Connect with us

book review

എരിയുന്ന വീട്ടിലേക്കുള്ള പിൻവിളികൾ

നോവലിൽ, നഷ്ടപ്പെടുന്നതിന്റെയും പിറകിലുപേക്ഷിക്കുന്നതിന്റെയും ഇടയിലെ ധാർമിക തലങ്ങളെ അതിതീവ്രമായി പ്രശ്നവത്കരിക്കുന്നു എന്നിടത്താണ് കനഫാനിയുടെ പ്രതിഭ തിളങ്ങിനിൽക്കുന്നത്.

Published

|

Last Updated

“ജനനം മുതൽ അദ്ദേഹത്തിന്റെ ജീവിത സാഹചര്യങ്ങൾ ഫലസ്തീനിയൻ വിഷയവുമായി അഭേദ്യമായി കേട്ടുപിണഞ്ഞതായിരുന്നു. അദ്ദേഹത്തിന്റെ “ജോലി/ എഴുത്ത്/സർഗസൃഷ്ടി’ സ്വന്തത്തിന്റെയും ഫലസ്തീനികൾ എന്ന സ്വന്തം ജനതയുടെയും അതിജീവനമായിരുന്നു.’ ഗസ്സാൻ കനഫാനിയുടെ ജീവചരിത്ര ലേഖനത്തിൽ കാരെൻ റിലെ എഴുതുന്നു. 1948 ൽ കനഫാനിയുടെ പന്ത്രണ്ടാം ജന്മദിനത്തിൽ അരങ്ങേറിയ ദെയിർ യാസിൻ കൂട്ടക്കൊല ഇനിയൊരിക്കലും ജന്മദിനം ആഘോഷിക്കില്ലെന്ന തീരുമാനത്തിൽ അദ്ദേഹത്തെ എത്തിച്ചു. പ്രസ്തുത സംഭവത്തിനും ഒരു മാസത്തിനുള്ളിൽ ആക്കർ നഗരം സയണിസ്റ്റുകൾ പിടിച്ചെടുത്തതോടെ ആരംഭിച്ച പലായനവും പ്രവാസവും ഫലസ്തീനികളുടെ നിതാന്ത വിധിയായിത്തീരും എന്ന് പതിയെയെങ്കിലും വളരെയേറെ വേദനയോടെയും ഇച്ഛാഭംഗത്തോടെയുമാണ് തന്റെ ജനതയെ പോലെത്തന്നെ കനഫാനിയും തിരിച്ചറിഞ്ഞത്.

കടുത്ത പ്രമേഹത്തിന്റെ ശാരീരിക കൊലയാളി ഉള്ളിലും ഫലസ്തീനിയൻ വിധിയുടെ ഊരാക്കുടുക്കിനെക്കുറിച്ചുള്ള ബോധ്യം മനസ്സിലും ചേർന്ന് തികച്ചും അശുഭദർശിയായ അവസ്ഥയിൽ 1960 ലെ ഡയറിക്കുറിപ്പിൽ അദ്ദേഹം കുറിച്ചു: “നമുക്കറിയാവുന്ന ഏകകാര്യം നാളെ, ഇന്നത്തെക്കാൾ ഒട്ടും മെച്ചമായിരിക്കില്ല എന്ന് മാത്രമാണ്; ഒപ്പം, ഒരിക്കലും വരാത്ത ഒരു ബോട്ടിനുവേണ്ടി ആശയോടെ തീരത്ത്‌ കാത്തിരിക്കുകയാണ് നമ്മളെന്നും. നാം എല്ലാത്തിൽനിന്നും വേർപിരിക്കപ്പെടാൻ ശിക്ഷിക്കപ്പെട്ടവരാണ് – നമ്മുടെ സർവനാശത്തിൽ നിന്നൊഴികെ.’ എന്നാൽ, അൽ ഹുറിയത്ത് പത്രത്തിൽ ചേരാനുള്ള ജോർജ് ഹബാഷിന്റെ ക്ഷണം നൽകിയ പുതിയ ഉത്തരവാദിത്വബോധം, മരണത്തോടുപോലും തമാശ പറയാൻ കഴിയുന്ന ഊർജമാണ് അദ്ദേഹത്തിനു നൽകിയത്. ഫലസ്തീൻ അഭയാർഥി പ്രതിസന്ധിയെക്കുറിച്ച് ഗവേഷണം നടത്താനെത്തിയ ഡാനിഷ് യുവതി ആനി ഹൂവറെ കണ്ടുമുട്ടുകയും വിവാഹം ചെയ്യുകയും ചെയ്ത കനഫാനി, ഔദ്യോഗിക രേഖകളുടെ അഭാവത്തിൽ ഒളിച്ചു കഴിയുന്നതിനിടെയാണ് Men in the Sun രചിക്കുന്നത്‌.

