Connect with us

Articles

ക്യാമ്പസുകൾ രാഷ്ട്രീയം പറയട്ടെ, പക്ഷേ അതിങ്ങനെ മതിയോ?

വിദ്യാർഥി രാഷ്ട്രീയം നിലനിൽക്കണമെന്ന ഹൈക്കോടതിയുടെ സുപ്രധാനമായ നിരീക്ഷണം രാഷ്ട്രീയ പ്രാധാന്യമുള്ളതാണ്. എന്നാൽ ഈ നിരീക്ഷണത്തിന്റെ രണ്ടാമത്തെ ഭാഗം, അഥവാ ക്യാമ്പസ് രാഷ്ട്രീയം ക്രിയാത്മകവും ശാന്തവും മനുഷ്യത്വപരവുമാകണമെന്ന ഭാഗം അതിനേക്കാളേറെ പ്രസക്തമാണ്. പഠനവും വിദ്യാർഥികളുടെ സ്വാസ്ഥ്യവും തകർക്കുന്ന വിദ്യാർഥി രാഷ്ട്രീയം അങ്ങേയറ്റം പ്രതിലോമകരമാണ്. ആ പ്രവണത മാറുക തന്നെ വേണം.

Published

|

Last Updated

ക്യാമ്പസ് രാഷ്ട്രീയത്തിനെതിരായി ഒരു വിഭാഗം ആളുകൾ എന്നും ശബ്ദം ഉയർത്തിയിട്ടുണ്ട്. വിദ്യാർഥി രാഷ്ട്രീയം നിരോധിക്കണം എന്ന ആവശ്യത്തിന് ദശാബ്ദങ്ങളുടെ പഴക്കമുണ്ട്. ഇന്ന് കോളജുകളിലെ വിദ്യാർഥികൾ മഹാഭൂരിപക്ഷവും 18 വയസ്സ് തികഞ്ഞ വോട്ടർമാരാണ്. ഇക്കൂട്ടർക്കുളള മൗലിക അവകാശമാണ് അവരുടെ സംഘടനാ സ്വാതന്ത്ര്യം. കോളജ് യൂനിയനുകളും യൂനിവേഴ്‌സിറ്റി യൂനിയനുകളുമെല്ലാം വിദ്യാർഥി ലക്ഷങ്ങളുടെ മൗലികാവകാശങ്ങളുടെ പരിധിയിൽ വരുന്നതുമാണ്. അതുകൊണ്ടു തന്നെ വിദ്യാർഥികളുടെ മൗലിക അവകാശമായ ക്യാമ്പസ് രാഷ്ട്രീയത്തെ പൂർണമായി നിരോധിക്കാൻ ഒരു കോടതിക്കും അധികാരവുമില്ല.

എന്നാൽ നിയന്ത്രണങ്ങൾ വേണം താനും. കേരള ഹൈക്കോടതി ഈ ദിശയിലുള്ള നിരീക്ഷണമാണ് നടത്തിയിരിക്കുന്നത്. പൗരാവകാശങ്ങളിൽ വെച്ച് ഏറ്റവും മൗലികമായിട്ടുളളത് വ്യക്തി സ്വാതന്ത്ര്യമാണ്. ഭരണഘടനയിലെ 19ാം വകുപ്പ് മുതൽ 22 വരെ ഈ മൗലികാവകാശത്തിന്റെ വിവിധ വശങ്ങൾ പ്രതിപാദിക്കുന്നു. ഇതിൽ 19ാം വകുപ്പാണ് ഏറ്റവും പ്രധാനം. ഭരണഘടനയനുസരിച്ച് എല്ലാ പൗരന്മാർക്കും ഉറപ്പ് നൽകിയിട്ടുളള മൗലിക സ്വാതന്ത്ര്യങ്ങൾ ഉൾക്കൊണ്ട സുപ്രധാന വകുപ്പാണിത്. ആവിഷ്‌കാരത്തിനും അഭിപ്രായത്തിനുമുള്ള സ്വാതന്ത്ര്യം, സംഘടനകൾ രൂപവത്കരിക്കാനുളള അവകാശം തുടങ്ങിയവയാണ് ഇതിൽ പ്രധാനം.

