Editorial
ക്യാമ്പസ് രാഷ്ട്രീയം: ആരെയാണ് ചികിത്സിക്കേണ്ടത്?
വിദ്യാര്‍ഥികളല്ലേ, എടുത്തുചാട്ടമൊക്കെ ഉണ്ടാകും എന്ന് ന്യായീകരിക്കാവുന്ന അതിക്രമങ്ങളല്ല കേരളത്തിലെ കലാലയങ്ങളില്‍ വിദ്യാര്‍ഥി രാഷ്ട്രീയത്തിന്റെ മറവില്‍ നടന്നിട്ടുള്ളത്. ലക്ഷണമൊത്ത ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍, ഒന്നല്ല എത്രയോ ഉണ്ട്. ആര്‍ക്കു വേണ്ടിയാണ് ഈ അക്രമങ്ങള്‍, കൊലപാതകങ്ങള്‍?
![](https://assets.sirajlive.com/2021/08/editorial.jpg)
വിദ്യാര്‍ഥി സംഘടനകള്‍ തമ്മിലുള്ള സംഘര്‍ഷം കേരളത്തില്‍ പുതിയ കാര്യമല്ല. സ്‌കൂളുകളില്‍, കോളജുകളില്‍, സര്‍വകലാശാലകളില്‍ വിദ്യാര്‍ഥി ഏറ്റുമുട്ടല്‍ നടന്നിട്ടുണ്ട്. ജീവാപായം വരെ എത്തിയ അതിക്രമങ്ങള്‍ വിദ്യാര്‍ഥി രാഷ്ട്രീയത്തിന്റെ പേരില്‍ പ്രബുദ്ധകേരളത്തില്‍ അരങ്ങേറിയിട്ടുമുണ്ട്. അക്രമ രാഷ്ട്രീയത്തിനെതിരെ ഘോരഘോരം പ്രസംഗിക്കുന്ന രാഷ്ട്രീയ നേതാക്കള്‍ക്ക് അതവസാനിപ്പിക്കണമെന്ന് ആത്മാര്‍ഥമായ ആഗ്രഹമില്ല. അതുകൊണ്ടാണ് ക്യാമ്പസുകള്‍ ഇപ്പോഴും നീറിപ്പുകയുന്നത്. പിന്തുണക്കാനും സംരക്ഷിക്കാനും നേതാക്കളുണ്ട് എന്ന ധൈര്യമാണ് വിദ്യാര്‍ഥി രാഷ്ട്രീയത്തിന്റെ അഹന്ത. സഹപാഠിയെ അടിച്ചും തൊഴിച്ചും തക്കം കിട്ടിയാല്‍ നെഞ്ചില്‍ കഠാരയിറക്കിയും ‘ധീരത പ്രകടിപ്പിക്കുന്ന’ വിദ്യാര്‍ഥി നേതാക്കള്‍ക്ക് സാമൂഹിക മാധ്യമങ്ങളില്‍ ലഭിക്കുന്ന വീര, താര പരിവേഷങ്ങള്‍ ക്യാമ്പസ് അക്രമങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം കാലിക്കറ്റ് സര്‍വകലാശാല ഡി സോണ്‍ കലോത്സവത്തിനിടെയുണ്ടായ അക്രമങ്ങളുടെ ദൃശ്യങ്ങള്‍ ഞെട്ടലോടെയാണ് നമ്മള്‍ കണ്ടത്. മലയാളികളെ ഒന്നാകെ ലജ്ജിപ്പിക്കേണ്ട ദൃശ്യങ്ങളാണത്. വീണുകിടക്കുന്ന എസ് എഫ് ഐ പ്രവര്‍ത്തകനെ കമ്പി കൊണ്ടും കസേര കൊണ്ടും പൊതിരെ തല്ലി പക തീര്‍ക്കുന്ന കെ എസ് യു നേതാവിന്റേതടക്കം ദൃശ്യങ്ങളാണ് പുറത്തുവന്നത്. കെ എസ് യുക്കാരെയുമായി ഹോസ്പിറ്റലിലേക്ക് പുറപ്പെട്ട ആംബുലന്‍സ് തടഞ്ഞുനിര്‍ത്തി എസ് എഫ് ഐക്കാര്‍ ആക്രമിക്കുന്ന വീഡിയോയും പ്രചരിക്കുന്നുണ്ട്. ആംബുലന്‍സിനുള്ളില്‍ ചിരിച്ചുകൊണ്ട് സെല്‍ഫി എടുക്കുന്ന കെ എസ് യു പ്രവര്‍ത്തകരാണ് ഈ സംഭവ പരമ്പരയിലെ ഏറ്റവും കൊടിയ അശ്ലീലം.