കുവൈത്തിലേക്ക് ഒളിച്ചു കടക്കാൻ ശ്രമിക്കുന്ന മൂന്ന് ഫലസ്തീനിയൻ പ്രവാസികളുടെ ദുരന്തം ആവിഷ്കരിച്ച നോവൽ, അറബ്/ഫലസ്തീനിയൻ സാഹിത്യത്തിലെ നാഴികക്കല്ലാണ്. ജേണലിസം വിട്ട് എഴുത്തിൽ ശ്രദ്ധകേന്ദ്രീകരിക്കാൻ സുഹൃത്തുക്കൾ ഉപദേശിച്ചപ്പോൾ, അത്തരം വേർതിരിവിന്റെ ആർഭാടം തനിക്കു ലഭ്യമല്ല എന്നദ്ദേഹം പ്രതികരിച്ചത് അദ്ദേഹത്തിന്റെ സർഗപരമായ ഉത്കണ്ഠകളെ വ്യക്തമാക്കുന്നു. രാഷ്ട്രീയം ജീവിതത്തിലേക്ക് കടന്നു കയറിയ മനുഷ്യർക്ക് എഴുത്ത് ചെറുത്തുനിൽപ്പ്‌ തന്നെയാണ്. “ചെറുത്തുനിൽപ്പിന്റെ സാഹിത്യം (Literature of Resistance)’ എന്ന് തന്നെയാണ് അധിനിവിഷ്ട ഫലസ്തീൻ സാഹിത്യത്തെ അദ്ദേഹം വിളിച്ചതും. ഫലസ്തീനിയൻ സാഹിത്യത്തിൽ കനഫാനിയുടെസമകാലികരായ മറ്റു രണ്ടു കുലപതികൾ ജബ്ര ഇബ്രാഹിം ജബ്ര, എമിലി ഹബീബി എന്നിവരിൽ നിന്ന് അദ്ദേഹത്തെ വേർതിരിക്കുന്നതും ഈ തുറന്ന പ്രതിബദ്ധ സമീപനമാണ്. മിഡിൽ ഈസ്റ്റിനെയും അറബ് ലോകത്തെ ആകെയും പോയ നൂറ്റാണ്ടു മുഴുവൻ പിടിച്ചുലച്ച സംഘർഷങ്ങൾക്ക് കൃത്യമായ ഫലസ്തീനിയൻ വീക്ഷണകോൺ നൽകിയ ആദ്യത്തെ വലിയ എഴുത്തുകാരനാണ്‌ കനഫാനി. ആറുദിന യുദ്ധത്തിലെ (1967 ജൂൺ 5 മുതൽ 10 വരെ) പരാജയത്തെ തുടർന്ന് പലസ്തീനിയൻ മനസ്സ് നേരിട്ടപ്രതിസന്ധിയും നൈരാശ്യവും വളരെ വലുതും ബഹുതല സ്പർശിയുമായിരുന്നു.

‘ഹൈഫയിലേക്ക് തിരിച്ചു പോകുന്നവർ’ (Return to Haifa) ഇരുപതു വർഷത്തെ ഇടവേളയുള്ള രണ്ടു ചരിത്ര ഘട്ടങ്ങളാണ് പശ്ചാത്തലമാക്കുന്നത്. 1948 ഏപ്രി ൽ 21ന്റെ അഭിശപ്ത ദിനത്തിൽ, കുടിയൊഴിപ്പിക്കപ്പെട്ടു പലായനം ചെയ്യുന്ന ആയിരങ്ങളുടെ കൂടെ സൈദിനും നവവധു സഫിയക്കും ജന്മഗേഹം പിറകിലുപേക്ഷിക്കേണ്ടി വന്ന സന്ദർഭം; 1967 ആറുദിന യുദ്ധത്തിൽ വെസ്റ്റ്‌ബാങ്ക്, സീനായ്, ഗസ്സ, ഗോലാൻ കുന്നുകൾ എന്നിവ ഇസ്്റാഈൽ അധീനതയിൽ വീണതിനു ശേഷം അതിർത്തികൾ തുറന്ന സന്ദർഭത്തിൽ വെസ്റ്റ്‌ ബാങ്കിലെ റമാലയിലുള്ള വസതിയിൽ നിന്ന് തിരികെ, ഹൈഫയിലുള്ള പഴയ വീട് സന്ദർശിക്കാൻ പോകുന്ന സന്ദർഭം എന്നിവയാണ് അവ. ഇസ്്റാഈലിനും പുത്തൻ അധിനിവിഷ്ട പ്രദേശങ്ങൾക്കുമിടയിലെ ആ അതിർത്തി തുറക്കൽ, പ്രവാസി പലസ്തീനികൾക്ക് അവരുടെ ഭൂതകാലത്തെ ഭൗതികാർഥത്തിലും മാനസികമായും നേരിടേണ്ട വെല്ലുവിളിയാക്കിത്തീർത്തു.