പൗരന്മാർ പൊതുവെ ഈ സ്വാതന്ത്ര്യങ്ങൾ എത്രത്തോളം അനുഭവിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ഒരു ജനാധിപത്യ സമൂഹത്തിന്റെ യഥാർഥ പരീക്ഷണമെന്നതിൽ സംശയമേ ഇല്ല. ഈ സ്വാതന്ത്ര്യങ്ങളിലാണ് പൗരനെന്ന നിലയിൽ വ്യക്തിയുടെ സ്വാതന്ത്ര്യം കുടികൊള്ളുന്നത്. ആ സ്വാതന്ത്ര്യമാകട്ടെ വ്യക്തിയുടെ സൗഖ്യത്തിനും പുരോഗതിക്കുമുള്ള അത്യന്താപേക്ഷിത ഘടകങ്ങളിൽ ഒന്നത്രേ. ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ ചിന്ത, അഭിപ്രായ പ്രകടനം, വിശ്വാസം, ആരാധന എന്നിവക്കുള്ള സ്വാതന്ത്യത്തെക്കുറിച്ച് ഊന്നിപ്പറയുന്നുണ്ട്.ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ ഭാഗമാണ് സ്വതന്ത്രമായി സമ്മേളിക്കുന്നതിനുളള അവകാശം.

യഥാർഥത്തിൽ ആവിഷ്‌കാര സ്വാതന്ത്ര്യവും സമ്മേളിക്കാനുള്ള സ്വാതന്ത്ര്യവും ഒരേ ഞെട്ടിലെ രണ്ട് പൂക്കളത്രെ. പൊതു വിവാദങ്ങൾക്കും ചർച്ചകൾക്കും രാഷ്ട്രീയ പ്രവർത്തനങ്ങൾക്കും അതുപോലുളള മറ്റ് കാര്യങ്ങൾക്കും സമാധാനപരമായി യോഗം ചേരാനുള്ള അവകാശം, അഭിപ്രായപ്രകടന സ്വാതന്ത്ര്യം യാഥാർഥ്യമാക്കിത്തീർക്കാൻ അത്യാന്താപേക്ഷിതമാണെന്ന് ഭരണഘടനാ നിർമാതാക്കൾക്ക് അറിയാമായിരുന്നു. അതിനാൽ സമാധാനപരമായും നിരായുധരായും സമ്മേളിക്കാനുള്ള സ്വാതന്ത്ര്യം ഭരണഘടന ഉറപ്പ് നൽകുന്നു.

അസ്സോസിയേഷനുകളോ സംഘടനകളോ രൂപവത്കരിക്കാൻ  ഈ രാജ്യത്തെ എല്ലാ പൗരന്മാർക്കും അവകാശമുണ്ട്. സംഘടനകൾ രൂപവത്കരിക്കാനുള്ള അവകാശങ്ങൾ മൗലികമാക്കാനും അവ അതേപടി ഭരണഘടനയിൽ ചേർക്കാനുമുണ്ടായ ശ്രമം ധീരമായ കാൽവെപ്പായിരുന്നു. കാലഗതി പൂർണമായി ഗ്രഹിച്ച് ഇന്ത്യൻ ഭരണഘടന സംഘടനകൾ രൂപവത്കരിക്കാനുള്ള എല്ലാ വിഭാഗം പൗരൻമാരുടെയും അവകാശം മൗലികമായി തന്നെ അംഗീകരിച്ചിരിക്കുകയാണ്.കോളജുകളിലെ വിദ്യാർഥി രാഷ്ട്രീയ നിലപാടുകൾ ഭരണഘടനാധിഷ്ഠിതമായ ഒന്നാണ്. ക്യാമ്പസ് രാഷ്ട്രീയത്തെ നിരോധിക്കൽ ഒരു ജനാധിപത്യ സമൂഹത്തിനും സാധ്യവുമല്ല. കോളജുകളിലെ വിദ്യാർഥി രാഷ്ട്രീയം നിരോധിക്കേണ്ടതില്ലെന്നും അതുമായി ബന്ധപ്പെട്ട മോശം പ്രവണതകൾക്കാണ് തടയിടേണ്ടതെന്നും കേരള ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരിക്കുകയാണ്.