വിദ്യാര്‍ഥികളില്‍ രാഷ്ട്രീയ ബോധ്യങ്ങളുണ്ടാക്കാനും അവരെ അലസരാകാന്‍ വിടാതെ പ്രതികരണ ശേഷിയുള്ളവരാക്കി മാറ്റാനുമാണ് വിദ്യാര്‍ഥി സംഘടനകള്‍ പരിശ്രമിക്കേണ്ടത്. ‘വലിയ’ നേതാവായി വളരാനുള്ള കൈയാങ്കളികളുടെ പരിശീലന കാലമായി വിദ്യാര്‍ഥി രാഷ്ട്രീയത്തെ കാണുന്ന കുട്ടിനേതാക്കളാണ് ക്യാമ്പസുകളെ കലാപഭൂമിയാക്കുന്നത്. കിട്ടുന്നതായാലും കൊടുക്കുന്നതായാലും, ഓരോ അടിയും രാഷ്ട്രീയ നിക്ഷേപമാക്കി മാറ്റാനുള്ള മെയ് വഴക്കം ആര്‍ജിക്കാനുള്ള അവസരമായി ക്യാമ്പസ് രാഷ്ട്രീയത്തെ കാണുന്ന മനോവൈകൃതങ്ങളെ ചികിത്സിച്ചു ഭേദപ്പെടുത്തേണ്ടതുണ്ട്. നമ്മള്‍ തമ്മില്‍ തല്ലുന്നതെന്തിന് എന്ന വിശാലമായ സൗഹൃദ ബോധ്യങ്ങളിലേക്ക് വിദ്യാര്‍ഥി സംഘടനകള്‍ക്ക് വികസിക്കാന്‍ കഴിയുന്നില്ലെങ്കില്‍ അവര്‍ ക്യാമ്പസിനു പുറത്ത് പ്രവര്‍ത്തിക്കട്ടെ എന്ന് തീരുമാനമെടുക്കുകയാണ് അഭികാമ്യം.
വിദ്യാര്‍ഥികളല്ലേ, എടുത്തുചാട്ടമൊക്കെ ഉണ്ടാകും എന്ന് ന്യായീകരിക്കാവുന്ന അതിക്രമങ്ങളല്ല കേരളത്തിലെ കലാലയങ്ങളില്‍ വിദ്യാര്‍ഥി രാഷ്ട്രീയത്തിന്റെ മറവില്‍ നടന്നിട്ടുള്ളത്. ലക്ഷണമൊത്ത ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍, ഒന്നല്ല എത്രയോ ഉണ്ട്. ആര്‍ക്കു വേണ്ടിയാണ് ഈ അക്രമങ്ങള്‍, കൊലപാതകങ്ങള്‍? ജനാധിപത്യ രാഷ്ട്രീയത്തില്‍ ആയുധത്തിന്റെ സ്ഥാനമെവിടെയാണ്? ആഘോഷ വേളകളെ പോലും ഭീകരവാഴ്ചയുടെയും ക്രൂരമായ അടിച്ചമര്‍ത്തലിന്റെയും വേദിയാക്കി മാറ്റുന്നവര്‍ എന്ത് സന്ദേശമാണ് സമൂഹത്തിന് നല്‍കുന്നത്? ഒരു ചെറുപ്പക്കാരനെ തലയോട്ടി പൊളിഞ്ഞുപോകാവുന്ന വിധം തല്ലിച്ചതച്ച കുറ്റവാളികള്‍ വിദ്യാര്‍ഥികള്‍ എന്ന ആനുകൂല്യത്തിന് അര്‍ഹരാണോ? അവരെ സംഘടനയുടെ പുറത്തിരുത്താന്‍ താമസമെന്ത്? കേരളത്തിലെ ക്യാമ്പസുകളില്‍ എസ് എഫ് ഐക്കാണ് മേല്‍ക്കൈ. ചിലയിടങ്ങളില്‍ കെ എസ് യുവും ശക്തമായ സാന്നിധ്യമാണ്. സ്വാതന്ത്ര്യം ജനാധിപത്യം സോഷ്യലിസമാണ് എസ് എഫ് ഐയുടെ മുദ്രാവാക്യം. പഠനം സമരം സാഹോദര്യമാണ് കെ എസ് യുവിന്റെ അടയാള വാക്കുകള്‍. രണ്ട് സംഘടനകളും ക്യാമ്പസുകളില്‍ എത്ര കണ്ട് ഈ മുദ്രാവാക്യങ്ങള്‍ പ്രയോഗവത്കരിക്കുന്നുണ്ട് എന്ന കാര്യം സ്വയം പരിശോധനക്ക് വിധേയമാക്കണം. തങ്ങളുടേതല്ലാത്ത ഒരു കൊടിയും പാറില്ലെന്ന, തങ്ങളുടേതല്ലാത്ത ഒരു മുദ്രാവാക്യവും മുഴങ്ങാന്‍ പാടില്ലെന്ന ധിക്കാരം