Kerala
ലഹരിക്കെതിരായ പ്രചാരണം ശക്തമാക്കും, ജൂണില്‍ വിപുലമായ കാമ്പയിന്‍: മുഖ്യമന്ത്രി
ഓപറേഷന്‍ ഡി ഹണ്ട് ഊര്‍ജിതമാക്കും.

തിരുവനന്തപുരം | ലഹരിക്കെതിരായ പ്രചാരണം ശക്തമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജൂണില്‍ ലഹരിക്കെതിരായി വിപുലമായ കാമ്പയിന്‍ നടത്തും. പരമാവധി ജനപങ്കാളിത്തം ഉറപ്പുവരുത്തും. ഓപറേഷന്‍ ഡി ഹണ്ട് ഊര്‍ജിതമാക്കും.
ലഹരി വിരുദ്ധ പ്രചാരണത്തെ കുറിച്ച് ആലോചിക്കുന്നതിനായി ഇന്ന് രണ്ട് യോഗങ്ങള്‍ ചേര്‍ന്നതായി മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. യോഗത്തില്‍ വിവിധ രാഷ്ട്രീയ-മത നേതാക്കള്‍ പങ്കെടുത്തു. രണ്ട് യോഗങ്ങളും ഓണ്‍ലൈനായിട്ടാണ് ചേര്‍ന്നത്. സണ്‍ഡേ ക്ലാസിലും മദ്റസകളിലും ഇതര ധാര്‍മിക വിദ്യാഭ്യാസ ക്ലാസുകളിലും ലഹരി വിരുദ്ധ ആശയങ്ങള്‍ പഠിപ്പിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. സര്‍ക്കാര്‍ തയ്യാറാക്കി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന വിപുലമായ കാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളുന്ന രൂപരേഖയില്‍ മത-സാമുദായക സംഘടനകളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും അഭിപ്രായങ്ങള്‍ വിലപ്പെട്ടതാണ്. ഇതുസംബന്ധിച്ച നിര്‍ദേശങ്ങള്‍ ഒരാഴ്ചയ്ക്കകം മുഖ്യമന്ത്രിയുടെ ഓഫീസില്‍ എത്തിക്കണമെന്ന് യോഗങ്ങളില്‍ അറിയിച്ചിട്ടുണ്ട്. വിദ്യാര്‍ഥികളെയും യുവജനങ്ങളെയും ഊന്നിയാണ് പ്രധാനമായും കാമ്പയിന്‍ നടക്കുക.
ലഹരിക്കെതിരായ പോരാട്ടം വിട്ടുവീഴ്ചയില്ലാതെ തുടരുകയാണ്. ഏപ്രില്‍ 8 മുതല്‍ 14 വരെയുള്ള ഒരാഴ്ചക്കാലയളവില്‍ ഓപ്പറേഷന്‍ ഡി ഹണ്ടിന്റെ ഭാഗമായി 15,327 വ്യക്തികളെ പരിശോധനയ്ക്ക് വിധേയരാക്കി. 927 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 994 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. 248.93 ഗ്രാം എം ഡി എം എയും 77.127 കിലോഗ്രാം കഞ്ചാവും പിടിച്ചെടുത്തു. സംസ്ഥാനത്തൊട്ടാകെ ലഹരിയുമായി ബന്ധപ്പെട്ട 288 സോഴ്‌സ് റിപോര്‍ട്ടുകള്‍ ബന്ധപ്പെട്ട ജില്ലാ പോലീസ് മേധാവിമാര്‍ക്ക് കൈമാറി. അതിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിച്ചു വരികയാണ്.
അതിദാരിദ്ര്യ നിര്‍മാര്‍ജനം
അതിദരിദ്രരില്ലാത്ത രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളത്തെ മാറ്റുന്നതിനായി പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്. പദ്ധതിക്കു വേണ്ടിയുള്ള ശ്രമം ഫലപ്രദമായിരുന്നു. സംസ്ഥാനത്തെ ആദ്യത്തെ അതിദാരിദ്ര്യമുക്ത നിയോജക മണ്ഡലമായി ധര്‍മ്മടം ഉയര്‍ന്നതിന്റെ പ്രഖ്യാപനം കഴിഞ്ഞ ദിവസം നടത്തി. പദ്ധതിയുടെ ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ 2023 നവംബര്‍ ഒന്നിന് പൂര്‍ത്തിയായി. ആകെ കണ്ടെത്തിയതില്‍ 30,658 (47.89 ശതമാനം) കുടുംബങ്ങളെ അതിദാരിദ്ര്യത്തില്‍ നിന്ന് ആദ്യഘട്ടത്തില്‍ മുക്തരാക്കി. 2025 ഏപ്രില്‍ 15ലെ കണക്കു പ്രകാരം ആകെ കണ്ടെത്തിയ കുടുംബങ്ങളില്‍ 50,401 കുടുംബങ്ങളെ (78.74 ശതമാനം) ഇതുവരെ അതിദാരിദ്ര്യത്തില്‍ നിന്ന് മുക്തരാക്കുവാന്‍ സാധിച്ചിട്ടുണ്ട്. 2025 നവംബര്‍ ഒന്നിന് മുമ്പ് സംസ്ഥാനത്തെ അതിദാരിദ്ര്യത്തില്‍ നിന്ന് പൂര്‍ണമായും മുക്തമാക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്.
അഴിമതിക്കെതിരായ പോരാട്ടം
വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോയുടെ നേതൃത്വത്തില്‍ പൊതുജന പങ്കാളിത്തത്തോടെ നടത്തിവരുന്ന ‘അഴിമതി മുക്ത കേരളം’ ക്യാമ്പയിന്‍ നിര്‍ണ്ണായക നേട്ടങ്ങള്‍ കൈവരിച്ചു കഴിഞ്ഞു. സര്‍ക്കാര്‍-അര്‍ധ സര്‍ക്കാര്‍-പൊതുമേഖലാ സ്ഥാപനങ്ങളില്‍ സാധ്യതയുള്ള അഴിമതിയുടെ ഉറവിടം കണ്ടെത്തി ഇല്ലാതാക്കുക എന്നതും പ്രധാന ലക്ഷ്യമാണ്.’ ZERO TOLERANCE TO CORRUPTION’ എന്നൊരു നയം തന്നെ ഇതിനായി നടപ്പാക്കുകയാണ്. ഓപറേഷന്‍ സ്‌പോട്ട് ട്രാപ്പിന്റെ ഭാഗമായി സംസ്ഥാനത്തൊട്ടാകെ കൈക്കൂലിക്കാരായ 700 ഓളം സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ലിസ്റ്റ് വിജിലന്‍സ് തയ്യാറാക്കി. ഇ-ഗവേണന്‍സ്, ഇ-ടെന്‍ഡറിംഗ്, സോഷ്യല്‍ ഓഡിറ്റ്, നിയമാവബോധം, കര്‍ശന വിജിലന്‍സ് സംവിധാനം എന്നിവയുടെ ഫലപ്രദമായ വിനിയോഗങ്ങളിലൂടെ അഴിമതി നിര്‍മാര്‍മനം യാഥാര്‍ഥ്യമാക്കുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.