Connect with us

social media

സാമൂഹിക മാധ്യമങ്ങൾ വഴി കലാപ ആഹ്വാനം; കേസെടുത്തു

നിരവധി പേർ നിരീക്ഷണത്തിൽ. 51 കേസ്. കൂടുതൽ എറണാകുളത്ത്.

Published

|

Last Updated

കണ്ണൂർ/തിരുവനന്തപുരം | സാമൂഹിക മാധ്യമങ്ങൾ വഴി മത സ്പർധ വളർത്തുന്ന രീതിയിൽ കലാപത്തിന് ആഹ്വാനം ചെയ്തുള്ള പോസ്റ്റുകൾക്കെതിരെ പോലീസിന്റെ പ്രത്യേക വിഭാഗം കേസെടുത്തു തുടങ്ങി. കൂത്തുപറമ്പ്, കതിരൂർ, തലശ്ശേരി എന്നിവിടങ്ങളിൽ നിരവധി പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇവരുടെ കൈയിൽ നിന്ന് ലാപ്‌ടോപ്പ്, കന്പ്യൂട്ടർ, മൊബൈൽ ഫോൺ എന്നിവ പിടിച്ചെടുത്തു. കൂടുതൽ പേർ നിരീക്ഷണത്തിലാണ്. ഫേസ്ബുക്കിലെ മേൽവിലാസം നോക്കിയാണ് കേസെടുക്കുന്നത്. തലശ്ശേരിയിൽ പ്രകോപനപരമായ മുദ്രാവാക്യം മുഴക്കിയതിന് ബി ജെ പി, ആർ എസ് എസ് പ്രവർത്തകർക്കെതിരെ 153 എ പ്രകാരം കേസെടുത്തു.
സാമൂഹിക മാധ്യമങ്ങൾ വഴി കലാപാഹ്വാനങ്ങൾ കൂടിവരുന്ന സാഹചര്യത്തിൽ ഇത് തടയാനായി പോലീസ് പ്രത്യേക സെൽ രൂപവത്കരിച്ചിരുന്നു. ആലപ്പുഴ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ ഭീഷണി മുഴക്കിയുള്ള മുദ്രാവാക്യങ്ങളും മറ്റും കൂടിവന്നിരുന്നു. ഈ സാഹചര്യത്തിലാണ് പ്രത്യേക സെൽ രൂപവത്കരിച്ചത്. സ്‌പെഷ്യൽ ബ്രാഞ്ച് ഡി വൈ എസ് പി. വി കെ വിശ്വംഭരൻ നോഡൽ ഓഫീസറായ സെല്ലിൽ സൈബർ പോലീസും വിവിധ സ്‌റ്റേഷനുകളിലെ ഇൻസ്‌പെക്ടർമാരും സിവിൽ പോലീസ് ഓഫീസറുമടക്കം 40 അംഗങ്ങളാണുള്ളത്. ഇവർ നടത്തിയ സൈബർ പട്രോളിംഗിന്റെ ഭാഗമായാണ് നിരവധി പേർക്കെതിരെ കേസെടുത്തത്. പാർട്ടികളുടെയും സംഘടനകളുടെയും സൈബർ പോരാളികളും കർശന നിരീക്ഷണത്തിലാണ്.

മതസ്പർധ വളർത്തുന്നവർ മാത്രമല്ല, ലൈക്ക് ചെയ്യുന്നവർക്കെതിരെയും കമന്റിടുന്നവർക്കെതിരെയും കേസെടുക്കും. ഡിലീറ്റ് ചെയ്താലും ഫോറൻസിക് പരിശോധനയിൽ കണ്ടെത്താനാകുമെന്നതിനാൽ കുറ്റകൃത്യത്തിന്റെ കാഠിന്യം കുറയില്ലെന്ന് പോലീസ് പറഞ്ഞു.
അതേസമയം, സാമൂഹിക വിദ്വേഷം വളർത്തുന്ന തരത്തിൽ നവമാധ്യമങ്ങളിലൂടെ സന്ദേശങ്ങൾ പ്രചരിപ്പിച്ചതിന് 51 കേസുകൾ രജിസ്റ്റർ ചെയ്തു. ആറ് ദിവസത്തെ കണക്കാണിത്. ഇന്നലെ കൂടുതൽ അറസ്റ്റ് റിപ്പോർട്ട് ചെയ്തിട്ടില്ല. ഏറ്റവും കൂടുതൽ കേസുകൾ എറണാകുളം റൂറൽ പോലീസ് ജില്ലയിലാണ്- 14. മലപ്പുറത്ത് 12 കേസുകൾ. തിരുവനന്തപുരം സിറ്റി- ഒന്ന്, തിരുവനന്തപുരം റൂറൽ – നാല്, കൊല്ലം സിറ്റി- ഒന്ന്, പത്തനംതിട്ട- ഒന്ന്, ആലപ്പുഴ- രണ്ട്, കോട്ടയം- ഒന്ന്, തൃശൂർ സിറ്റി -നാല്, തൃശൂർ റൂറൽ- ഒന്ന്, പാലക്കാട്- അഞ്ച്, കോഴിക്കോട് റൂറൽ- രണ്ട്, കണ്ണൂർ റൂറൽ -ഒന്ന്, കാസർകോട്- രണ്ട് എന്നിങ്ങനെയാണ് മറ്റു ജില്ലയിലെ കണക്കുകൾ.