കോളജുകളിലെ വിദ്യാർഥി രാഷ്ട്രീയം നിരോധിക്കണം എന്നാവശ്യപ്പെടുന്ന പൊതുതാത്പര്യ ഹരജികൾ പരിഗണിക്കവേയാണ് ജസ്റ്റിസ് എം മുഹമ്മദ് മുശ്താഖ്, ജസ്റ്റിസ് പി കൃഷ്ണകുമാർ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബഞ്ചിന്റെ പരാമർശം. അധ്യാപകരെയും വിദ്യാർഥികളെയും ദ്രോഹിക്കുന്ന രാഷ്ട്രീയ പ്രവർത്തനം അനുവദിക്കാനാകില്ല. രാഷ്ട്രീയത്തെക്കുറിച്ച് പഠിക്കാനും അതിൽ അർഥപൂർണമായി ഇടപെടാനും വിദ്യാർഥികളെ പ്രോത്സാഹിപ്പിക്കണമെന്ന് കോടതി പറഞ്ഞു. മതത്തിന്റെ പേരിൽ കാട്ടിക്കൂട്ടുന്ന സംഭവങ്ങളുടെ പേരിൽ മതങ്ങളെ നിരോധിക്കാൻ കഴിയില്ല. രാഷ്ട്രീയത്തിൽ ചെയ്യുന്ന കാര്യങ്ങളുടെ പേരിൽ രാഷ്ട്രീയം നിരോധിക്കാനും കഴിയില്ല. എല്ലാവരും രാഷ്ട്രീയ അവകാശങ്ങളെക്കുറിച്ചും പൗരാവകാശങ്ങളെക്കുറിച്ചുമുള്ള സംവാദങ്ങളിൽ ഏർപ്പെടണം. രാഷ്ട്രീയത്തിന്റെ നല്ല മൂല്യങ്ങൾ വളർത്തിയെടുക്കേണ്ടതുമുണ്ട്.

ക്യാമ്പസുകളിലെ അക്രമങ്ങൾ, സമരങ്ങൾ എന്നിവ മൂലം ക്ലാസ്സുകൾ തടസ്സപ്പെടുന്നതിന് കർശന നടപടി വേണമെന്ന് ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്. വിദ്യാർഥികൾ തമ്മിലുളള ക്രമസമാധാന പ്രശ്‌നങ്ങളിൽ പോലീസിന് ഇടപെടാം. ഇതിൽ പ്രിൻസിപ്പലിന്റെ സമ്മതത്തിനായി കാത്തിരിക്കേണ്ടതില്ലെന്നും കോടതി പറഞ്ഞുവെക്കുന്നു. കഴിഞ്ഞ ജനുവരിയിൽ എറണാകുളം മഹാരാജാസ് കോളജിൽ നടന്ന എസ് എഫ് ഐ- കെ എസ് യു സംഘർഷത്തിൽ ഒരു വിദ്യാർഥിക്ക് കുത്തേറ്റിരുന്നു.

കോളജ് താത്കാലികമായി അടച്ചിടാനും ഇത് കാരണമായെന്ന് ഹരജിക്കാർ കോടതിയെ അറിയിച്ചു. ക്യാമ്പസുകളിൽ അക്രമ രാഷ്ട്രീയം തടയാൻ എന്ത് ചെയ്യാനാകുമെന്നതിൽ സർക്കാർ നിലപാട് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട കോടതി, ഈ ഹരജി ജനുവരി 23ന് പരിഗണിക്കാൻ മാറ്റുകയായിരുന്നു.  എസ് എഫ് ഐ-  കെ എസ് യു സംഘട്ടനത്തിൽ  ഒരു വിദ്യാർഥിക്ക് കുത്തേറ്റതിനെ തുടർന്ന് മരട് സ്വദേശി എൻ പ്രകാശാണ് കലാലയ രാഷ്ട്രീയത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ രാഷ്ട്രീയം മോശമാണെന്ന ധാരണ മാറണമെന്നാണ് കോടതി പ്രതികരിച്ചത്.

