Uae
റമസാനിൽ സുസ്ഥിര രീതികൾക്ക് ആഹ്വാനം; ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കുകൾ ഒഴിവാക്കണം
ശുചിത്വം, പുനരുപയോഗം, പരിസ്ഥിതി സൗഹൃദ വസ്തുക്കളുടെ ഉപയോഗം തുടങ്ങി വിശുദ്ധ മാസം മുഴുവൻ സുസ്ഥിരതയും ശുചിത്വവും വർധിപ്പിക്കുകയാണ് പ്രചാരണം ലക്ഷ്യമിടുന്നത്.

ദുബൈ | റമസാനിൽ സുസ്ഥിരമായ രീതികൾ പിന്തുടരാൻ ദുബൈ മുനിസിപ്പാലിറ്റി അഭ്യർഥിച്ചു. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് പാത്രങ്ങളും ടേബിൾ വെയറുകളും ഉപയോഗിക്കുന്നത് ഒഴിവാക്കണം. ദിനചര്യകളിലെ ചെറിയ മാറ്റങ്ങൾ പരിസ്ഥിതി അവബോധം പ്രോത്സാഹിപ്പിക്കുന്നതിൽ കാര്യമായ സ്വാധീനം ചെലുത്തുമെന്ന് മുനിസിപ്പാലിറ്റി വ്യക്തമാക്കി.
“നമ്മുടെ തിരഞ്ഞെടുപ്പുകളെക്കുറിച്ച് ചിന്തിക്കാൻ റമസാൻ അനുയോജ്യമായ സമയമാണ്’ എന്ന് മുനിസിപ്പാലിറ്റി പ്രസ്താവിച്ചു. ഇഫ്താർ പോലുള്ള വലിയ ഒത്തുചേരലുകളിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം കുറക്കുന്നതിന് ശ്രദ്ധ നൽകണം. പ്ലാസ്റ്റിക് മാലിന്യങ്ങൾ കുറക്കാൻ പുനരുപയോഗിക്കാവുന്ന ടേബിൾവെയർ തിരഞ്ഞെടുക്കാൻ അധികൃതർ ആവശ്യപ്പെട്ടു. 2025 ജനുവരി മുതൽ പ്ലാസ്റ്റിക് സ്റ്റിററുകൾ, സ്‌റ്റൈറോഫോം കപ്പുകൾ, പ്ലാസ്റ്റിക് സ്ട്രോകൾ എന്നിവ നിരോധിക്കാനും 2026 ഓടെ പ്ലാസ്റ്റിക് കട്ട്‌ലറികൾ, കണ്ടെയ്നറുകൾ എന്നിവക്ക് അധിക നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും ദുബൈ നടത്തുന്ന നീക്കത്തിന്റെ ഭാഗം കൂടിയാണ് നിർദേശം.
പ്ലാസ്റ്റിക് മാലിന്യങ്ങൾ പരിഹരിക്കുന്നതിനൊപ്പം റമസാനിൽ ഭക്ഷണ മാലിന്യം കുറക്കേണ്ടതിന്റെ പ്രാധാന്യവും മുനിസിപ്പാലിറ്റി പറഞ്ഞു. ഇഫ്താറിനും സുഹൂറിനും ഭക്ഷണം ശ്രദ്ധാപൂർവം ആസൂത്രണം ചെയ്യാനും ആവശ്യമുള്ളത് മാത്രം ഉപയോഗിക്കാനും ബാക്കിയുള്ളവ പുനരുപയോഗിക്കാനും മുനിസിപ്പാലിറ്റി ആവശ്യപ്പെട്ടു. മിച്ചമുള്ള ഭക്ഷണം ആവശ്യമുള്ളവർക്ക് നൽകാൻ മുനിസിപ്പാലിറ്റി യു എ ഇ ഫുഡ് ബേങ്കുമായി സഹകരിച്ച് പ്രവർത്തിക്കുന്നുണ്ട്. ശുചിത്വം, പുനരുപയോഗം, പരിസ്ഥിതി സൗഹൃദ വസ്തുക്കളുടെ ഉപയോഗം തുടങ്ങി വിശുദ്ധ മാസം മുഴുവൻ സുസ്ഥിരതയും ശുചിത്വവും വർധിപ്പിക്കുകയാണ് പ്രചാരണം ലക്ഷ്യമിടുന്നത്.