രാജ്യദ്രോഹ നിയമത്തിനു കേസെടുക്കുന്ന നമ്മുടെ രാജ്യത്ത് ഒരു സമുദായത്തെ ഒന്നടങ്കം കൊന്നൊടുക്കുന്നതിനായി ആഹ്വാനം ചെയ്തിട്ടും യോഗവുമായി ബന്ധപ്പെട്ട് ഒരാള്‍ക്കെതിരെ പോലും കേസ് ചാര്‍ജ് ചെയ്തിട്ടില്ലെന്നതാണ് ഗുരുതരമായ വശം. 2010 മുതല്‍ 2020 വരെയുള്ള 10 വര്‍ഷത്തിനിടെ 798 കേസുകളിലായി 10,898 പേര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട് ഇന്ത്യയില്‍. സര്‍ക്കാറിനെയോ രാഷ്ട്രീയക്കാരെയോ വിമര്‍ശിച്ചതും രാജ്യത്ത് വര്‍ധിച്ചുവരുന്ന അസ്വസ്ഥതക്കും അസഹിഷ്ണുതക്കുമെതിരെ സംസാരിച്ചതുമാണ് ഈ കേസുകളിലെ ചാര്‍ജ്ഷീറ്റുകളില്‍ പറയുന്ന “കുറ്റകൃത്യ’ങ്ങളില്‍ ഏറിയപങ്കും. പരാതിയുമായി ആരും സമീപിക്കാത്തതു കൊണ്ടാണ് കേസെടുക്കാത്തതെന്നാണ് ഇതുസംബന്ധിച്ച ചോദ്യത്തിന് ഹരിദ്വാര്‍ പോലിസ് സൂപ്രണ്ട് സ്വതന്ത്ര കുമാര്‍ സിംഗിന്റെ വിശദീകരണം. ആരും പരാതിപ്പെടാതെ തന്നെ സോഷ്യല്‍ മീഡിയ സന്ദേശങ്ങളുടെയും മാധ്യമവാര്‍ത്തകളുടെയും അടിസ്ഥാനത്തില്‍ കേസെടുക്കുന്ന പോലീസിന്, രാജ്യത്ത് മുസ്‌ലിംകളുടെ ചോരപ്പുഴ ഒഴുക്കാന്‍ ആഹ്വാനം ചെയ്യുന്ന ഹിന്ദുത്വ ഭീകരര്‍ക്കെതിരെ കേസെടുക്കാന്‍ പരാതി വേണം പോല്‍. ഏതെങ്കിലും മുസ്‌ലിം നാമധാരികളായിരുന്നു ഇത്തരമൊരു ആഹ്വാനം ചെയ്തിരുന്നതെങ്കില്‍ എന്തായിരുന്നു പുകില്? പോലീസ് മാത്രമല്ല, എന്‍ ഐ എ ഉള്‍പ്പെടെ ദേശീയ അന്വേഷണ ഏജന്‍സികളെല്ലാം ചാടിവീഴുമായിരുന്നു.