ജനം രാഷ്ട്രീയത്തിന്റെ നല്ല മൂല്യങ്ങൾ ഉൾക്കൊള്ളണം. നിർഭാഗ്യവശാൽ കലാലയങ്ങളിൽ ഇപ്പോൾ നടക്കുന്നത് തികച്ചും വ്യത്യസ്തമായാണ്. ക്ലാസ്സുകൾ തടസ്സപ്പെടുത്തുന്ന രാഷ്ട്രീയവും അധ്യാപകരും വിദ്യാർഥികളും പരസ്പരം ദ്രോഹിക്കുന്ന രാഷ്ട്രീയവും അനുവദിക്കാനാകില്ലെന്ന് ബഞ്ച് തീർത്തുപറയുകയും ചെയ്തു.  എല്ലാവരും രാഷ്ട്രീയം മനസ്സിലാക്കിയിരിക്കണമെന്നും രാഷ്ട്രീയ അവകാശങ്ങളെ സംബന്ധിച്ചും പൗരന്റെ സിവിൽ അവകാശങ്ങളെ സംബന്ധിച്ചും ബോധവാന്മാരായിരിക്കണമെന്നുമുള്ള ഹൈക്കോടതി നിരീക്ഷണം എടുത്തുപറയേണ്ട ഒന്നാണ്. രാഷ്ട്രീയത്തിന്റെ നല്ല വശങ്ങളെ സംബന്ധിച്ച് ജനങ്ങൾക്ക് ബോധ്യമുണ്ടാകണം. രാഷ്ട്രീയത്തിന്റെ പേരിൽ നടക്കുന്ന നീതീകരണമില്ലാത്ത അക്രമങ്ങളും സമരങ്ങളും ഒഴിവാക്കേണ്ടതാണെന്നും ഉന്നത കോടതി നിരീക്ഷിച്ചു.

രാജ്യത്തെ വിദ്യാർഥി ലക്ഷങ്ങളുടെയും അവർക്ക് വേണ്ടി പൊരുതുന്ന സംഘടനകളുടെയും നിരന്തരമായ പ്രവർത്തനങ്ങളുടെ ഫലമായാണ് രാജ്യത്തെ ക്യാമ്പസ് യൂനിയനുകളും സർവകലാശാലാ യൂനിയനുകളുമെല്ലാം അംഗീകരിക്കപ്പെട്ടത്. മൂന്ന് പതിറ്റാണ്ട് മുമ്പ് ഈ ലേഖകൻ കേരള യൂനിവേഴ്‌സിറ്റി യൂനിയൻ ചെയർമാനായിരുന്ന കാലത്താണ് അന്നത്തെ യൂനിവേഴ്‌സിറ്റി ഗ്രാന്റ്സ് കമ്മീഷൻ യൂനിവേഴ്‌സിറ്റി യൂനിയനുകൾക്കും ക്യാമ്പസ് യൂനിയനുകൾക്കും എതിരായ ശക്തമായ നിലപാട് കൈക്കൊണ്ടത്.

യൂനിവേഴ്‌സിറ്റി- ക്യാമ്പസ് യൂനിയനുകൾ ആവശ്യമില്ലെന്നായിരുന്നു അന്നത്തെ യു ജി സി ചെയർമാന്റെ നിലപാട്. ഇതിനെതിരായി അന്ന് രാജ്യത്താകമാനം വിദ്യാർഥികളെ അണിനിരത്തി ശക്തമായ പ്രക്ഷോഭം സംഘടിപ്പിച്ചതിന്റെ ഫലമായാണ് തെറ്റായ ഈ വിദ്യാർഥിവിരുദ്ധ നിലപാടിൽ നിന്ന് യു ജി സി പിറകോട്ട് പോയത്. ക്യാമ്പസ് യൂനിയനുകളും വിദ്യാർഥി രാഷ്ട്രീയവും നിലനിൽക്കണമെന്ന കേരള ഹൈക്കോടതിയുടെ സുപ്രധാനമായ നിരീക്ഷണം എന്തുകൊണ്ടും രാഷ്ട്രീയ പ്രാധാന്യമുള്ളതാണ്. എന്നാൽ ഈ നിരീക്ഷണത്തിന്റെ രണ്ടാമത്തെ ഭാഗം, അഥവാ ക്യാമ്പസ് രാഷ്ട്രീയം ക്രിയാത്മകവും ശാന്തവും മനുഷ്യത്വപരവുമാകണമെന്ന ഭാഗം അതിനേക്കാളേറെ പ്രസക്തമാണ്. പഠനവും വിദ്യാർഥികളുടെ സ്വാസ്ഥ്യവും തകർക്കുന്ന വിദ്യാർഥി രാഷ്ട്രീയം അങ്ങേയറ്റം പ്രതിലോമകരമാണ്. ആ പ്രവണത മാറുക തന്നെ വേണം.

Latest