ജനാധിപത്യത്തിന്റെയും സാഹോദര്യത്തിന്റെയും ഏത് കള്ളിയിലാണ് എഴുതിച്ചേര്‍ക്കുക? പുതിയ കാലത്ത് വലിയ രാഷ്ട്രീയ ദൗത്യങ്ങള്‍ ഏറ്റെടുക്കാന്‍ ബാധ്യതയുള്ള രണ്ട് മതേതര വിദ്യാര്‍ഥി സംഘടനകള്‍ മുഖാമുഖം നിന്ന് പോര്‍വിളിക്കുന്നതും തമ്മില്‍ തല്ലുന്നതും എത്രമേല്‍ അപഹാസ്യമാണ് എന്ന് ചിന്തിക്കാന്‍ കഴിയുന്ന നേതാക്കള്‍ രണ്ടിടങ്ങളിലും ഇല്ലെന്നാണോ? രാഷ്ട്രീയം മനുഷ്യോന്മുഖമാകണം. അതിന് സൗഹൃദത്തിന്റെയും സ്നേഹത്തിന്റെയും നനവുണ്ടാകണം. ഉള്ളുപിടയുന്നവരുടെയും നൊന്തുകേഴുന്നവരുടെയും ആശ്രയമാകണം രാഷ്ട്രീയ സംഘാടനങ്ങള്‍. ആളുകളെ ചേര്‍ത്തുപിടിക്കാനാണ് കൂട്ടായ്മകള്‍. മനുഷ്യ ജീവിതത്തിലെ ഏറ്റവും മനോഹര കാലമാണ് വിദ്യാര്‍ഥിത്വം. അവിടെ രാഷ്ട്രീയ പ്രവര്‍ത്തനമാകാം, സംവാദങ്ങളാകാം. പക്ഷേ, എളിയില്‍ കത്തി ഒളിപ്പിച്ചു കടത്താനും സഹപാഠിയെ ടാര്‍ഗെറ്റ് ചെയ്ത് ഇല്ലാതാക്കാനും ശ്രമിക്കുന്നവര്‍ മനോഹരമായ വിദ്യാര്‍ഥി ജീവിത കാലത്തിനുമേല്‍ മാരകമായ പ്രഹരമേല്‍പ്പിക്കുകയാണ്. നിങ്ങളോട് യോജിക്കുന്നവരെ മാത്രമല്ല, കഠിനമായി വിയോജിക്കുന്നവരെ കൂടി ഉള്‍ക്കൊള്ളുന്നതാണ് ജനാധിപത്യം. വിയോജിക്കുന്നവരോടും സൗഹൃദപ്പെടാന്‍ കഴിയുന്ന ഒരാളുടെ മനോവിചാരങ്ങളെയാണ് സര്‍ഗാത്മക രാഷ്ട്രീയ പ്രവര്‍ത്തനം എന്നുവിളിക്കുന്നത്.
കേരളത്തിലെ ക്യാമ്പസുകളെ കുരുതിക്കളമാക്കാന്‍ വിട്ടുകൊടുക്കരുത്. അതിന് ഒത്താശ ചെയ്യുന്ന രാഷ്ട്രീയ നേതൃത്വത്തെ കൂടി വിചാരണ ചെയ്യണം. മാതൃരാഷ്ട്രീയത്തിലെ ഗോഡ്ഫാദര്‍മാരുടെ ചെലവില്‍ തടിച്ചുകൊഴുക്കുന്ന അക്രമികള്‍ വിദ്യാര്‍ഥികള്‍ എന്ന പരിഗണനയില്‍ രക്ഷപ്പെട്ടുകൂടാ. അവരെ നിര്‍ദാക്ഷിണ്യം നിയമത്തിനു വിട്ടുകൊടുക്കുക തന്നെ വേണം. പഠനോപകരണങ്ങള്‍ കൊണ്ടുവരേണ്ട ഇടങ്ങളാണ് പാഠശാലകള്‍. അവിടേക്ക് ആയുധവുമായി കയറിവരുന്നൊരാള്‍, അയാള്‍ ഏത് കൊടി പിടിക്കുന്നയാളാണെങ്കിലും, പടിക്ക് പുറത്തുനിര്‍ത്താന്‍ കോളജ് അധികൃതര്‍ക്ക് അധികാരം നല്‍കണം. അക്രമികളെ പരിലാളിക്കുകയും പരിരക്ഷിക്കുകയും ചെയ്യുന്ന രാഷ്ട്രീയ വിലാസമുള്ള അധ്യാപകര്‍ എല്ലാ കോളജുകളിലുമുണ്ട്. എല്ലാ അക്രമങ്ങള്‍ക്കും രാഷ്ട്രീയ ന്യായം ചമയ്ക്കുന്ന ഇത്തരക്കാരുടെ തണലിലാണ് പല കുട്ടിനേതാക്കളും കോഴ്‌സുകള്‍ പൂര്‍ത്തിയാക്കുന്നത്. ആ തണല്‍ മരങ്ങളെ കൂടി തുറന്നുകാണിച്ചുകൊണ്ടേ ഈ മേഖലയില്‍ ശുദ്ധീകരണം സാധ്യമാകൂ.