അസഹിഷ്ണുതയും വര്‍ഗീയതയും പൂര്‍വോപരി ശക്തിപ്പെട്ടു വരികയാണ് രാജ്യത്ത്. മറ്റു മതങ്ങളും ഭിന്നവിശ്വാസങ്ങളും എതിരഭിപ്രായങ്ങളും സ്വതന്ത്രചിന്തകളുമെല്ലാം അസഹനീയമാണ് ഹിന്ദുത്വര്‍ക്ക്. അക്രമാസക്തിയോടെ അത് പ്രകടിപ്പിക്കുകയും ചെയ്യുന്നു. പശു സംരക്ഷണത്തെ ചൊല്ലിയും ജയ് ശ്രീറാം വിളിക്കാത്തതിന്റെ പേരിലും വ്യാപകമായി നടക്കുന്ന ആള്‍ക്കൂട്ട മുസ്‌ലിം കൊലപാതകങ്ങള്‍ ഇതിന്റെ ഭാഗമാണ്. “ലോകാഃ സമസ്താഃ സുഖിനോ ഭവന്തു ഓം ശാന്തി ശാന്തി ശാന്തിഃ’യെന്ന മന്ത്രം ഉരുവിടുന്ന, അണികളെ സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും വഴികളിലൂടെ നയിക്കേണ്ട മതാചാര്യന്മാരും സന്യാസിമാരും വരെ ഗോള്‍വാള്‍ക്കറിന്റെയും സവര്‍ക്കറുടെയും ഗോഡ്സെയുടെയും ഭാഷയില്‍ സംസാരിക്കുന്നിടത്തോളമെത്തി കാര്യങ്ങള്‍. “”ഹിറ്റ്‌ലര്‍ യഹൂദരെയും സെമിറ്റിക് വിഭാഗങ്ങളെയും വംശഹത്യ നടത്തിയാണ് ജര്‍മനിയെ ശുദ്ധീകരിച്ചത്. നമുക്ക് ഹിന്ദുസ്ഥാനില്‍ പഠിക്കാനും പ്രാവര്‍ത്തികമാക്കാനും ഇതൊരു നല്ല പാഠമാണെ”ന്നായിരുന്നു ഗോള്‍വാള്‍ക്കര്‍ എഴുതിയത്. അതേ ഭാഷയില്‍, മ്യാന്മറില്‍ ബുദ്ധമത തീവ്രവാദികളും ഭരണകൂടവും ചേര്‍ന്നു നടത്തി വരുന്ന മുസ്‌ലിം ഹത്യയില്‍ നിന്ന് പ്രചോദനമുള്‍ക്കൊള്ളാനാണ് ഹരിദ്വാറില്‍ സമ്മേളിച്ച ഹൈന്ദവ സന്യാസിമാര്‍ അണികളെ ഉത്‌ബോധിപ്പിക്കുന്നത്. ഹൈന്ദവ മതഗ്രന്ഥങ്ങളെയോ തത്വശാസ്ത്രങ്ങളെയോ അല്ല, ഫാസിസത്തിന്റെയും നാസിസത്തിന്റെയും ബുദ്ധ തീവ്രവാദത്തിന്റെയും അധ്യാപനങ്ങളാണ് അവരെ നയിക്കുന്നത്. ദേശീയ സമരത്തിന്റെ മുന്നണിപ്പോരാളികളായ അലി സഹോദരന്മാരുടെയും മൗലാനാ ആസാദിന്റെയും പിന്മുറക്കാരെ കൊന്നൊടുക്കാനും ആട്ടിയോടിക്കാനും അവരുടെ സമ്പാദ്യങ്ങള്‍ ബലാത്കാരമായി കൈവശപ്പെടുത്താനും കച്ചകെട്ടി ഇറങ്ങിയ ഹിന്ദുത്വ ഭീകരര്‍ ഈ ദുഷ്‌കൃത്യങ്ങളെയെല്ലാം പുരാണേതിഹാസങ്ങളെ ദുര്‍വ്യാഖ്യാനിച്ചും ചരിത്രസത്യങ്ങളെ വളച്ചൊടിച്ചും വ്യാജചരിത്രങ്ങള്‍ രചിച്ചും ന്യായീകരിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. പൗരന്‍മാരുടെ മൗലികാവകാശങ്ങള്‍ പരസ്പരം വകവെച്ചു കൊടുക്കാനും മറ്റുള്ളവരുടെ ജീവനും സമ്പത്തിനും അഭിമാനത്തിനും നേരേ കൈ ഉയര്‍ത്താതിരിക്കാനും പരസ്പര സൗഹാര്‍ദത്തോടെയും സഹവര്‍ത്തിത്വത്തോടെയും ജീവിക്കാനും ഉദ്‌ഘോഷിക്കുന്ന ഭരണഘടനയോട് അവഹേളനാപരമായ നിലപാട് സ്വീകരിക്കുന്ന ഇവര്‍ ജനാധിപത്യ ഇന്ത്യക്കൊരു ശാപമാണ്.

Latest