Uae
ഡ്രൈവിംഗിനിടെ പത്രം വായിക്കുന്നതും ഫോണുകള്‍ ഉപയോഗിക്കുന്നതും കാമറകള്‍ പിടികൂടും
വിന്‍ഡ് ഷീല്‍ഡുകള്‍ കനത്തില്‍ ചായം പൂശിയാലും അവ പോലീസ് പിടിച്ചെടുക്കും.
ദുബൈ| ദുബൈ പോലീസിന്റെ സ്മാര്‍ട്ട് കാമറകള്‍ ഗതാഗത നിയമലംഘനങ്ങള്‍ എല്ലാം പകര്‍ത്തുമെന്ന് അധികൃതര്‍. സിസ്റ്റം പിടികൂടിയ ഏറ്റവും പുതിയ ലംഘനങ്ങളില്‍ ശ്രദ്ധ തെറ്റി വാഹനമോടിക്കുന്ന ഗുരുതരമായ കേസുകളും ഉള്‍പ്പെടുന്നു. ഒരു വനിതാ ഡ്രൈവര്‍ രണ്ട് ഫോണുകള്‍ ഉപയോഗിച്ചത് കാമറ പിടികൂടി. മറ്റൊരു ഡ്രൈവര്‍ പത്രം പോലെ തോന്നുന്നത് വായിക്കുന്നത് കാണാം. ലംഘനങ്ങളും നിരുത്തരവാദപരമായ പെരുമാറ്റങ്ങളും കണ്ടുപിടിക്കാന്‍ കഴിയുന്ന ഏറ്റവും പുതിയ സാങ്കേതിക വിദ്യകളാല്‍ സജ്ജീകരിച്ചിരിക്കുന്നവയാണ് ദുബൈയിലെ ട്രാഫിക് സംവിധാനങ്ങളെന്ന് പോലീസ് പറഞ്ഞു.
വിന്‍ഡ് ഷീല്‍ഡുകള്‍ കനത്തില്‍ ചായം പൂശിയാലും അവ പോലീസ് പിടിച്ചെടുക്കും. റോഡ് സുരക്ഷ പ്രോത്സാഹിപ്പിക്കുന്നതിനും ട്രാഫിക് നിയന്ത്രണങ്ങള്‍ ഫലപ്രദമായി നടപ്പിലാക്കുന്നതിനുമായി സ്മാര്‍ട്ട് ട്രാഫിക് സാങ്കേതികവിദ്യകളില്‍ സജീവമായി നിക്ഷേപം നടത്തുന്നുണ്ടെന്ന് ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ട്രാഫിക് ഡയറക്ടര്‍ മേജര്‍ ജനറല്‍ സെയ്ഫ് മുഹൈര്‍ അല്‍ മസ്‌റൂഇ പറഞ്ഞു.
വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത്, ടെയില്‍ഗേറ്റിംഗ്, പെട്ടെന്നുള്ള വ്യതിയാനം എന്നിവയുള്‍പ്പെടെ ഒന്നിലധികം ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് 30 ദിവസം വരെ വാഹനങ്ങള്‍ പിടിച്ചെടുക്കുമെന്ന് പോലീസ് ഓര്‍മിപ്പിച്ചു. 400 ദിര്‍ഹത്തിനും 1000 ദിര്‍ഹത്തിനും ഇടയിലുള്ള പിഴയും നാല് ബ്ലാക്ക് പോയിന്റുകളും നല്‍കുന്നതിനൊപ്പമുള്ള അധിക പിഴയാണ് 30 ദിവസത്തെ കണ്ടുകെട്ടലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.