നോവലിൽ, നഷ്ടപ്പെടുന്നതിന്റെയും പിറകിലുപേക്ഷിക്കുന്നതിന്റെയും ഇടയിലെ ധാർമിക തലങ്ങളെ അതിതീവ്രമായി പ്രശ്നവത്കരിക്കുന്നു എന്നിടത്താണ് കനഫാനിയുടെ പ്രതിഭ തിളങ്ങിനിൽക്കുന്നത്. കൈക്കുഞ്ഞായിരുന്ന ഖാൽദൂൻ, ഓഷ് വിറ്റ്സ് അതിജീവിച്ചെത്തിയ മിർയാം – ഇഫ്രത്ത് കോഷൻ ദമ്പതികളുടെ മകൻ/ വളർത്തുമകൻ ദോഫ് ആയിത്തീരുന്നത് വ്യത്യസ്ത ധ്രുവങ്ങളിൽ നിന്ന് നൈതിക വിചാരണ സാധ്യമാക്കുന്നുണ്ട്.മിർയാമിനെയും ഇഫ്രതിനെയും മാത്രം അച്ഛനമ്മമാർ ആയി അറിഞ്ഞ യുവാവിന്, കൈക്കുഞ്ഞിനെ ‘ഉപേക്ഷിച്ചു’ പോയവരോട് വെറും ജീവശാസ്ത്രപരമായ ബാന്ധവത്തിന്റെ പേരിൽ വൈകാരിക ബാധ്യതകളില്ല. അയാൾ ജൂതനായി വളർന്നു, ആ ആശയങ്ങളിൽ മുങ്ങിക്കുളിച്ചു സൈനികനായി.

തങ്ങൾക്കു സംഭവിച്ചതെന്ത്, തങ്ങളുടെ നിസ്സഹായതയുടെ ആഴമെന്ത് എന്നൊന്നും മകനോട്‌ തർക്കിക്കുന്നതിൽ പ്രസക്തിയില്ല എന്ന തിരിച്ചറിവ് ഏതാണ്ട് വൈരാഗ്യപൂർണമായ അകൽച്ചയായി സൈദ്‌ ഉറപ്പിക്കുന്നതോടെ മകനയാൾക്ക് ആരുമല്ലാതാകുന്നു. രണ്ടാമത്തെ മകനെ അന്ന് വരെ നിരുത്സാഹപ്പെടുത്തിയിരുന്നത് മറന്നു ഫിദായിൻ പോരാളിയാക്കാൻ ആ നിമിഷം അയാൾ തീരുമാനിക്കുന്നത്, മൂത്തവന്റെ സയണിസ്റ്റ് വിധേയത്വത്തോടുള്ള പ്രതിഷേധം കൂടിയാണ്.

ഒരേ ഇടത്തിന് രണ്ട് അവകാശികൾ ഉണ്ടാവുകയും സഹജീവനം സാധ്യമല്ലാതാകുകയും ചെയ്യുകയെന്ന അടിസ്ഥാനപരമായ പലസ്തീൻ ഊരാക്കുടുക്കിന്റെ ഏറ്റവും തീക്ഷ്ണമായ രൂപകം ആയിത്തീരുകയാണ് ഖാൽദൂൻ – ഖാലിദ് സഹോദരങ്ങൾക്കിടയിൽ അവരറിയാതെത്തന്നെ സംഭവിക്കുന്ന ധ്രുവീകരണം. ആർക്കറിയാം, അടുത്ത നാളിൽ ഫിദായീൻ പോരാളിയുടെ നെഞ്ചിലേക്ക്തുളച്ചുകയറാനുള്ള വെടിയുണ്ട സ്വസഹോദരന്റെ തോക്കിൽ നിന്നാവില്ല എന്ന് ! കനഫാനിയുടെ ‘പൊരിവെയിലിലെ മനുഷ്യർ’ (Men in the Sun) നേരത്തെ മലയാളത്തിൽ എത്തിയിട്ടുണ്ടെങ്കിലും Return to Haifa ക്ക് ഇപ്പോഴാണ്‌ മൊഴിമാറ്റം ഉണ്ടാകുന്നത്. മുഹമ്മദലി വാഫിയുടെതാണ് മൊഴിമാറ്റം. അനന്തമായി തുടരുന്ന ഫലസ്തീൻ യുദ്ധവിശേഷങ്ങൾക്കൊപ്പം നിർബന്ധമായി വായിച്ചിരിക്കേണ്ട ഒരു ലഘുകൃതിയായാണ് സമർപ്പിക്കുന്നത്. ബുക്പ്ലസ് ആണ് പ്രസാധകർ. വില 130 രൂപ.

Latest