Kerala
വയറുവേദനയുമായെത്തി; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ
മലപ്പുറം മൂന്നിയൂര്‍ സ്വദേശിയായ 43 വയസ്സുകാരിയുടെ വയറ്റില്‍ നിന്നാണ് മെഡിക്കല്‍ കോളജ് ഗൈനക്കോളജി വിഭാഗത്തിന്റെ നേതൃത്വത്തില്‍ മുഴ നീക്കം ചെയ്തത്.
കോഴിക്കോട് | വയറുവേദനയുമായെത്തിയ യുവതിയുടെ വയറ്റില്‍ നിന്നും 10 കിലോഗ്രാമിലേറെ ഭാരമുള്ള മുഴ നീക്കം ചെയ്തു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് ശസ്ത്രക്രിയ നടത്തിയത്. മലപ്പുറം മൂന്നിയൂര്‍ സ്വദേശിയായ 43 വയസ്സുകാരിയുടെ വയറ്റില്‍ നിന്നാണ് മെഡിക്കല്‍ കോളജ് ഗൈനക്കോളജി വിഭാഗത്തിന്റെ നേതൃത്വത്തില്‍ സങ്കീര്‍ണ ശസ്ത്രക്രിയയിലൂടെ ഗര്‍ഭാശയ മുഴ നീക്കം ചെയ്തത്.
36 സെന്റീമീറ്റര്‍ നീളവും 33 സെന്റീമീറ്റര്‍ വീതിയുമുള്ള ഗര്‍ഭാശയമുഴ മൂന്ന് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് പുറത്തെടുത്തത്. ശസ്ത്രക്രിയ കഴിഞ്ഞ് തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന യുവതിയുടെ ആരോഗ്യനില തൃപ്തികരമാണ്. ശസ്ത്രക്രിയക്കു നേതൃത്വം നല്‍കിയ മെഡിക്കല്‍ സംഘത്തെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു.
ഒരാഴ്ച മുമ്പാണ് വയറുവേദനയുമായി യുവതി ആശുപത്രിയിലെത്തിയത്. എന്നാല്‍, വയറ് വീര്‍ത്തിരിക്കുന്നതൊഴിച്ചാല്‍ മറ്റ് രോഗ ലക്ഷണങ്ങളൊന്നും കണ്ടെത്താനായില്ല. തുടര്‍ന്ന് നടത്തിയ അള്‍ട്രാസൗണ്ട്, എം ആര്‍ ഐ സ്‌കാനിങ് പരിശോധനകളിലാണ് ഗര്‍ഭാശയ മുഴയാണെന്ന് സ്ഥിരീകരിച്ചത്.
രക്തയോട്ടം കൂടുതലുള്ള മുഴയായതിനാല്‍ അതീവ സങ്കീര്‍ണമായിരുന്നു ശസ്ത്രക്രിയ. രക്തസ്രാവം ഉണ്ടാകാതിരിക്കാന്‍ ഗര്‍ഭാശയത്തിലേക്കുള്ള രക്തക്കുഴലുകള്‍ ശസ്ത്രക്രിയയുടെ തുടക്കത്തില്‍ തന്നെ തുന്നിച്ചേര്‍ത്തിരുന്നു. രക്തസ്രാവമുണ്ടാകാനുള്ള സാധ്യത മുന്നില്‍ കണ്ട് രക്തം ശേഖരിച്ച് വച്ചിരുന്നെങ്കിലും വേണ്ടി വന്നില്ല. ശസ്ത്രക്രിയ പൂര്‍ണ വിജയമായിരുന്നു.
ഗൈനക്കോളജി വിഭാഗം കാന്‍സര്‍ സ്‌പെഷ്യലിസ്റ്റ് ഡോ. സന്തോഷ് കുര്യാക്കോസ്, ഡോ. അമ്മു മോഹന്‍, ഡോ. ഐശ്വര്യ ഗൗതം, ഡോ. അഞ്ജന, അനസ്‌തേഷ്യാ വിഭാഗം ഡോ. ബിനു സാജിദ്, ഡോ. എസ് എ സോനു, സ്റ്റാഫ് നഴ്‌സ് സി എസ് സരിത, സിജിമോള്‍ ജോര്‍ജ്, നഴ്‌സിങ് അസിസ്റ്റന്റ് വി കെ അശോകന്‍ എന്നിവരടങ്ങിയ സംഘമാണ് ശസ്ത്രക്രിയ നടത്തിയത്. ഗൈനക്കോളജി വിഭാഗം മേധാവി ഡോ. ജ്യോതി രമേശ് ചന്ദ്രന്‍ മേല്‍നോട്ടം വഹിച്ചു.